ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ അന്തിമ പട്ടിക പുറത്തിറക്കാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ജൂലൈ 31 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഇത് നീട്ടികിട്ടണമെന്നാണ് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരും അസം സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടിരിക്കുന്നത്. അയോഗ്യരായവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെന്നും ഇവരെ ഒഴിവാക്കി പട്ടിക പുനഃക്രമീകരിക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യം.
അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കും. ഇന്ത്യയ്ക്ക് ലോകത്തിന്റെ അഭയാര്‍ഥി തലസ്ഥാനമാകാൻ സാധിക്കില്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. തെറ്റായ കാര്യങ്ങള്‍ നീക്കിയും ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയും പട്ടിക വീണ്ടും തയ്യാറാക്കണമെന്ന് കേന്ദ്രം പറഞ്ഞു.
ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ലക്ഷക്കണക്കിന് ആളുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെ ഒഴിവാക്കേണ്ടതുണ്ടെന്നും കേന്ദ്രം അറിയിച്ചു. അന്തിമ പട്ടിക പുറത്തിറക്കാന്‍ ഒരു മാസം കൂടി അധികം വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
Read Also: എല്ലാ അനധികൃത കുടിയേറ്റക്കാരെയും കണ്ടെത്തി നാടുകടത്തും: അമിത് ഷാ
രാജ്യത്തിലെ എല്ലാ അനധികൃത കുടിയേറ്റക്കാരേയും കണ്ടെത്തി നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രാജ്യസഭയിൽ പറഞ്ഞിരുന്നു. സമാജ്‌വാദി പാര്‍ട്ടി നേതാവ് ജാവേദ് അലി ഖാന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഷാ. ”അത് വളരെ നല്ലൊരു ചോദ്യമാണ്. എന്‍ആര്‍സി ബിജെപിയുടെ തിരഞ്ഞെടുപ്പ് പത്രികയിലുണ്ടായിരുന്നതാണ്. രാജ്യത്തിന്റെ ഓരോ കോണിലുമുള്ള അനധികൃത കുടിയേറ്റക്കാരെ സര്‍ക്കാര്‍ കണ്ടെത്തും. അവരെ രാജ്യാന്തര നിയമമനുസരിച്ച് നാട് കടത്തും” അമിത് ഷാ പറഞ്ഞു.
പട്ടികയില്‍ നിന്നും അര്‍ഹതപ്പെട്ട നിരവധി പേരുടെ പേരുകള്‍ ഒഴിവാക്കപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയോട് സമയം നീട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞിരുന്നു.