ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര-ഹോട്ട്സ്പ്രിങ്‌സ് പ്രദേശത്തുനിന്ന് ഇന്ത്യയും ചൈനയും സെപ്റ്റംബര്‍ 12 നകം സേനാപിന്മാറ്റം പൂര്‍ത്തിയാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇരു സേനകളുടെയും കമാന്‍ഡര്‍ തമ്മില്‍ നടന്ന പതിനാറാം വട്ട ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള ധാരണപ്രകരമാണു തീരുമാനം.
”ഇന്ത്യ, ചൈന സേനാ കമാന്‍ഡര്‍മാര്‍ തമ്മിലുള്ള പതിനാറാം റൗണ്ട് ചര്‍ച്ചകള്‍ ജൂലൈ 17 നു ചുഷുല്‍ മോള്‍ഡോ മീറ്റിങ് പോയിന്റില്‍ നടന്നിരുന്നു. അന്നുമുതല്‍, ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ പടിഞ്ഞാറന്‍ മേഖലയിലെ യഥാര്‍ഥ നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട പ്രസക്തമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകളില്‍ കൈവരിച്ച പുരോഗതിയെക്കുറിച്ച് ഇരുപക്ഷവും പതിവായി ബന്ധം പുലര്‍ത്തിയിരുന്നു,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
”തല്‍ഫലമായി, ഗോഗ്ര-ഹോട്ട് സ്പ്രിങ്‌സ് (പി പി -15) മേഖലയില്‍നിന്നു പിന്മാറുന്നതിന് ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. കരാര്‍ പ്രകാരം, ഈ മേഖലയിലെ സേനാ പിന്മാറ്റം എട്ടിനു രാവിലെ 8.30ന് ആരംഭിച്ചു. സെപ്റ്റംബര്‍ പന്ത്രണ്ടോടെ പൂര്‍ത്തിയാകും.ഘട്ടംഘട്ടമായി ഈ മേഖലയിലെ മുന്നേറ്റ വിന്യാസങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു. ഇത് ഇരുവിഭാഗത്തിന്റെയും സൈന്യം ബന്ധപ്പെട്ട പ്രദേശങ്ങളിലേക്കു മടങ്ങുന്നതിനു കാരണമാകും,” പ്രസ്താവനയില്‍ പറയുന്നു.
ഇരു സൈന്യങ്ങളും തമ്മില്‍ രണ്ടു വര്‍ഷത്തിലേറെയായി സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന ഗോഗ്ര-ഹോട്സ്പ്രിങ്‌സ് പട്രോളിങ പോയിന്റ് 15 ല്‍നിന്നു പിന്മാറാന്‍ തുടങ്ങിയതായി ഇന്ത്യന്‍, ചൈനീസ് സൈന്യങ്ങള്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
”ഇരുവശവും പ്രദേശത്ത് സൃഷ്ടിച്ചിട്ടുള്ള എല്ലാ താല്‍ക്കാലിക നിര്‍മാണങ്ങളും മറ്റു അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും പൊളിച്ചുനീക്കുമെന്നും ഇവ പരസ്പരം പരിശോധിക്കുമെന്നും ധാരണയിലെത്തി. പ്രദേശത്തെ ഇരുവശത്തെയും ഘടന സംഘര്‍ഷാവസ്ഥയ്ക്കു മുമ്പുള്ള കാലഘട്ടത്തിലേക്ക് പുനഃസ്ഥാപിക്കും,” വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്ു മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
മേഖലയിലെ യഥാര്‍ഥ നിയന്ത്രണ രേഖ കര്‍ശനമായി നിരീക്ഷിക്കുകയും ഇരുപക്ഷവും പാലിക്കുകയും ചെയ്യുമെന്നു കരാര്‍ ഉറപ്പുനല്‍കുന്നുവെന്നും നിലവിലെ സ്ഥിതിയില്‍ ഏകപക്ഷീയമായ മാറ്റമുണ്ടാകില്ലെന്നും മന്ത്രാലയം പറഞ്ഞു.