ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ അര്‍ദ്ധചാലക(സെമികണ്‍ഡെക്ടര്‍)നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് എക്സ്പ്രസ് അദ്ദയില്‍ പറഞ്ഞു. കേന്ദ്രം അനുകൂല സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതോടെ ഉത്പാദന ചെലവ് കുറയുമെന്നും അദ്ദേഹം പറഞ്ഞു. 2021 ഡിസംബറില്‍, ഫാബ്രിക്കേഷന്‍ പ്ലാന്റിനൊപ്പം 10 ബില്യണ്‍ ഡോളറിന്റെ അര്‍ദ്ധചാലക നിര്‍മ്മാണ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് ഗോയങ്ക, ദി ഇന്ത്യന്‍ എക്സ്പ്രസിന്റെ നാഷണല്‍ ബിസിനസ് എഡിറ്റര്‍ അനില്‍ ശശി എന്നിവരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. അര്‍ദ്ധചാലക നിര്‍മ്മാണത്തെയും അതുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയെയും വളരെ സങ്കീര്‍ണ്ണമായത് എന്നാണ് അശ്വനി വൈഷ്ണവ് വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ അര്‍ദ്ധചാലക നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനും ചില വെല്ലുവിളികള്‍ പരിഹരിക്കേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു.
വന്ദേ ഭാരത് പദ്ധിതിയെ കുറിച്ചും റെയില്‍വെ മന്ത്രി പറഞ്ഞു. 2024 മാര്‍ച്ചോടെ 500 കി.മീ. അധികം സഞ്ചരിക്കുന്ന വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ പതിപ്പ് പുറത്തിറക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ആശയം ഇതാണ് – 100 കിലോമീറ്റര്‍ വരെയുള്ള ദൂരത്തേക്ക്, ഞങ്ങള്‍ വന്ദേ മെട്രോ എന്ന പേരില്‍ ഒരു ട്രെയിന്‍ വികസിപ്പിക്കുന്നു… 100-500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കായി, ഞങ്ങള്‍ വന്ദേ ഭാരത് ചെയര്‍ കാര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്… 500 കിലോമീറ്ററിനപ്പുറം ഒരു വന്ദേ സ്ലീപ്പര്‍ വികസിപ്പിക്കും. സ്ലീപ്പറും മെട്രോയും ഇപ്പോള്‍ രൂപകല്‍പന ഘട്ടത്തിലാണ്. മെട്രോ ജനുവരിയിലും സ്ലീപ്പര്‍ അടുത്ത വര്‍ഷം മാര്‍ച്ചിലും എത്തും, ”അദ്ദേഹം പറഞ്ഞു.
പഴയവ നവീകരിക്കുമ്പോഴും റെയില്‍വേ മന്ത്രാലയവും റെക്കോര്‍ഡ് വേഗത്തിലാണ് പുതിയ റെയില്‍വേ ട്രാക്കുകള്‍ നിര്‍മിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ”കഴിഞ്ഞ വര്‍ഷം, ഞങ്ങള്‍ ഏകദേശം 5,200 കിലോമീറ്റര്‍ റെയില്‍ ട്രാക്കുകള്‍ കൊണ്ടുവന്നു, എല്ലാ ദിവസവും 14 കിലോമീറ്റര്‍ പുതിയ ട്രാക്കുകള്‍ നിര്‍മ്മിച്ചു. പത്ത് വര്‍ഷം മുമ്പ്, ഇത് ഒരു ദിവസം മൂന്ന്-നാല് കിലോമീറ്റര്‍ ആയിരുന്നു… പഴയ ട്രാക്കുകളുടെ പുതുക്കല്‍, ഞങ്ങള്‍ അവയെ ഒന്നിലധികം രീതിയില്‍ നവീകരിക്കുന്നു, അത് ഓരോ വര്‍ഷവും 8,000 കിലോമീറ്ററാണ്,’ അദ്ദേഹം പറഞ്ഞു.
പുതിയ ട്രാക്കുകളും നവീകരിക്കുന്നവയും ട്രെയിനുകള്‍ക്ക് കൂടുതല്‍ വേഗത കൈവരിക്കാന്‍ സാധിക്കും. പഴയ ട്രാക്കുകള്‍ മണിക്കൂറില്‍ 70-80 കി.മീ വേഗതയ്ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്നു, എന്നാല്‍ ഞങ്ങള്‍ ഇപ്പോള്‍ നവീകരിക്കുന്ന മിക്ക ട്രാക്കുകളും മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും, അവയില്‍ പ്രധാന ഭാഗത്തിന് ഓരോ മണിക്കൂറിലും 160 കിലോമീറ്ററിലധികം വേഗത കൈവരിക്കാന്‍ കഴിയുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.