ന്യൂഡല്‍ഹി: രാജ്യത്ത് വാക്സിനേഷന് പ്രക്രിയ ആരംഭിച്ചിട്ട് ആറ് മാസം പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെ വിതരണം ചെയ്ത ഡോസുകളുടെ എണ്ണം 50 കോടി പിന്നിട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് വെള്ളിയാഴ്ച വരെ 50.3 കോടി ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കിയിട്ടുള്ളത്.
“കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ശക്തമായ പ്രചോദനം ലഭിക്കുന്നു. വാക്സിനേഷൻ നമ്പറുകൾ 50 കോടി കവിഞ്ഞു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൂടുതല്‍ പൗരന്മാര്ക്ക് വാക്സിന് നല്‍കാനാകുമെന്നാണ് പ്രതീക്ഷ,” പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ജനുവരി 16 നാണ് ഇന്ത്യയില്‍ വാക്സിനേഷന് പ്രക്രിയ ആരംഭിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണി പോരാളികള്‍ക്കുമായിരുന്നു ആദ്യ ഘട്ടത്തില്‍ കുത്തിവയ്പ് എടുത്തിരുന്നത്. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 1.03 കോടി ആരോഗ്യ പ്രവര്‍ത്തര്‍ ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു. രണ്ട് ഡോസും എടുത്തവര്‍ 79.51 ലക്ഷമാണ്. കോവിഡ് മുന്നണി പോരാളികളില്‍ 1.8 കോടി പേര് ആദ്യ ഡോസും, 1.16 കോടി പേര് രണ്ടാം ഡോസ് കുത്തിവയ്പും എടുത്തു കഴിഞ്ഞു.
60 വയസിനു മുകളിലുള്ള വിഭാഗക്കാര്‍ക്ക് മാര്‍ച്ച് ഒന്നു മുതലാണ് വാക്സിന് നല്കി തുടങ്ങിയത്. പിന്നീട് 45 വയസിന് മുകളിലുള്ള പൗരന്മാര്ക്കും നല്‍കിക്കൊണ്ട് വാക്സിനേഷന് പ്രക്രിയ വിപുലീകരിച്ചു. ഔദ്യോഗിക രേഖകള്‍ അനുസരിച്ച് 60 വയസിന് മുകളിലുള്ള 7.8 കോടി പൗരന്മാര് ആദ്യ ഡോസ് സ്വീകരിച്ചു, 3.8 കോടി പേര് രണ്ടാം ഡോസും. 45 വയസിന് മുകളിലുള്ള 11.07 കോടി പേര് ആദ്യ ഡോസും, 4.09 കോടി രണ്ടാം ഡോസ് കുത്തിയവയ്പും എടുത്തിട്ടുണ്ട്.
മേയ് ഒന്നു മുതലാണ് 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് എന്ന ഘട്ടത്തിലേക്ക് രാജ്യം കടന്നത്. എന്നാല്‍ ലഭ്യമാകുന്ന ആകെ ഡോസുകളുടെ എണ്ണത്തിന്റെ 50 ശതമാനം മാത്രമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ വാക്സിന് സംഭരണം ഏറ്റെടുത്തതോടെയാണ് വാക്സിനേഷന് കൂടുതല്‍ വേഗത്തിലായത്.
18-44 വയസ് വിഭാഗത്തിലുള്ള 17.23 കോടി പേരാണ് ആദ്യ ഡോസ് കുത്തിവയ്പ്പെടുത്തിട്ടുള്ളത്. 1.2 കോടി പേര് രണ്ടാം ഡോസും സ്വീകരിച്ചു. ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, മധ്യ പ്രദേശ് എന്നിവിടങ്ങളിലെല്ലാം പ്രസ്തുത വിഭാഗത്തിലെ ഒരു കോടിയിലധികം ആളുകള്‍ക്ക് വാക്സിന് നല്‍കിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, അസം, ഛത്തീസ്ഗഡ്, ഡൽഹി, ഹരിയാന, ജാർഖണ്ഡ്, കേരളം, തെലങ്കാന, ഹിമാചൽ പ്രദേശ്, ഒഡീഷ, പഞ്ചാബ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളില്‍ 10 ലക്ഷത്തിലധികം പേര്‍ക്കും കുത്തിവയ്പ്പെടുത്തു.
Also Read: ‘കോവിഡ് നിയന്ത്രണങ്ങള്‍ അപ്രായോഗികവും അധാര്‍മികവും’, പിന്‍വലിക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍