വാഷിങ്ടൺ: പാക്കിസ്ഥാൻ വിഷയത്തിൽ അമേരിക്കയെ സഹായിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസിഡർ നിക്കി ഹാലെ. അഫ്ഗാനിസ്ഥാനിലെയും തെക്കേ ഏഷ്യയിലെയും ഭീകരവാദത്തിനെതിരെ പോരാടാൻ പുതിയ നയം അടുത്തിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തിറക്കിയിരുന്നു. ഇന്ത്യയുമായുളള തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കുകയാണ് ഇതിലെ സുപ്രധാന നയങ്ങളിൽ ഒന്നെന്നും നിക്കി പറഞ്ഞു.

യുഎസിനും മറ്റു ലോക രാജ്യങ്ങൾക്കും ഭീഷണി ഉയർത്തി അഫ്ഗാനിലും തെക്കേ ഏഷ്യയിലും ഭീകരർക്ക് ലഭിക്കുന്ന സുരക്ഷിതമായ താവളം ഇല്ലാതാക്കുകയാണ് യുഎസിന്റെ പ്രഥമ പരിഗണന. ഭീകരരുടെ കൈയ്യിൽ ആണവായുധങ്ങൾ എത്തുന്നതും തടയണം. യുഎസിന്റെ ദേശീയ ശക്തിയും സാമ്പത്തിക നയതന്ത്രവും സൈനിക ശക്തിയും ഈ ലക്ഷ്യം നേടിയെടുക്കുന്നതിനായി ഉപയോഗിക്കുമെന്നും നിക്കി പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഭീകരർക്ക് അഭയം നൽകുന്ന പാക്കിസ്ഥാനെതിരെ ശക്തമായ നടപടിയാണ് ട്രംപ് എടുക്കുന്നതെന്ന് യുഎസ് ഇന്ത്യ ഫ്രണ്ട്സ്ഷിപ് കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ നിക്കി പറഞ്ഞു. പാക്കിസ്ഥാൻ അമേരിക്കയുടെ പങ്കാളിയാണ്. അതിനെ ഞങ്ങൾ വിലമതിക്കുകയും ആദരിക്കുകയും ചെയ്യുന്നു. എന്നാൽ അമേരിക്കയെ ലക്ഷ്യമിട്ട് ഭീകരർക്ക് അഭയം നൽകുന്നത് ഇപ്പോഴത്ത സർക്കാരാണെങ്കിലും മറ്റേതു സർക്കാരാണെങ്കിലും ഞങ്ങൾ അനുവദിക്കില്ല.

യുഎസിനെക്കാളും അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ഇന്ത്യയാണ് കൂടുതൽ സഹായങ്ങൾ നൽകുന്നത്. അഫ്ഗാസിന്ഥാന്റെ സ്ഥിരതയ്ക്കും ഇന്ത്യ ഇതിനോടകം നിരവധി സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇനിയും അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ സഹായം യുഎസിന് ആവശ്യമാണ്. അതുപോലെതന്നെ പാക്കിസ്ഥാന്റെ കാര്യത്തിലും യുഎസിനെ സഹായിക്കാൻ ഇന്ത്യയ്ക്കാവുമെന്ന് നിക്കി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook