ന്യൂഡല്‍ഹി: മിസൈൽ ഉൾപ്പെടെയുള്ള ആയുധങ്ങൾക്കായുള്ള 200 കോടി ഡോളറിന്റെ പ്രതിരോധ കരാറിന്റെ ഭാഗമായി 2017 ൽ കേന്ദ്ര സർക്കാർ ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വാങ്ങിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു വർഷം നീണ്ട അന്വേഷണത്തിൽ യു എസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (എഫ് ബി ഐ) സ്‌പൈവെയർ വാങ്ങുകയും പരീക്ഷിക്കുകയും ചെയ്തുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ടില്‍ പറയുന്നു. ആഭ്യന്തര നിരീക്ഷണത്തിനായി വർഷങ്ങളോളം ഇത് ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നു, സോഫ്റ്റ്‌വെയർ ഉപയോഗിക്കേണ്ടതില്ലെന്ന് കഴിഞ്ഞ വര്‍ഷം തീരുമാനമെടുക്കുന്നതുവരെ ഇത് തുടര്‍ന്നിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആഗോളതലത്തിൽ ചാര സോഫ്റ്റ്‌വെയർ എങ്ങനെയെല്ലാം ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. മെക്സിക്കോ വിമതര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയും സൗദി അറേബ്യ വനിതാ അവകാശ പ്രവർത്തകർക്കും സൗദി കൊലപ്പെടുത്തിയ കോളമിസ്റ്റ് ജമാൽ ഖഷോഗിയുടെ കൂട്ടാളികൾക്കുമെതിരെയും സോഫ്റ്റ്‌വെയർ ഉപയോഗിച്ചു. ഇസ്രായേൽ പ്രതിരോധ മന്ത്രാലയം പോളണ്ട്, ഹംഗറി, ഇന്ത്യ എന്നിവയുള്‍പ്പടെ മറ്റ് രാജ്യങ്ങൾക്കും പെഗാസസ് നൽകിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2017 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തെക്കുറിച്ചും ഇതില്‍ സൂചിപ്പിക്കുന്നു. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രായേല്‍ ആദ്യമായായിരുന്നു സന്ദര്‍ശിച്ചത്. “മോദിയുടെ ഇസ്രായേല്‍ സന്ദർശനം വളരെ സൗഹാർദപരമായിരുന്നു. അദ്ദേഹവും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും കടൽത്തീരത്ത് ചെരുപ്പ് ധരിക്കാതെ ഒരുമിച്ചു നടന്നു. പെഗാസസും മിസൈൽ സംവിധാനവും കേന്ദ്രബിന്ദുവാക്കി ഏകദേശം 200 കോടി ഡോളർ വിലമതിക്കുന്ന അത്യാധുനിക ആയുധങ്ങളുടെയും രഹസ്യാന്വേഷണ ഉപകരണങ്ങളുടെയും ഒരു കരാറിലെത്താന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു,” ന്യൂയോര്‍ക്ക് ടൈംസ് വിശദമാക്കി.
മാസങ്ങൾക്കു ശേഷം അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന നെതന്യാഹു ഇന്ത്യയിലേക്ക് ഒരു അപൂർവ സന്ദർശനം നടത്തിയെന്നും 2019 ജൂണില്‍ പലസ്തീൻ മനുഷ്യാവകാശ സംഘടനയ്ക്ക് നിരീക്ഷക പദവി നിഷേധിക്കുന്നതിന് യുഎന്നിന്റെ സാമ്പത്തിക സാമൂഹിക കൗൺസിലിൽ ഇന്ത്യ ഇസ്രായേലിനെ പിന്തുണച്ച് വോട്ട് ചെയ്തുവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇന്ത്യ പെഗാസസ് വാങ്ങിയെന്നത് ഇതുവരെ കേന്ദ്ര സർക്കാരോ ഇസ്രായേലോ സമ്മതിച്ചിട്ടില്ല.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, അന്നത്തെ തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ, ഇന്നത്തെ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയ പ്രമുഖരായിരുന്നു പെഗാസസിന്റെ സാധ്യതാ പട്ടികയിലുള്‍പ്പെട്ടിരുന്നതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന്റെ മൂന്ന് എഡിറ്റര്‍മാരുള്‍പ്പടെ 40 മാധ്യമപ്രവര്‍ത്തകരും പട്ടികയില്‍ ഉള്‍പ്പെട്ടതായും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
Also Read: ദിലീപിന്റെ ഫോണുകള്‍ കൈമാറണമെന്ന് പ്രോസിക്യൂഷന്‍; പ്രത്യേക സിറ്റിങ് ഇന്ന്