ന്യൂയോർക്ക്: ഡൽഹി – ന്യൂയോർക്ക് വിമാനത്തിൽ പ്രസവവേദന അനുഭവപ്പെട്ട സ്ത്രീക്ക് രക്ഷകരായി ഇന്ത്യൻ വംശജനായ ഡോക്ടറും സുഹൃത്തും. അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ നിൽക്കെ പ്രസവ വേദന അനുഭവപ്പെട്ട യാത്രക്കാരി വിമാനത്തിൽ ആൺകുഞ്ഞിന് ജന്മം നൽകി. ഡോ.സിജ് ഹേമലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രസവ ശുശ്രൂഷയെ സഹയാത്രികർ അഭിനന്ദിച്ചു.

പാരീസിൽ സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു സിജ് ഹേമൽ. ഗ്രീൻലാന്റിന്റെ ദക്ഷിണമേഖലയ്ക്ക് മുകളിൽ നിൽക്കെയാണ് ടൊയിൻ ഒഗുണ്ടിപെ എന്ന യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. അമേരിക്കയിലെ ക്ലീവ്ലാന്റ് ക്ലിനിക്കിൽ രണ്ടാം വർഷ യൂറോളജി വിദ്യാർത്ഥിയായ ഹേമലും സുഹൃത്തായ ശിശുരോഗവിദഗ്‌ധയായ സൂസൻ സ്റ്റീഫനുമാണ് ഇവർക്ക് അടിയന്തിര സഹായം നൽകിയത്.

ഇരുവർക്കും അടിയന്തിര ഘട്ടങ്ങളിൽ പ്രവർത്തിക്കാനുളള പരിശീലനം ലഭിച്ചിരുന്നു. അമേരിക്കൻ മിലിട്ടറി ബേസായിരുന്നു ഈ സമയത്ത് അടിയന്തിരമായി വിമാനം ഇറക്കാൻ പറ്റുന്ന താവളം. എന്നാൽ ഇവിടേക്ക് പിന്നെയും രണ്ട് മണിക്കൂർ യാത്രയുണ്ടായിരുന്നു.

“ഞാൻ വളരെ സമാധാനത്തിലായിരുന്നു. എനിക്കറിയാമായിരുന്നു ഞാൻ സുരക്ഷിതമായ കരങ്ങളിലാണ് ഉളളതെന്ന്. ലേബർ റൂമിൽ എങ്ങിനെയാകുമോ, അതിന് സമാനമായി സാധ്യമായതെല്ലാം ആ ഡോക്ടർമാർ ചെയ്തു. അതിനേക്കാൾ മികച്ചതായി എന്ന് തന്നെ വേണം പറയാൻ”, യുവതി പിന്നീട് പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ