scorecardresearch

പ്രകോപനം സൃഷ്ടിച്ചിട്ട് ചൈന തെറ്റിദ്ധരിപ്പിക്കുന്നു; വെടിവയ്പ് ആരോപണം തള്ളി ഇന്ത്യ

ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചതായും അതിര്‍ത്തിയുടെ പടിഞ്ഞാറന്‍ ഭാഗമായ ബാങോങ് ഹുനാനിലേക്ക് പ്രവേശിച്ചതായും പിഎല്‍എ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് വക്താവ് കേണല്‍ സാങ് ഷുയിലിയാണ് ആരോപിച്ചത്

ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചതായും അതിര്‍ത്തിയുടെ പടിഞ്ഞാറന്‍ ഭാഗമായ ബാങോങ് ഹുനാനിലേക്ക് പ്രവേശിച്ചതായും പിഎല്‍എ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് വക്താവ് കേണല്‍ സാങ് ഷുയിലിയാണ് ആരോപിച്ചത്

author-image
WebDesk
New Update
india china, india china ladakh standoff, india china border crisis, india china lac, indian express

ന്യൂഡല്‍ഹി: നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം വെടിവയ്പ് നടത്തിയെന്ന ചൈനയുടെ ആരോപണം തള്ളി ഇന്ത്യ. യഥാര്‍ഥ നിയന്ത്രണ രേഖ ലംഘിക്കുകയോ വെടിയുതിര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും പ്രകോപനമുണ്ടാക്കിയത് ചൈനീസ് സൈന്യമാണെന്നും ഇന്ത്യ വ്യക്തമാക്കി.

Advertisment

ലഡാക്കിലെ പാങ്കോങ് സോയില്‍ ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ചുവെന്നും സൈന്യം വെടിയുതിര്‍ത്തുവെന്നായിരുന്നു ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആരോപണം. എന്നാല്‍, തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പിഎല്‍എയുടേതെന്നു കരസേന വ്യക്തമാക്കി. ഒരു ഘട്ടത്തിലും യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍എസി) ലംഘിക്കുകയോ വെടിവയ്പ് ഉള്‍പ്പെടെയുള്ള ആക്രമണാത്മക മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയോ ചെയ്തിട്ടിലെന്ന് കരസേന വക്താവ് കേണല്‍ അമന്‍ ആനന്ദ് അറിയിച്ചു.

''സൈനിക, നയതന്ത്ര, രാഷ്ട്രീയ തലങ്ങളില്‍ ഇടപെടല്‍ പുരോഗമിച്ചുകൊണ്ടിരിക്കെ, പിഎല്‍എയാണു കരാറുകള്‍ നഗ്‌നമായി ലംഘിക്കുകയും ആക്രമണാത്മക കടന്നുകയറ്റം നടത്തുകയും ചെയ്തത്. നിയന്ത്രണരേഖയ്ക്കു സമീപത്തെ നമ്മുടെ സ്ഥാനത്തേക്കു കടക്കാനായിരുന്നു പിഎല്‍എയുടെ ശ്രമം. ഇതിനുകഴിയാതെ വന്നപ്പോള്‍ ഇന്ത്യന്‍ സൈനികരെ വിരട്ടനായി ഏതാനും റൗണ്ട് വായുവില്‍ വെടിവച്ചു. ഗുരുതരമായ പ്രകോപനമുണ്ടായിട്ടും ഇന്ത്യന്‍ സൈനികര്‍ വലിയ സംയമനം പാലിക്കുകയും പക്വതയോടും ഉത്തരവാദിത്തത്തോടും കൂടി പെരുമാറുകയും ചെയ്തു,''കരസേന വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

Read Also: ആരുടെ ഭീരുത്വം കാരണമാണ് നമ്മുടെ മണ്ണ് ചെെന സ്വന്തമാക്കിയത്: രാഹുൽ ഗാന്ധി

Advertisment

സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ ഇന്ത്യന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണെങ്കിലും ദേശീയ അഖണ്ഡതയും പരമാധികാരവും എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും കരസേന വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

ഏതാനും ദിവസം മുന്‍പ് ചൈനീസ് കടന്നുകയറ്റം പ്രതിരോധിച്ച ഇന്ത്യന്‍ സൈന്യം പാംഗോങ് സോയുടെ തെക്ക് കരയിലെയും റെച്ചിന്‍ ലായിലെയും തന്ത്രപ്രധാനമായ ഉയരങ്ങള്‍ നിയന്ത്രണത്തിലാക്കിയിരുന്നു. ഇതിനുപിന്നാലെയാണു പിഎല്‍എയുടെ പ്രസ്താവന വന്നത്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചതായും അതിര്‍ത്തിയുടെ പടിഞ്ഞാറന്‍ ഭാഗമായ ബാങോങ് ഹുനാനിലേക്ക് പ്രവേശിച്ചതായും പിഎല്‍എ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് വക്താവ് കേണല്‍ സാങ് ഷുയിലിയാണ് ആരോപിച്ചത്. ''ഇന്ത്യയുടെ പ്രവൃത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രസക്തമായ കരാറുകളും കരാറുകളുടെ ഗുരുതരമായി ലംഘനമാണ്. ഇത് സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും തെറ്റിദ്ധാരണകള്‍ക്കും എളുപ്പത്തില്‍ കാരണമായി,'' വക്താവ് പറഞ്ഞു.

അതേസമയം, യഥാര്‍ഥ നിയന്ത്രണ രേഖയിലെ സ്ഥിതി വളരെ ഗൗരവമുള്ളതാണെന്നും ഇരുപക്ഷവും തമ്മില്‍ വളരെ ആഴത്തിലുള്ള സംഭാഷണങ്ങള്‍ നടത്തണമെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന്റെ അവസ്ഥയില്‍ നിന്ന് അതിര്‍ത്തിയുടെ അവസ്ഥയെ വേര്‍തിരിക്കാനാവില്ലെന്നും അദ്ദേഹം തിങ്കളാഴ്ച എക്‌സ്പ്രസ് അഡ്ഡയില്‍ പറഞ്ഞു.

ഷാങ്ഹായ് സഹകരണ സംഘടന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ജയ്ശങ്കര്‍ ഈ ആഴ്ച മോസ്‌കോയിലെത്തുന്ന ജയ്ശങ്കര്‍ ചൈനയുടെ വിദേശകാര്യമന്ത്രിയും സ്റ്റേറ്റ് കൗണ്‍സിലറുമായ വാങ് യിയുമായി അതിര്‍ത്തി വിഷയത്തില്‍ ചര്‍ച്ച നടത്തിയേക്കും.

അതിര്‍ത്തിപ്രശ്‌നം രൂക്ഷമാകുന്നതിനിടെ ചൈനയ്ക്കു മുന്നറിയിപ്പായി ഇന്ത്യയുടെ പ്രത്യേക അതിര്‍ത്തി സേന (എസ്എഫ്എഫ്)യിലെ സുബേദാര്‍ നൈമ ടെന്‍സിന്റെ ലേയില്‍ നടന്ന സംസ്‌കാരച്ചടങ്ങില്‍ ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പങ്കെടുത്തിരുന്നു. ഓഗസ്റ്റ് 30 ന് പാംഗോങ് സോയുടെ തെക്കേ തീരത്തിനു സമീപം കുഴിബോംബ് സ്‌ഫോടനത്തിലാണ് നൈമ കൊല്ലപ്പെട്ടത്. എസ്എഫ്എഫിന്റെ വികാസ് റെജിമെന്റുകളിലെ ഭൂരിഭാഗം പേരും ഇന്ത്യയിലെ ടിബറ്റുകാരാണ്.

Indo China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: