/indian-express-malayalam/media/media_files/uploads/2018/04/narendra-modi-2.jpg)
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈനീസ് സേനയുടെ അതിർത്തി കടന്നുളള സംഘട്ടനത്തിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തിയിലെ ഇന്ത്യൻ സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിലും പ്രകോപിപ്പിച്ചാൽ ഉചിതമായ മറുപടി നൽകാനുളള കഴിവ് രാജ്യത്തിനുണ്ടെന്നും മോദി പറഞ്ഞു. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ജൂൺ 19 വെളളിയാഴ്ച വൈകീട്ട് 5 നാണ് യോഗം. വിവിധ രാഷ്ട്രീയ പാർട്ടികളുടെ അധ്യക്ഷന്മാർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
In order to discuss the situation in the India-China border areas, Prime Minister @narendramodi has called for an all-party meeting at 5 PM on 19th June. Presidents of various political parties would take part in this virtual meeting.
— PMO India (@PMOIndia) June 17, 2020
ഇന്നലെ സംഘർഷം ഉണ്ടായതിനു പിന്നാലെ രാത്രി വൈകി പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, കരസേനാ മേധാവി എം.എം.നരവനെ എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള യോഗത്തിൽ പങ്കെടുത്തത്. രാജ്‌നാഥ് സിങ് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് വീണ്ടും അദ്ദേഹം സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോടു ചേർന്ന് ഗൽവാനിൽ ചൈനീസ് സേനയുമായുളള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി ഇന്ത്യൻ സേന സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഘട്ടനം. കൊടും തണുപ്പുളള ഗൽവാൻ നദിയിലേക്ക് വീണാണ് ചില സൈനികർ മരിച്ചതെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. മറ്റു ചിലരുടെ മൃതദേഹത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. അതേസമയം, ചൈനീസ് പക്ഷത്തും മരണം സംഭവിച്ചതായാണ് ഇന്ത്യൻ സേന പറയുന്നത്. പക്ഷേ ഇക്കാര്യത്തിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Also: എന്താണ് ഒളിപ്പിക്കുന്നത്? പ്രധാനമന്ത്രിയുടെ മൗനം ചോദ്യം ചെയ്‌ത് രാഹുൽ ഗാന്ധി
1975 ൽ അരുണാചലിലെ തുലുങ് ലായിൽ ചൈനീസ് ആക്രമണത്തിൽ 4 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിനുശേഷം ആദ്യമായാണ് അതിർത്തിയിൽ സൈനികർക്ക് ജീവൻ നഷ്ടമാകുന്നത്. കിഴക്കൻ ലഡാക്കിൽ അതിർത്തിയിലെ സംഘർഷാവസ്ഥയിൽ അയവു വരുത്താൻ സൈനിക, നയതന്ത്ര ചർച്ചകളിലൂടെ ശ്രമം തുടരവേയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. തിങ്കളാഴ്ച രാത്രി ചൈനീസ് സേന അതിർത്തിയിൽനിന്നുളള പിന്മാറ്റ ധാരണ ലംഘിച്ച് മുന്നോട്ടുകയറുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിലാണ് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത്.
ഇന്ത്യയുടെ ഭാഗമായ ഗൽവാൻ താഴ്‌വര പൂർണമായി തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം. 1962 നു ശേഷം അതിർത്തിത്തർക്കങ്ങൾ ഇല്ലാതിരുന്ന ഇവിടം തങ്ങളുടേതാണെന്ന് ചൈനീസ് സേന പറയുന്നത്.
ഇന്ത്യ-ചൈന അതിർത്തിയിൽ ഏപ്രിൽ മുതൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. പാംഗോങ് ട്സോയിലെ മലനിരകളിൽ ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുകയാണ്. പാംഗോങ് ട്സോയിലെ ആധിപത്യമാണ് ചൈനയുടെ യഥാർഥ ലക്ഷ്യമെന്ന് ഇന്ത്യ സംശയിക്കുന്നു. തടാകക്കരയിലെ മലനിരകളിലേക്ക് അതിക്രമിച്ചു കയറിയ ചൈനയുടെ നടപടി അംഗീകരിക്കില്ലെന്നും സൈന്യം പിന്മാറുംവരെ സൈനികരെ ഒഴിവാക്കില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഗൽവാൻ, ഹോട് സ്പ്രിങ്സ്, പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ എന്നിവിടങ്ങളിൽ ഇരുരാജ്യങ്ങളിലെ സേനകളും നിലയുറപ്പിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.