scorecardresearch

റഷ്യ-യുക്രൈൻ: യുഎൻ മനുഷ്യാവകാശ സമിതി വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു

യുക്രൈനിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള കരട് പ്രമേയത്തിൽ 32 രാജ്യങ്ങൾ അനുകൂലിച്ചും രണ്ട് രാജ്യങ്ങൾ എതിർത്തും വോട്ട് ചെയ്തു

യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണം സംബന്ധിച്ച് അന്വേഷിക്കാൻ ഒരു സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷനെ അടിയന്തരമായി നിയമിക്കുന്നതിനായി യുഎൻ മനുഷ്യാവകാശ സമിതി നടത്തിയ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു.

47 അംഗ സമിതി യുക്രൈനിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള കരട് പ്രമേയത്തിൽ വോട്ട് ചെയ്തു. 32 രാജ്യങ്ങൾ അനുകൂലിച്ചും രണ്ട് രാജ്യങ്ങൾ (റഷ്യയും എറിത്രിയയും) എതിർത്തും വോട്ട് ചെയ്തു. ഇന്ത്യ, ചൈന, പാകിസ്ഥാൻ, സുഡാൻ, വെനസ്വേല എന്നിവയുൾപ്പെടെ 13 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, നേപ്പാൾ, യുഎഇ, യുകെ, യുഎസ് എന്നീ രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തവയിൽ ഉൾപ്പെടുന്നു.

“യുക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഒരു സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ അടിയന്തിരമായി നിയമിക്കാൻ മനുഷ്യാവകാശ സമിതി തീരുമാനിച്ചു,” സമിതി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഈ വിഷയത്തിൽ 15 രാജ്യങ്ങൾ അടങ്ങിയ രക്ഷാ സമിതിയുടെ രണ്ട് പ്രമേയങ്ങളിൽ നിന്നും 193 അംഗ പൊതു സഭയിലെ ഒരു പ്രമേയത്തിൽ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു.

യുഎൻ ജനറൽ അസംബ്ലി ഈ ആഴ്‌ച ഉക്രെയ്‌നിനെതിരായ റഷ്യൻ ആക്രമണത്തെ അപലപിക്കാൻ വോട്ട് ചെയ്തിരുന്നു. റഷ്യയോട് “പൂർണ്ണമായും നിരുപാധികമായും” ഉക്രെയ്‌ൻ പ്രദേശത്ത് നിന്ന് എല്ലാ സൈനികരെയും പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അനുകൂലമായി 141 വോട്ടുകളും എതിർത്ത് അഞ്ച് വോട്ടുകളും ലഭിച്ച വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ അടക്കം 35 രാജ്യങ്ങൾ വിട്ടു നിന്നിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India abstains in unhrc vote on establishing independent commission of inquiry on russia ukraine crisis

Best of Express