ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. ഞായറാഴ്ച മാത്രം ഒരു ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആദ്യമായാണ് രാജ്യത്തെ പ്രതിദിന വർധനവ് ഒരു ലക്ഷം കടക്കുന്നത്. രോഗവ്യാപനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയുന്ന മഹാരാഷ്ട്രയിലാണ്. 57,000 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്.
ഇന്ന് മുതൽ മഹാരാഷ്ട്രയിൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഹോട്ടൽ, റസ്റ്റോറന്റ്, ബാർ, പാർക്ക് എന്നിവ അടഞ്ഞ് കിടക്കും. അതോടൊപ്പം ഇന്ന് രാത്രി 8 മണി മുതൽ 7 മണി വരെ രാത്രി കാല കർഫ്യൂവും ഏർപ്പെടുത്തി.
കഴിഞ്ഞ വർഷം സെപ്റ്റംബർ 16 നാണ് രാജ്യത്ത് 97,894 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അതിനുശേഷം കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി തുടങ്ങി. “സെക്കൻഡ് വേവ്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കുതിച്ചുചാട്ടം ആരംഭിക്കുന്നതിന് അഞ്ച് മാസം മുമ്പുതന്നെ ഇടിവ് തുടർന്നു.
മഹാരാഷ്ട്രയിൽ ഞായറാഴ്ച 57,074 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മറ്റൊരു സംസ്ഥാനത്തും ഒരു ദിവസം 12,000 കേസുകൾക്ക് മുകളിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രണ്ട് നഗരങ്ങളായ പൂനെയിലും മുംബൈയിലും യഥാക്രമം 12,472, 11,206 പുതിയ കേസുകൾ കണ്ടെത്തി. മറ്റൊരു നഗരത്തിലും ഒരു ദിവസം 8,500 ൽ അധികം കേസുകൾ കണ്ടെത്തിയിട്ടില്ല.
മറ്റ് സംസ്ഥാനങ്ങളിൽ, ഛത്തീസ്ഗഢിൽ തുടർച്ചയായ രണ്ടാം ദിവസവും അയ്യായിരത്തിലധികം കേസുകൾ റിപ്പോർട്ട്, പഞ്ചാബ് 3,000ത്തിലേക്ക് കടന്നു. ഡൽഹിയിലും ഉത്തർപ്രദേശിലും കർണാടയിലും 4000ത്തിനും 5000ത്തിനും ഇടയിലാണ്. മിക്കവാറും എല്ലാ പ്രധാന സംസ്ഥാനങ്ങളും എണ്ണത്തിൽ വലിയ വർധനവ് റിപ്പോർട്ട് ചെയ്യാൻ തുടങ്ങി.
രോഗവ്യാപനം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണും മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഇന്നലെ 222 പേർ മരണമടഞ്ഞു. മുംബൈ വിമാനത്താവളത്തിൽ കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.