ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ ഏഴ്  മുതൽ എട്ട്  ശതമാനം വരെ സാന്പത്തിക വളർച്ച നേടാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി. ആഗോള സന്പദ് വ്യവസ്ഥ അനുകൂലമായാൽ ഈ വളർച്ച നിരക്ക് എട്ട് ശതമാനത്തിനും മുകളിലേക്ക് പോകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ജൂലായ് ഒന്ന്  മുതൽ ജി എസ് ടി നടപ്പിലാക്കുന്നത് ശുഭപ്രതീക്ഷയോടെയാണ് കേന്ദ്രസർക്കാർ കാണുന്നതെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. “ഇന്ത്യയ്ക്ക് ഏഴ് മുതൽ എട്ട് ശതമാനം വരെ വളർച്ച നേടാൻ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ആഗോള തലത്തിൽ സമ്പദ് വ്യവസ്ഥ കൂടുതൽ ശക്തിയാർജിച്ചാൽ വളർച്ച ഇതിലും ഉയരും” എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകൾ.

കോമൺവെൽത്ത് രാജ്യങ്ങളിലെയും ഒമ്പത് ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയിലെയും ഓഡിറ്റർ ജനറൽമാരുടെ ഇരുപത്തിമൂന്നാമത് സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2016-17 സാന്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഏഴ്  ശതമാനം വർദ്ധനവ് ഉണ്ടായിരുന്നു. ഈ വർഷം കാർഷിക രംഗത്ത് 4.5 ശതമാനം വളർച്ച ഉണ്ടാകുമെന്നാണ് കരുതുന്നത്. ജിഎസ്‌ടി യുടെ വരവോടെ ലോകത്തെ ഏറ്റവും സങ്കീർണ്ണമായ നികുതി വ്യവസ്ഥ ഏറ്റവും ലളിതമായ നികുതി വ്യവസ്ഥയിലൂടെ മാറ്റപ്പെടുമെന്ന് അരുൺ ജയ്റ്റ്ലി പറഞ്ഞു.

“ജൂലൈ ഒന്നിന് ജിഎസ്‌ടി നടപ്പിലാക്കുന്നതോടെ ഇന്ത്യയിലെ നികുതി വരുമാനത്തിൽ വർദ്ധനവുണ്ടാകും. അതേസമയം നികുതിക്ക് മുകളിൽ നികുതി ചുമത്തുന്ന പഴയ രീതി ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല. അതുകൊണ്ട് ഉൽപ്പന്നങ്ങൾക്ക് പൊതുവിപണിയിൽ വില കുറയുകയും ചെയ്യും” അദ്ദേഹം വ്യക്തമാക്കി. അതേസമയം തിങ്കളാഴ്ച ജിഎസ്‌ടി യുമായി ബന്ധപ്പെട്ട നാല് ധനകാര്യ ബില്ലുകൾ പാർലമെന്റ് പാസാക്കിയിരുന്നു.

“നമുക്കാണ് ലോകത്ത് ഏറ്റവും സങ്കീർണ്ണമായ നികുതി സമ്പ്രദായം ഉള്ളത്. ജിഎസ്‌ടി നിലവിൽ വന്നുകഴിഞ്ഞാൽ അതോടെ ലോകത്തെ ഏറ്റവും ലളിതമായ നികുതി വ്യവസ്ഥ ഇതായി മാറും. ഇതിനുള്ള നിയമങ്ങളെല്ലാം പാർലമെന്റിന്റെ പരിഗണനയിലാണ്.” ജയ്റ്റ്ലി വ്യക്തമാക്കി.

ജിഎസ്‌ടി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ രണ്ട് ശതമാനം വരെ വളർച്ച നേടുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ. മാർച്ച് 31 ന് ചേരുന്ന ജിഎസ്‌ടി കൗൺസിൽ പുതിയ നികുതി നിരക്കുകൾ സംബന്ധിച്ച നിയമങ്ങൾ ചർച്ച ചെയ്യും. നാല് നികുതി സ്ലാബുകളാണ് ജിഎസ്‌ടി കൗൺസിൽ കഴിഞ്ഞ വർഷം അംഗീകരിച്ചത്. ഇതിൽ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയായിരുന്നു നികുതി നിർദ്ദേശം. ഭക്ഷ്യധാന്യങ്ങളടക്കമുള്ള ചില ഉൽപ്പന്നങ്ങൾക്ക് നികുതി മുഴുവനായും ഒഴിവാക്കാനുള്ള ശുപാർശയും ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ