ന്യൂഡൽഹി: ഗൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ശേഷം ആദ്യമായി ഇന്ത്യൻ ചൈനീസ് സൈന്യങ്ങളുടെ കോർപ്സ് കമാൻഡർമാർ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, അതിർത്തിയിൽ നിലവിൽ തർക്കമുള്ള മേഖലകളിൽ നിന്നും ഇരുരാജ്യങ്ങളുടേയും സൈനികരെ പിൻവലിക്കാൻ ധാരണയായതായി റിപ്പോർട്ട്. സൈനിക കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായതെന്നാണ് റിപ്പോർട്ട്. ചുഷുലുൽ അതിർത്തിയിലെ മോൾഡോയിൽ ഇരു സൈനിക കമാൻഡർമാരും തമ്മില്‍ നടന്ന കൂടിക്കാഴ്ച പത്തു മണിക്കൂറോളം നീണ്ടു നിന്നിരുന്നു.

ചർച്ചകൾ ക്രിയാത്മകവും സൗഹാർദ്ദപരവുമായ അന്തരീക്ഷത്തിലാണ് നടന്നതെന്നും ഇരുപക്ഷവും അഭിപ്രായ സമന്വയത്തിലെത്തിയെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. കിഴക്കൻ ലഡാക്കിലെ മുഴുവൻ സംഘർഷമേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്ന കാര്യം ഇരുരാജ്യങ്ങളും ചർച്ച ചെയ്തെന്നും ഇക്കാര്യത്തിൽ പരസ്പരം വിശ്വാസത്തിലെടുത്ത് മുന്നോട്ട് നീങ്ങാൻ ധാരണയായെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

Read More: ഗൽവാൻ ഏറ്റുമുട്ടലിന് ശേഷം ആദ്യമായി ഇന്ത്യൻ ചൈനീസ് കമാൻഡർമാർ കൂടിക്കാഴ്ച നടത്തി

ഇന്ത്യയെ പ്രതിനിധീകരിച്ച് 14 കോർപ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിങ്, ചൈനയ്ക്കു വേണ്ടി സൗത്ത് സിൻജിയാങ് മിലിട്ടറി ഡിസ്ട്രിക്ട് കമാൻഡർ മേജർ ജനറൽ ലിയു ലിൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (എൽ‌എസി) സംഘർഷാവസ്ഥ കുറയ്ക്കുന്നതിനുള്ള മാർഗരേഖ ചർച്ച ചെയ്യുന്നതിനായി രണ്ട് കമാൻഡർമാരും ജൂൺ 6 ന് ആദ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഗൽവാൻ ഏറ്റുമുട്ടലിനു ശേഷം സാഹചര്യങ്ങൾ മാറുകയായിരുന്നു.

16 ബിഹാർ കമാൻഡിങ് ഓഫീസർ കേണൽ ബി.സന്തോഷ് ബാബു ഉൾപ്പെടെ 20 സൈനികരുടെ മരണത്തിനിടയാക്കിയ ഏറ്റുമുട്ടലിനു ശേഷം മേഖലയിൽ വലിയ സംഘർഷാവസ്ഥ നിലനിൽക്കുകയായിരുന്നു. ഗല്‍വാന്‍ താഴ്‌വരയിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് സൈനികരുടെ മരണത്തിലേക്ക് നയിച്ച സംഘർഷങ്ങളുണ്ടായത്. അഞ്ച് പതിറ്റാണ്ടിലധികം നീണ്ട കാലയളവിനിടെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇതാദ്യമായാണ് സ്ഥിതിഗതികൾ ഇത്രയും വഷളാവുന്നത്.

നേരത്തെ ചൈന കമാന്‍ഡര്‍മാരുടെ യോഗത്തിന് ഇന്ത്യയെ ക്ഷണിച്ചിരുന്നെങ്കിലും ഗല്‍വാനില്‍ നേരത്തെയുണ്ടാക്കിയ ധാരണ പാലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗല്‍വാനിലെ പ്രധാന സൈനിക പോസ്റ്റില്‍ നിന്ന് ചൈന കഴിഞ്ഞ ദിവസം അൽപം പിന്നോട്ട് പോയിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ കമാൻഡര്‍ ല്ഫറ്റനന്റ് ജനറല്‍ ഹരീന്ദ്ര സിങ് മോല്‍ഡോയിലേക്ക് എത്തി ചര്‍ച്ചയ്ക്ക് തയ്യാറായത്.

കഴിഞ്ഞ 45 വർഷത്തിനിടെ ഇതാദ്യമായാണ് നിയന്ത്രണ രേഖയിൽ ഇന്ത്യയുടെയോ ചൈനയുടെയോ സൈനികർ കൊല്ലപ്പെടുന്നത്. 1975 ൽ അരുണാചൽ പ്രദേശിൽ ഒരു ഇന്ത്യൻ പട്രോളിങ് സംഘത്തിനു നേർക്ക് നടന്ന ചൈനീസ് ആക്രമണത്തിൽ ആൾനാശമുണ്ടായിരുന്നു. 1967 ൽ സിക്കിമിലെ നാഥു ലയിൽ അക്രമാസക്തമായ ഏറ്റുമുട്ടലിൽ 88 ഇന്ത്യൻ സൈനികരും മുന്നൂറിലധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.

Read in English: India-China border talks: Disengagement modalities discussed, focus on friction points in eastern Ladakh

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook