ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ 17 മാസം നീണ്ടുനിന്ന സംഘർഷത്തിന് പരിഹാരം കാണുന്നതിനുള്ള ഇന്ത്യ-ചൈന കോർപ്സ് കമാൻഡർ തല പതിമൂന്നാം ഘട്ട ചർച്ച പരാജയം. സാഹചര്യത്തെക്കുറിച്ച് പരസ്പരം കുറ്റപ്പെടുത്തി ഇരുവിഭാഗവും ഇന്ന് പ്രസ്താവനകൾ ഇറക്കി. നിലവിലെ സ്ഥിതി മാറ്റാനുള്ള ചൈനയുടെ ഏകപക്ഷീയ ശ്രമങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് ഇന്ത്യ പറഞ്ഞു.
ചുഷുൽ-മോൾഡോ ബോർഡർ പേഴ്സണൽ മീറ്റിങ് (ബിപിഎം) പോയിന്റിൽ ചൈനീസ് ഭാഗത്ത് ഇന്നലെ രാവിലെ പത്തരയ്ക്കാണ് ചർച്ച നടന്നത്. പതിനാലാം കോർപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ പിജികെ മേനോന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സൗത്ത് സിൻജിയാങ് മിലിട്ടറി ഡിസ്ട്രിക്റ്റിന്റെ കമാൻഡർ മേജർ ജനറൽ ലിയു ലിൻ നയിച്ച ചൈനയുടെ പ്രതിനിധി സംഘവുമായാണ് ചർച്ച നടത്തിയത്.
പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ ഒന്നും ചൈന അംഗീകരിച്ചില്ലെന്നും നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞേക്കില്ലെന്നും കരസേനയുടെ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്തത് ഇന്ത്യ കാരണമാണെന്നാണ് ചൈന പറയുന്നത്. യാഥാർഥ്യത്തിന് നിരക്കാത്ത ആവശ്യങ്ങളാണ് ഇന്ത്യ മുന്നോട്ട് വച്ചതെന്ന് ആരോപിച്ചു.
Also Read: ഹിന്ദുക്കൾ വിവാഹത്തിനായി മതം മാറുന്നത് തെറ്റ്: മോഹൻ ഭാഗവത്
“ചൈനീസ് പക്ഷം അതിർത്തിയിലെ സാഹചര്യങ്ങൾ ലഘൂകരിക്കാനും ശാന്തമാക്കാനും ശ്രമിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഉഭയകക്ഷി സൈനിക ബന്ധങ്ങളുടെ മൊത്തത്തിലുള്ള താൽപര്യങ്ങൾ നിലനിർത്താനുള്ള ആത്മാർത്ഥത പൂർണ്ണമായി പ്രകടമാക്കുകയും ചെയ്‌തെന്ന്” ചൈനീസ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
ഹോട്സ്പ്രിങ്, ദേപ്സാങ് മേഖലകളിലെ സൈനിക പിന്മാറ്റത്തിൽ ഊന്നിയായിരുന്നു ചർച്ച. ഇത് പരാജയപ്പെട്ടെങ്കിലും തൽസ്ഥിതി തുടരാനും തുടർ ചർച്ചകളുമായി മുന്നോട്ട് പോകാനുമാണ് ഇരുപക്ഷത്തിന്റെയും തീരുമാനം.