ന്യൂഡൽഹി: ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിക്കിടെ പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്ന നിലപാടിൽ നിന്ന് ഇന്ത്യ പിന്മാറി. ഭീകരതയും ചർച്ചയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിർത്തിയിൽ ജവാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയതും ജമ്മുകാശ്മീരിൽ മൂന്ന് പൊലീസുകാരെ ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതും കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം. ഈ സംഭവങ്ങളിലൂടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ യഥാർത്ഥ മുഖം വെളിവായതായി ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യ-പാക് പ്രശ്ന പരിഹാരത്തിന് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ കത്തിന് ഇന്ത്യ ആദ്യം അനൂകൂലമായാണ് പ്രതികരിച്ചിരുന്നത്. ന്യൂയോര്‍ക്കില്‍ അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്ര സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയും കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഇരുരാജ്യങ്ങൾക്കുമിടയിലുള്ള മഞ്ഞുരുകാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് മോദിക്ക് അയച്ച കത്തിൽ ഇമ്രാൻ ഖാന് അറിയിച്ചിരുന്നു. കശ്മീര്‍ അടക്കമുളള വിഷയങ്ങളില്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ ജനങ്ങള്‍ക്ക് വേണ്ടി രാജ്യങ്ങള്‍ പരിഹാരം കാണണമെന്ന് അദ്ദേഹം അറിയിച്ചു.
‘ഇരു രാജ്യങ്ങളും തമ്മിലുളള പ്രശ്നം ജനങ്ങള്‍ക്ക് വേണ്ടി പരിഹരിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രത്യേകിച്ച് വരാന്‍ പോകുന്ന തലമുറയ്ക്ക് വേണ്ടി പ്രശ്നങ്ങള്‍ പരിഹരിക്കണം. ഇരുരാജ്യങ്ങള്‍ക്കും ഗുണം മാത്രം ഉണ്ടാവുന്ന രീതിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാം’, സെപ്റ്റംബര്‍ 14ന് ഇമ്രാന് അയച്ച കത്തില്‍ പറയുന്നു.