ന്യൂയോര്‍ക്ക്: യുക്രൈനിലെ മാനുഷിക പ്രതിസന്ധി സംബന്ധിച്ച റഷ്യയുടെ പ്രമേയത്തിനുമേലുള്ള ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിലെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് ഇന്ത്യ. അതേസമയം, അനുകൂലമായി രണ്ട് വോട്ട് മാത്രം ലഭിച്ച പ്രമേയം പരാജയപ്പെട്ടു.
റഷ്യയുടെയും ചൈനയുടെയും വോട്ട് മാത്രമാണു പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. കരട് പ്രമേയത്തിന്മേല് വോട്ടെടുപ്പ് നടക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധന് ശൃംഗ്ല ന്യൂയോര്‍ക്കില്‍ എത്തിയിരുന്നു.
”വിദേശകാര്യ സെക്രട്ടറി ഹെര്ഷ്വര്ധന് ശൃംഗ്ലയെ ന്യൂയോര്‍ക്കില്‍ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ട്. യുഎന്നും അറബ് രാജ്യങ്ങളുടെ ലീഗും തമ്മിലുള്ള സഹകരണം സംബന്ധിച്ച യുഎന്‍ രക്ഷാസമിതി യോഗത്തില്‍ വിദേശകാര്യ സെക്രട്ടറി പങ്കെടുക്കും,” യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ശൃംഗ്ല എത്തിനു മുന്‍പ് ട്വീറ്റ് ചെയ്തിരുന്നു.
ഗ്രീസ്, ഒമാന്‍ രാജ്യങ്ങളിലേത് ഉള്‍പ്പെടെ നിരവധി വിദേശകാര്യ മന്ത്രിമാര്‍ പരമ്പര ഇന്ത്യ സന്ദര്‍ശിക്കുന്ന സന്ദര്‍ഭത്തില്‍ ശൃംഗ്ല ന്യൂയോര്‍ക്കിലേക്കു പോയത് പ്രമേയത്തിന് ഇന്ത്യ നല്കിയ പ്രാധാന്യമൊണു വ്യക്തമാക്കുന്നത്.
Also Read: ലിവിവ്, യുക്രൈനിലെ ചെറിയ സ്വർഗം; പലായനം ചെയ്യുന്നവരുടെ പ്രധാന കേന്ദ്രം
നേരത്തെ, യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണം സംബന്ധിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മിഷനെ അടിയന്തരമായി നിയമിക്കുന്നതിനായി യുഎന്‍ മനുഷ്യാവകാശ സമിതി നടത്തിയ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നതെ് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
47 അംഗ സമിതിയില്‍ ഇന്ത്യക്കൊപ്പം ചൈന, പാകിസ്ഥാന്, സുഡാന്, വെനസ്വേല തുടങ്ങിയ 13 രാജ്യങ്ങളാണ് അന്ന് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത്. ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്, നേപ്പാള്‍, യുഎഇ, യുകെ, യുഎസ് എന്നീ 32 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ റഷ്യയും എറിത്രിയയും എതിര്‍ത്തു.
വിഷയത്തില്‍ രക്ഷാസമിതിയുടെ രണ്ട് പ്രമേയങ്ങളില്‍നിന്നും പൊതു സഭയിലെ ഒരു പ്രമേയത്തില്‍നിന്നും ഇന്ത്യ നേരത്തെ വിട്ടുനിന്നിരുന്നു.