scorecardresearch
Latest News

ലഡാക്ക് സംഘര്‍ഷം: വീരമൃത്യു വരിച്ചത് 20 ഇന്ത്യന്‍ സൈനികര്‍

അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ചൈനയുടെ സൈനികരും കൊല്ലപ്പെട്ടുവെന്ന് ഇന്ത്യന്‍ സൈന്യം

ലഡാക്ക് സംഘര്‍ഷം: വീരമൃത്യു വരിച്ചത് 20 ഇന്ത്യന്‍ സൈനികര്‍

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തിങ്കളാഴ്ച്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ കരസേനയുടെ ഓഫീസറും 19 സൈനികരും കൊല്ലപ്പെട്ടു. ഓഫീസറടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ചൊവ്വാഴ്ച്ച രാവിലെ പുറത്ത് വന്ന വാര്‍ത്ത. ചൊവ്വാഴ്ച്ച രാത്രി വൈകി ഇന്ത്യന്‍ സൈന്യം ഇറക്കിയ പ്രസ്താവനയിലാണ് 17 സൈനികര്‍ കൂടെ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത്.

ഏകദേശം 45 വർഷങ്ങൾക്കുശേഷമാണ് അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതും ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെടുന്നതും. ഗൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിലാണ് ഇന്ത്യൻ സേനാംഗങ്ങൾക്ക് ജീവൻ നഷ്ടമായതെന്ന് ആർമി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തുമായും കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ച 90 മിനിട്ടോളം നീണ്ടു.അദ്ദേഹം സൈനിക, നാവിക, വ്യോമ തലവന്‍മാരുമായും അതിര്‍ത്തിയിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്തു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചു.

നിയന്ത്രണരേഖയ്ക്കുള്ളില്‍ നിന്നു കൊണ്ടാണ് ഇന്ത്യയുടെ എല്ലാ പ്രവര്‍ത്തനങ്ങളുമെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ചൈനയും അപ്രകാരം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയില തല്‍സ്ഥിതിയില്‍ ഏകപക്ഷീയമായി മാറ്റം വരുത്താന്‍ ചൈന ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ജൂണ്‍ 15-ന് രാത്രിയില്‍ സംഘര്‍ഷമുണ്ടായതെന്ന് മന്ത്രാലയം പറഞ്ഞു.

അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈന്യത്തോട് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട ചൈന ഏകപക്ഷീയമായ നടപടികള്‍ സാഹചര്യം വഷളാക്കുമെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പും നല്‍കി.

youth congress
കൊല്ലപ്പെട്ട സൈനികര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

കൊല്ലപ്പെട്ട സൈനികരില്‍ ഒരാള്‍ തമിഴ്‌നാട്ടുകാരനാണ്. കടക്കല്ലൂര്‍ സ്വദേശിയായ പളനിയാണ് കൊല്ലപ്പെട്ടതെന്നും കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ട്വീറ്റ് ചെയ്തു.

പ്രശ്നം പരിഹരിക്കാൻ ഇരു രാജ്യങ്ങളിലെയും അതിർത്തി കമാൻഡർമാർ യോഗം ചേര്‍ന്നതായി ചൊവ്വാഴ്ച്ച രാവിലെ സൈന്യം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഘര്‍ഷത്തില്‍ ചൈനയുടെ സൈനികരും കൊല്ലപ്പെട്ടുവന്ന് സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ചൈനയുടെ എത്ര സൈനികര്‍ കൊല്ലപ്പെട്ടുവെന്ന വിവരം സൈന്യം പുറത്ത് വിട്ടിട്ടില്ല.

ഗല്‍വാനിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് ഇരുസൈന്യത്തിന്റേയും ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തി. സംഘര്‍ഷ സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം ചേരണമെന്ന് ചൈനയാണ് ആവശ്യപ്പെട്ടതെന്ന് ഇന്ത്യന്‍ സൈന്യം പറഞ്ഞു. രാവിലെ 7.30 ഓടെ ആരംഭിച്ച യോഗം ഉച്ചവരെ നീണ്ടു.

അതേസമയം, ഗല്‍വാന്‍ താഴ്വരയിലെ സംഭവം ഞെട്ടിക്കുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളോട് സംഭവത്തെ കുറിച്ച് വിശദീകരിക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഇന്ത്യന്‍ സൈനിക ഓഫീസറുടേയും സൈനികരുടേയും മരണം അംഗീകരിക്കാന്‍ ആകില്ലെന്നും സംഭവം ഗൗരവമായ ദേശീയ ആശങ്കയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. രാഷ്ട്രത്തെ വിശ്വാസത്തിലെടുക്കണമെന്നും സര്‍വകകക്ഷി യോഗം വിളിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥ അവസ്ഥ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ ഇരുസര്‍ക്കാരുകളും ഉന്നതതല യോഗം നടത്തണമെന്നും സിപിഐഎം പറഞ്ഞു.

Read More: ചൈന ആക്രമണകാരിയാകാന്‍ കാരണമെന്താണ്‌?

ഇന്ത്യ-ചൈന അതിർത്തിയിൽ ഏപ്രിൽ മുതൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. പാംഗോങ് ട്സോയിലെ മലനിരകളിൽ ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുകയാണ്. പാംഗോങ് ട്സോയിലെ ആധിപത്യമാണ് ചൈനയുടെ യഥാർഥ ലക്ഷ്യമെന്ന് ഇന്ത്യ സംശയിക്കുന്നു. തടാകക്കരയിലെ മലനിരകളിലേക്ക് അതിക്രമിച്ചു കയറിയ ചൈനയുടെ നടപടി അംഗീകരിക്കില്ലെന്നും സൈന്യം പിന്മാറുംവരെ സൈനികരെ ഒഴിവാക്കില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.

അതിർത്തി തർക്കം പരിഹരിക്കാൻ ഇരുരാജ്യങ്ങളിലെയും ബ്രിഗേഡിയർ, കേണൽ തലത്തിൽ ചർച്ചകൾ ഇന്നലെയും നടന്നിരുന്നു. യഥാർഥ നിയന്ത്രണ രേഖയിലുളള (എൽഎസി) ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ നിന്നുള്ള പിന്മാറ്റം ഇന്നലെ ചർച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് അതിർത്തിൽ സംഘർഷം രൂക്ഷമായിരിക്കുന്നത്.

 

Read in English: One officer, two soldiers dead in violent faceoff on China border

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India china border disputed one officer two soldiers dead