scorecardresearch
Latest News

റഷ്യ-യുക്രൈൻ പ്രതിസന്ധി ഇല്ലാതാക്കുന്നതിനും, സാധാരണപൗരന്റെ സുരക്ഷയ്ക്കും മുൻഗണന നൽകണം: യുഎന്നിൽ ഇന്ത്യ

യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചതിനു പിന്നാലെ ഈ പ്രദേശങ്ങളില്‍ യു.എസ് വ്യാപാരത്തിനും നിക്ഷേപത്തിനും ഉപരോധം ഏർപ്പെടുത്തി

റഷ്യ-യുക്രൈൻ പ്രതിസന്ധി ഇല്ലാതാക്കുന്നതിനും, സാധാരണപൗരന്റെ സുരക്ഷയ്ക്കും മുൻഗണന നൽകണം: യുഎന്നിൽ ഇന്ത്യ
Photo: Screengrab

ന്യൂഡൽഹി: റഷ്യ-യുക്രൈൻ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ഈ സംഭവവികാസങ്ങൾ മേഖലകളിലെ സമാധാനവും സുരക്ഷയും തകർക്കാൻ സാധ്യതയുണ്ടെന്നും ഇന്ത്യ. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ കിഴക്കന്‍ യുക്രൈനിലെ രണ്ട് വിമത മേഖലകളുടെ സ്വാതന്ത്ര്യം അംഗീകരിച്ചതായി പ്രഖ്യാപിച്ചതിനു പിന്നാലെ യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ (യുഎൻഎസ്‌സി) വിളിച്ച അടിയന്തര യോഗത്തിലാണ് ഇന്ത്യ ഇക്കാര്യം പറഞ്ഞത്.

റഷ്യ-യുക്രൈൻ പ്രതിസന്ധി ഇല്ലാതാക്കുന്നതിനാണ് അടിയന്തരമായി മുൻഗണന നൽകേണ്ടതെന്ന് ഇന്ത്യ പറഞ്ഞു. “യുക്രൈൻ അതിർത്തിയിൽ സംഘർഷം വർദ്ധിക്കുന്നത് വലിയ ആശങ്കയാണ്. ഈ സംഭവവികാസങ്ങൾ ഈ മേഖലയിലെ സമാധാനവും സുരക്ഷയും തകർക്കാൻ സാധ്യതയുണ്ട്,” യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂർത്തി യുഎൻഎസ്‌സി യോഗത്തിൽ പറഞ്ഞു.

“സംഘർഷം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ നടത്തുന്ന ശ്രമങ്ങൾക്ക് നമ്മൾ പിന്തുണ നൽകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ, ട്രൈലാറ്ററൽ കോൺടാക്റ്റ് ഗ്രൂപ്പിലൂടെയും നോർമാണ്ടി ഫോർമാറ്റിലൂടെയും നടക്കുന്ന ശ്രമങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. വ്യത്യസ്ത താല്പര്യങ്ങൾ മറികടന്ന് പ്രശ്‌നപരിഹാരത്തിന് വലിയ ശ്രമം ആവശ്യമാണ്. ഒരു സൈനിക നടപടി നമുക്ക് താങ്ങാനാവില്ല,” തിരുമൂർത്തി പറഞ്ഞു.

സാധാരണ പൗരന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ഇന്ത്യ പറഞ്ഞു. “സാധാരണക്കാരന്റെ സുരക്ഷയും പ്രധാനമാണ്. ഏകദേശം 20,000ൽ അധികം ഇന്ത്യക്കാർ യുക്രൈന്റെ പല ഭാഗങ്ങളിലും ഉണ്ട്. അതിർത്തികളിൽ ഉൾപ്പെടെ. അവരുടെ ക്ഷേമത്തിനാണ് ഞങ്ങൾ മുൻ‌തൂക്കം നൽകുന്നത്” അദ്ദേഹം പറഞ്ഞു.

Also Read: ‘റഷ്യ യുക്രൈന്‍ ആക്രമിച്ചാല്‍ പ്രത്യാഘാതം വലുത്’; മുന്നറിയിപ്പുമായി ബൈഡന്‍

പ്രശ്‌നപരിഹാരത്തിനുള്ള നയതന്ത്ര ശ്രമങ്ങൾ എത്രയും വേഗം ഊർജിതമാക്കാണമെന്ന് എല്ലാ കക്ഷികളോടും ഇന്ത്യ ആവശ്യപ്പെട്ടു.

അതേസമയം, യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചതിനു പിന്നാലെ ഈ പ്രദേശങ്ങളില്‍ യു.എസ് വ്യാപാരത്തിനും നിക്ഷേപത്തിനും ഉപരോധം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു. ഉത്തരവ് പ്രകാരം റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച രണ്ട് വിമത പ്രദേശങ്ങളിലും അമേരിക്കൻ പൗരൻമാർക്ക് നിക്ഷേപമോ വ്യാപാരമോ നടത്താൻ സാധിക്കില്ല.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India at unsc meet on russia ukraine crisis