ബെയ്ജിങ്: പാക്കിസ്ഥാന്റെ അനുമതിയോടെ പാക് അധീന കാശ്മീരിലും ഇന്ത്യ പാക് അതിർത്തിയിലും സൈന്യത്തെ വിന്യസിക്കുമെന്ന് ചൈനയുടെ ഭീഷണി വീണ്ടും. ഭൂട്ടാനിലെ ദോക്‌ലാം പീഠഭൂമിയിൽ ഇന്ത്യ സൈന്യത്തെ വിന്യസിച്ചതിനുള്ള പ്രതികരണമാണിത്.

പാക്കിസ്ഥാൻ ആവശ്യപ്പെട്ടാൽ ഇന്ത്യയെ വിഭജിച്ച് മൂന്നാമതൊരു രാജ്യം കൂടിയുണ്ടാക്കാൻ ശ്രമിക്കുമെന്ന് ചൈനയുടെ ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസാണ് റിപ്പോർട്ട് ചെയ്തത്. ഭൂട്ടാന് വേണ്ടിയല്ല, ദോക്‌ലാമിൽ ഇന്ത്യ സൈന്യത്തെ വിന്യസിച്ചതെന്ന് കുറ്റപ്പെടുത്തിയ ചൈന, ഇന്ത്യയ്ക്ക് സ്വന്തം താത്പര്യങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഇന്ത്യ സ്വീകരിച്ചിരിക്കുന്ന യുക്തി, അതേ നിലയ്ക്ക് പാക് അതിർത്തിയിൽ പ്രാവർത്തികമാക്കാൻ ചൈനയ്ക്ക് സാധിക്കും. പാക് അധീന കാശ്മീരിലും ഇന്ത്യയുടെ ഭാഗമായ കാശ്മീരിലും പ്രവേശിക്കാൻ ചൈനയ്ക്ക് സാധിക്കുമെന്ന് ലേഖനത്തിൽ പറയുന്നു.

ഭൂട്ടാനും നേപ്പാളും ഇന്ത്യയുടെ ഭാഗമാക്കാനാണ് ശ്രമമെന്നും ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിന് മുകളിൽ ഇന്ത്യ കൈകടത്തുകയാണെന്നും ചൈന കുറ്റപ്പെടുത്തിയിട്ടുണ്ട്.

സിക്കിം അതിര്‍ത്തിയില്‍ ഭൂട്ടാനും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്ത് ഇന്ത്യ-ചൈന സൈന്യങ്ങള്‍ ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയിരുന്നു. പ്രാചീന കാലംമുതല്‍ ദോക്‌ലാം പീഠഭൂമി ചൈനയുടെ ഭാഗമായിരുന്നെന്നാണ് ഇവരുടെ അവകാശ വാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ