ന്യൂഡൽഹി: വരുന്ന ഏതാനും പതിറ്റാണ്ടുകളിൽ ഇന്ത്യയിലും ഉപഭൂഖണ്ഡത്തിലും ഉഷ്ണതരംഗങ്ങളും വരൾച്ചയും വർധിക്കാനും കൂടുതൽ മഴയും ചുഴലിക്കാറ്റുകളുമുണ്ടാവാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വ്യതിയാനത്തിനായുള്ള അന്തർ സർക്കാർ സമിതിയുടെ (ഐപിസിസി) റിപ്പോർട്ട്. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഐപിസിസി വർക്കിങ് ഗ്രൂപ്പ് 1 റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ആറാം വിശകലന റിപ്പോർട്ടിലെ ‘ക്ലൈമറ്റ് ചെയ്ഞ്ച് 2021: ഫിസിക്കൽ സയൻസ് ബേസിസ്,’ എന്ന പേരിലുള്ള ആദ്യ ഭാഗത്താണ് ഇന്ത്യയടക്കമുള്ള മേഖലകളിലുണ്ടാകാൻ സാധ്യതയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്. 195 സർക്കാരുകളുമായി സഹകരിച്ച് ശാസ്ത്രജ്ഞർ അന്തിമരൂപം നൽകിയ പഠനമാണിത്. ഉഷ്ണതരംഗവും, ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിലെ കൂടിയ ചൂട് കാരണമുള്ള സമ്മർദ്ദവും 21ാം നൂറ്റാണ്ടിൽ കൂടുതൽ രൂക്ഷ്മവും വ്യാപപകവുമാവുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ നൂറ്റാണ്ടിൽ വാർഷിക മൺസൂൺ വർഷപാതവും വേനൽ മഴയും വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Read More: കോവാക്സിനും കോവിഷീൽഡും മിക്സ് ചെയ്യുന്നത് രോഗപ്രതിരോധശേഷി നല്കും; ഐ.സി.എം.ആര്. പഠനം
“1850-1900 നെ അപേക്ഷിച്ച്, നിരീക്ഷിച്ച ശരാശരി ഉപരിതല താപനില വർധനവ് വ്യക്തമായി ഉയർന്നുവന്നിട്ടുണ്ട്. തണുപ്പിന്റെ തീവ്രത കുറയുമ്പോൾ ചൂടിന്റ തീവ്രത വർധിച്ചു, ഈ പ്രവണതകൾ വരും ദശകങ്ങളിലും തുടരും,” ഇന്ത്യൻ ഉപഭൂഖണ്ഡത്തെ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നു.
ശരാശരിയോ കനത്തതോ ആയ വർഷപാതം ഏഷ്യയുടെ ഭൂരിഭാഗം പ്രദേശത്തും വർധിക്കുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പ്രധാനമായും ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യൻ മൺസൂൺ ദുർബലമായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മനുഷ്യ ഇടപടലാണ് ഈ കുറവിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. കിഴക്കൻ ഏഷ്യയിലെ വടക്ക് വരണ്ടതും തെക്ക് ഈർപ്പമേറിയതുമായ വേനൽ മഴയുടെ ക്രമീകരണത്തിലുണ്ടായ മാറ്റം ഹരിത ഗൃഹ വാതകങ്ങളുടെയും എയ്റോസോളുകളുടെയും സംയോജിത ഫലമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Read More: ഡെൽറ്റയും അതിന് അപ്പുറവും; കോവിഡ് വകഭേദങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ പറയുന്നത്
തെക്ക്, തെക്കുകിഴക്കൻ ഏഷ്യൻ മൺസൂൺ, കിഴക്കൻ ഏഷ്യൻ വേനൽ മഴ എന്നിവ ഹ്രസ്വകാല ആന്തരിക വ്യതിയാനത്താൽ സ്വാധീനിക്കപ്പെടുമെന്നും ദീർഘകാലാടിസ്ഥാനത്തിൽ മഴ വർധിക്കുമെന്നും റിപ്പോർട്ട് പ്രസ്താവിച്ചു. കാർഷിക, പാരിസ്ഥിതിക വരൾച്ചകളും ഉപഭൂഖണ്ഡത്തിൽ വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.