scorecardresearch

Latest News

കോവിഷീല്‍ഡോ കോവാക്‌സിനോ എടുത്തവര്‍ക്ക് മൂന്നാം ഡോസായി കോര്‍ബെവാക്സ്; അനുമതി

മുതിര്‍ന്നവരില്‍ കോവിഡ് പ്രതിരോധത്തിനുള്ള ഹെറ്ററോളജസ് ബൂസ്റ്ററായി കോര്‍ബെവാക്സിൻ ഉപയോഗിക്കാൻ ഡഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി ഐ)യാണ് അനുമതി നൽകിയിരിക്കുന്നത്

Covid19, Corbevax, Heterologous booster, Biological E.

ന്യൂഡല്‍ഹി: മുതിര്‍ന്നവരില്‍ കോവിഡ് പ്രതിരോധത്തിനുള്ള ഹെറ്ററോളജസ് ബൂസ്റ്ററായി കോര്‍ബെവാക്സിനെ അംഗീകരിച്ച് ഡഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി ഐ). അതായത്, ആദ്യ രണ്ട് ഡോസായി കോവിഷീല്‍ഡോ കോവാക്‌സിനോ സ്വീകരിച്ചവര്‍ക്കു മൂന്നാം ഷോട്ടായി കോര്‍ബെവാക്സ് എടുക്കാം.

രാജ്യത്ത് ഇതുവരെ, ഒരാളില്‍ വ്യത്യസ്ത വാക്‌സിനുകള്‍ ഉപയോഗിക്കുന്നത് അനുവദനീയമായിരുന്നില്ല. ഒന്നും രണ്ടും ഡോസ് ഉപയോഗിച്ച അതേ വാക്‌സിന്‍ തന്നെയായിരിക്കണമായിരുന്നു മൂന്നാം ഡോസ്. ഹെറ്ററോളജസ് ബൂസ്റ്ററായി കോര്‍ബെവാക്‌സിന് ഡിസിജിഐ അംഗീകാരം നല്‍കിയതോടെ, രാജ്യത്തെ സൗജന്യ വാക്സിനേഷന്‍ ഡ്രൈവില്‍ ഇത് ഉള്‍പ്പെടുത്തണമോയെന്ന കാര്യം സര്‍ക്കാരിനു പരിശോധിക്കേണ്ടിവരും.

ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്സിന്‍ നിര്‍മാതാക്കളായ ബയോളജിക്കല്‍ ഇയുടേതാണ് പ്രോട്ടീന്‍ അധിഷ്ഠിത കോര്‍ബെവാക്സ്. ”കോര്‍ബെവാക്‌സ് ബൂസ്റ്റര്‍ ഡോസ് രോഗപ്രതിരോധ പ്രതികരണത്തില്‍ കാര്യമായ വര്‍ധനയും ഫലപ്രദമായ ബൂസ്റ്ററിന് ആവശ്യമായ മികച്ച സുരക്ഷാ പ്രൊഫൈലും നല്‍കുന്നുവെന്നു ക്ലിനിക്കല്‍ പരീക്ഷണ ഡേറ്റ വ്യക്തമാക്കുന്നു,” ബയോളജിക്കല്‍ ഇ പ്രസ്താവനയില്‍ അറിയിച്ചു.

കോവാക്‌സിന്‍ അല്ലെങ്കില്‍ കോവിഡ് ഷീല്‍ വാക്‌സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ച് ആറുമാസത്തിനു ശേഷം കോര്‍ബെവാക്‌സ് അല്ലെങ്കില്‍ പ്ലേസിബോ (ചികിത്സാ മൂല്യമില്ലാത്ത ഒരു ഏജന്റ്) നല്‍കി 416 പേരില്‍ നടത്തിയ പരീക്ഷണത്തെത്തുടര്‍ന്നാണ് ഹെറ്ററോളജസ് ബൂസ്റ്ററായി അംഗീകാരം ലഭിച്ചത്.

Also Read: Kerala Covid Cases 04 June 2022: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 1,544 പേര്‍ക്ക് രോഗം

സാര്‍സ്-കോവ്-2 വൈറസിനെ പ്രത്യേകമായി ആക്രമിക്കുകയോ തടയുകയോ ചെയ്യുന്ന ആന്റിബോഡികളുടെ അളവ് കോര്‍ബെവാക്‌സ് ഡോസ് സ്വീകരിച്ചവരില്‍ പ്ലാസിബോയെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചതായി കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കോര്‍ബെവാക്സിന്റെ ബൂസ്റ്റര്‍ ഡോസിനു ശേഷം, കോവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തിനെതിരായ ന്യൂട്രലൈസിങ് ആന്റിബോഡികള്‍ മുമ്പ് കോവിഷീല്‍ഡ് സ്വീകരിച്ച 91 ശതമാനം പേരിലും കോവാക്‌സിന്‍ സ്വീകരിച്ചവരില്‍ 75 ശതമാനം പേരിലും കണ്ടെത്തി. പ്ലാസിബോയെ അപേക്ഷിച്ച് കോര്‍ബെവാക്‌സ് കുത്തിവയ്പ് സ്വീകരിച്ചവരില്‍ കോശ-മധ്യസ്ഥ പ്രതിരോധശേഷി കൂടുതലാണെന്നും പരീക്ഷണത്തില്‍ കണ്ടെത്തി.

”കോര്‍ബെവാക്‌സ് ഹെറ്ററോളജസ് വാക്‌സിന്‍ സുരക്ഷിതവുമാണ്. ബൂസ്റ്റര്‍ ഡോസ് നല്‍കിയതിനു ശേഷമുള്ള മൂന്നു മാസത്തെ നിരീക്ഷണത്തില്‍ ഗുരുതരമായതോ പ്രതികൂലമോ ആയ സംഭവങ്ങള്‍ ഉണ്ടായില്ല,” കമ്പനി പറഞ്ഞു.

നിലവില്‍, സര്‍ക്കാരിന്റെ പദ്ധതി പ്രകാരം 12 നും 14 നും ഇടയിലുള്ള കുട്ടികളില്‍ പ്രതിരോധ കുത്തിവയ്പിനാണു കോര്‍ബെവാക്‌സിന്‍ ഉപയോഗിക്കുന്നത്. 12 നും 17 നും ഇടയിലുള്ള കുട്ടികള്‍ക്ക് സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍നിന്ന് പണം നല്‍കിയും ഈ വാക്‌സിന്‍ സ്വീകരിക്കാം. രാജ്യത്ത് ഇതുവരെ 5.17 കോടി ഡോസ് വാക്‌സിന്‍ കുട്ടികള്‍ക്കു നല്‍കിയതായും 10 കോടി ഡോസാണു കേന്ദ്ര സര്‍ക്കാരിനു വിതരണം ചെയ്തതെന്നും കമ്പനി അറിയിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India approves biological e covid shot booster