ദുബായ്: 2019ലെ എഎഫ്സി ഏഷ്യന്‍ കപ്പ് മൽസരങ്ങളില്‍ യോഗ്യത നേടാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. ദുബായിലെ ബുര്‍ജ് ഖലീഫയില്‍ നടന്ന ഗ്രൂപ്പ് നറുക്കെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോണ്‍സ്റ്റന്റൈന്‍.
യുഎഇ, തായ്‌ലന്‍ഡ്, ബഹ്‌റൈന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ. മരണ ഗ്രൂപ്പായാണ് ഇതിനെ കണക്കാക്കുന്നത്.
“നമുക്ക് നോക്ക് ഔട്ട് സ്റ്റേജ് തരണം ചെയ്യാന്‍ സാധിച്ചേക്കാവുന്ന ഗ്രൂപ്പ് ആണ് ഇത്. അത് എളുപ്പമുള്ളൊരു ഗ്രൂപ്പ് ആണ് എന്ന് പറയാനാകില്ല. പക്ഷെ ഇതില്‍ പലരെയും തോല്‍പിക്കാനുള്ള മികവ് നമുക്കുണ്ട്. അതില്‍ മിക്കവരെയും തോല്‍പ്പിക്കാനും നമുക്കാവും. ” സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.
ഈ ടീമുകള്‍ക്കൊക്കെ പല തരത്തിലുള്ള പ്രശ്നങ്ങളുണ്ട്. 2019ല്‍ യുഎഇയില്‍ നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പിന് മുന്‍പ് നമ്മള്‍ പല തരത്തിലുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടതായുണ്ട്.
2011ലാണ് ഇന്ത്യ അവസാനമായി എഎഫ്സി ഏഷ്യന്‍ കപ്പില്‍ പങ്കെടുക്കുന്നത്. തെക്കന്‍ കൊറിയ, ഓസ്ട്രേലിയ, ബഹ്‌റൈന്‍ എന്നീ ടീമുകളെല്ലാം അന്ന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി, ഇറാനിയന്‍ ഇതിഹാസം അലി ഡായെയി, ചൈനീസ് താരം സുന്‍ ജിഹായ്, ഫിലിപ്പൈന്‍സ് സൂപ്പര്‍ താരം ഫിലിപ്പ് ജെയിംസ് യങ്ഹസ്ബന്‍ഡ് എന്നീ താരങ്ങള്‍ ചേര്‍ന്നാണ് നറുക്കെടുത്തത്. എഎഫ്സി ജനറല്‍ സെക്രട്ടറി ഡാറ്റോ വിന്‍സര്‍ ജോണും പരിപാടിയില്‍ പങ്കെടുത്തു.
“ഇന്ത്യയെ സംബന്ധിച്ച് എഎഫ്സി ഏഷ്യന്‍ കപ്പ് എന്നത് വലിയൊരു അവസരമാണ്. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ അതിനെ നോക്കി കാണുന്നത്. ഒരു രാജ്യം മുഴുവനും ആശംസകളുമായി ഞങ്ങളുടെ പിന്നിലുണ്ട്” പരിപാടിക്ക് ശേഷം ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി പറഞ്ഞു.
“ഏഷ്യയിലെ ഏറ്റവും മികച്ച താരങ്ങള്‍ തമ്മില്‍ മാറ്റുരയ്ക്കുന്ന അവസരമാണ് എഎഫ്സി ഏഷ്യന്‍ കപ്പ് എന്നത്. യൂറോപ്പിലെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേതുമായ പല ലീഗുകളിലും കളിക്കുന്ന താരങ്ങളാണ് ഇതില്‍ പലരും. ഇവരോടാണ് നമ്മുടെ മൽസരം” ഛേത്രി പറഞ്ഞു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്കോറര്‍ കൂടിയാണ് സുനില്‍ ഛേത്രി. 2011ല്‍ എഎഫ്‌സി കപ്പില്‍ പങ്കെടുത്ത അവസാന ഇന്ത്യന്‍ സ്ക്വാഡിലും സുനില്‍ ഛേത്രി ഉണ്ടായിരുന്നു.