ന്യൂഡല്‍ഹി: ബാലാകോട്ടിലെ ജെയ്ഷെ മുഹമ്മദിന്റെ ക്യാംപില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ കവിത ട്വീറ്റ് ചെയ്ത് ഇന്ത്യന്‍ ആര്‍മി. പാക്കിസ്ഥാനുള്ള മുന്നറിയിപ്പായാണ് ആര്‍മിയുടെ ട്വീറ്റിനെ വിലയിരുത്തുന്നത്.

ശത്രുവിന് മുന്നില്‍ മാന്യമായി പെരുമാറിയാല്‍ നിങ്ങളെ അവര്‍ ഭീരുക്കളെന്ന് കരുതും. കൗരവര്‍ പാണ്ഡവരെ കരുതിയത് പോലെ എന്നതായിരുന്നു ആര്‍മിയുടെ കവിത. എപ്പോഴും തയാര്‍ എന്ന ഹാഷ് ടാഗും ഒപ്പമുണ്ടായിരുന്നു. ഹിന്ദി കവി രാംധരി സിങ് ദിന്‍കറിന്റെ കവിതയാണിത്. അഡീഷണല്‍ ഡയറക്ടര്‍ ജനറലുടെ അക്കൗണ്ടിലാണ് കവിത ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ബാലാകോട്ടിലെ ഏറ്റവും വലിയ പരിശീലന ക്യാംപ് തകര്‍ത്തതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് ഇന്ത്യയുടെ ഭാഗത്തു നിന്നും ആക്രമണമുണ്ടായതെന്നും ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ നടത്തിയത് സൈനിക ആക്രമണമല്ലെന്നും പ്രതിരോധ നീക്കം മാത്രമാണെന്നും ഗോഖലെ വ്യക്തമാക്കി.

കൊല്ലപ്പെട്ടവരില്‍ സൈനിക പരിശീലന ലഭിച്ച ഭീകരരും ജെയ്ഷെയുടെ കമാന്‍ഡര്‍മാരും ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജെയ്‌ഷെയുടെ ഏറ്റവും വലിയ ക്യാംപാണ് തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. ബാലാകോട്ടിലെ ജെയ്‌ഷെ കേന്ദ്രത്തില്‍ നടന്ന ആക്രമണത്തെ കുറിച്ച് മാത്രമേ അദ്ദേഹം സംസാരിച്ചുള്ളൂ. ജനവാസ മേഖലയിലല്ല ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook