ന്യൂഡല്‍ഹി: ഇന്ത്യ 76-ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.
ഐതിഹാസിക ദിനമെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യം പുതിയ ദിശയിലേക്ക് നിങ്ങാനുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ച അദ്ദേഹം ഗാന്ധിജിക്കും ബി ആര് അബ്ദേക്കര്ക്കുമൊപ്പം വി ഡി സവര്‍ക്കറുടെ പേരും എടുത്ത് പറഞ്ഞു.
സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ഭാഗമായ സ്ത്രീകളെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. റാണി ലക്ഷ്മിഭായി, ഝൽകാരി ബായി, ചെന്നമ്മ, ബേഗൺ ഹസ്രത്ത് മഹാ എന്നിങ്ങനെ ഇന്ത്യയിലെ സ്ത്രീകളുടെ ശക്തിയെ ഓർക്കുമ്പോൾ ഓരോരുത്തര്‍ക്കും അഭിമാനമാണെന്നായിരുന്നു മോദിയുടെ വാക്കുകള്‍.
ഇന്ത്യയുടെ ശക്തി വൈവിധ്യത്തിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്, അത് വലിയ ശക്തികളെ പോലും അലോസരപ്പെടുത്തും,” മോദി കൂട്ടിച്ചേർത്തു.
“സ്വാതന്ത്ര്യം നേടിയതിന് ശേഷമുണ്ടായ വെല്ലുവിളികളെ ഇന്ത്യയിലെ ജനങ്ങളുടെ ആവേശത്തെ തടസപ്പെടുത്താന്‍ കഴിഞ്ഞില്ല. ഈ മണ്ണിനൊരു ശക്തിയുണ്ട്. നിരവധി പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യ മുന്നേറി, തലകുനിക്കാതെ മുന്നേറിക്കൊണ്ടിരുന്നു,” അദ്ദേഹം പറഞ്ഞു.
“അഭിലാഷങ്ങള്‍ ഉള്ള സമൂഹമാണ് ഇന്ത്യയുടേത്. കൂട്ടായ പരിശ്രമത്തിലാണ് മാറ്റങ്ങല് ഉണ്ടാകുന്നത്. ഇന്ത്യയിലെ ജനങ്ങൾ പോസിറ്റീവ് മാറ്റങ്ങൾ ആഗ്രഹിക്കുന്നു, ഒപ്പം അവയ്ക്ക് സംഭാവന നൽകാനും ആഗ്രഹിക്കുന്നു. ഓരോ സർക്കാരും ഈ സമൂഹത്തെ അഭിസംബോധന ചെയ്യണം,” മോദി പറഞ്ഞു. കോളനിവത്കരണത്തിന്റെ അവശിഷ്ടങ്ങള്‍ തുടച്ചു മാറ്റണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
നാനാത്വത്തിൽ ഏകത്വം ഉറപ്പാക്കുന്നതിനൊപ്പം പൗരന്മാര് അവരുടെ കടമകൾ നിർവഹിക്കണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയുടെ ഏകത്വം നാനാത്വത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു. ഈ ഐക്യം ഉറപ്പാക്കാൻ ലിംഗസമത്വം ഉറപ്പാക്കണം, പെൺമക്കളെയും മക്കളെയും തുല്യമായി കണ്ടാല്‍ മാത്രം ഐക്യം ഉണ്ടാകില്ല. മേലെ-താഴെ എന്ന മനോഭാവത്തില്‍ നിന്ന് രക്ഷനേടാന്‍ നമുക്ക് കഴിയുമെന്നാണ് എന്റെ പ്രതീക്ഷയെന്നും മോദി.
വിവിധ മേഖലകളില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ധിക്കുന്നതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അടുത്ത 25 വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ സ്ത്രീകളുടെ വലിയ സംഭാവന താന്‍ കാണുന്നുവെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
രാജ്യത്തുള്ള അഴിമതിയെ തള്ളിപ്പറയാനും പ്രധാനമന്ത്രി മടിച്ചില്ല. ഇന്ത്യയുടെ അടിത്തറ ഇല്ലാതാക്കുന്നത് അഴിമതിയാണെന്നും അതിനെതിരെ എനിക്ക് പോരാടണമെന്നും അദ്ദേഹം പറഞ്ഞു. 130 കോടി ജനങ്ങള്‍ അതിനായി എന്നെ സഹായിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
“അഴിമതി നടത്തി ജയിലില്‍ അടയ്ക്കപ്പെട്ടവരെ ഒരു കൂട്ടം പേര് മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നു. അഴിമതിയോടും അഴിമതിക്കാരോടും വെറുപ്പിന്റെ മനോഭാവം ഉറപ്പാക്കണം,” അദ്ദേഹം വ്യക്തമാക്കി.
കുടുംബ രാഷ്ട്രീയത്തിനെതിരെയും പ്രധാനമന്ത്രി വിമര്‍ശനം ഉയര്‍ത്തി ആഞ്ഞടിച്ചത്. കുടുംബ രാഷ്ട്രീയം ഇന്ത്യയ്ക്ക് വെല്ലുവിളിയാണെന്ന് പറഞ്ഞ അദ്ദേഹം അതിനെതിരെ പോരാടാൻ പൗരന്മാരോട് ആഹ്വാനം ചെയ്തു.
രാവിലെ 7.20 ഓടെ ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിക്ക് വ്യോമസേന ഗ്വാര്‍ഡ് ഓഫ് ഓണര്‍ നല്കി. പ്രതിരോധമന്ത്രി രാജ് നാഥ് സിങ് ദേശീയ പതാക ഉയര്‍ത്തുന്നതിനായി പ്രധാനമന്ത്രിയെ ആനയിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി.
പിന്നാലെ മി 17 ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. ഇന്ത്യ തദ്ദേശീയമായി നിർമിച്ച പീരങ്കിയാണ് 21 ആചാരവെടി മുഴക്കുക.