ന്യൂഡൽഹി: ഒക്ടോബർ 20ന് മോസ്കോയിൽ നടക്കുന്ന അഫ്ഗാനിസ്ഥാൻ ചർച്ചയിൽ പങ്കെടുക്കാനുള്ള റഷ്യയുടെ ക്ഷണം ഇന്ത്യ സ്വീകരിച്ചു. രണ്ടു മാസം മുൻപ് അഫ്ഗാൻ പിടിച്ചെടുത്ത താലിബാൻ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
“ഒക്ടോബർ 20ന് മോസ്കോയിൽ നടക്കുന്ന അഫ്ഗാനിസ്ഥാനെ സംബന്ധിച്ച ചർച്ചയ്ക്ക് ക്ഷണം ലഭിച്ചു. അതിൽ പങ്കെടുക്കും.” ചർച്ചയിൽ ഇന്ത്യ പങ്കെടുക്കുമെന്ന് വ്യക്തമാക്കി കൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പറഞ്ഞു.
ചർച്ചയ്ക്ക് ഇന്ത്യ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനെ അയക്കാനാണ് സാധ്യത. എന്നാൽ ഇതിൽ അന്തിമ തീരുമാനം ആയിട്ടില്ല.
കഴിഞ്ഞയാഴ്ച, ഒക്ടോബർ 20ന് അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട രാജ്യാന്തര ചർച്ചകൾക്ക് മോസ്കോയിലേക്ക് താലിബാൻ പ്രതിനിധികളെ ക്ഷണിച്ചുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ അഫ്ഗാനിസ്ഥാനിലെ പ്രത്യേക പ്രതിനിധി സാമിർ കാബുലോവ് പറഞ്ഞിരുന്നു.
Also Read: ജമ്മു-കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് സൈനികർ കൊല്ലപ്പെട്ടു
ഒക്ടോബർ 12ന് നടന്ന അസാധാരണ ജി20 ഉച്ചകോടിക്ക് പിന്നാലെയാണ് ഈ ചർച്ച നടക്കുന്നത്. അവിടുത്തെ അധികാര മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഒരു മാനുഷിക ദുരന്തം ഒഴിവാക്കാൻ രാജ്യത്തെ സഹായിക്കുന്നതിനായാണ് അസാധാരണ ഉച്ചകോടി സംഘടിപ്പിച്ചത്.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മേത്തൽ, ഓഗസ്റ്റ് അവസാനത്തോടെ ദോഹയിൽ വച്ച് താലിബാൻ പ്രതിനിധികളെ കണ്ടിരുന്നു. മോസ്കോയിൽ നടക്കുന്ന കൂടിക്കാഴ്ച ഇന്ത്യയും താലിബാനും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണ്.