/indian-express-malayalam/media/media_files/2026/02/05/modi-2026-02-05-17-25-46.jpg)
PM Modi addresses the Rajya Sabha
ന്യൂഡൽഹി: ആഗോള വെല്ലുവിളികൾക്കിടയിൽ ഇന്ത്യ ലോകത്തിന് ഒരു പ്രത്യാശയുടെ കിരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. എന്നാൽ, പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിലിറങ്ങുകയും പിന്നീട് കൂട്ടത്തോടെ ഇറങ്ങിപ്പോവുകയും ചെയ്തു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാദം 'വികസിത് ഭാരത'ത്തിന്റെ (വികസിത ഇന്ത്യ) അടിത്തറ പാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.സ്വാതന്ത്ര്യസമയത്ത് ലോകത്തെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയായിരുന്ന ഇന്ത്യയെ മുൻ സർക്കാരുകൾ പതിനൊന്നാം സ്ഥാനത്തേക്ക് എത്തിച്ചുവെന്നും എന്നാൽ ഇപ്പോൾ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പ്രായം കണക്കിലെടുത്ത്, മുദ്രാവാക്യം വിളിക്കുന്നതിന് മുൻപ് അദ്ദേഹം ഇരിക്കണമെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.
ലോക്‌സഭയിലെ നാടകീയ രംഗങ്ങൾ
പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തെത്തുടർന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഇല്ലാതെതന്നെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയം ലോക്‌സഭ പാസാക്കി. സഭയിലെ പ്രതിപക്ഷ അംഗങ്ങളുടെ പെരുമാറ്റം ജനാധിപത്യത്തിന് ഏൽപിച്ച കറുത്ത അധ്യയമാണെന്ന് സ്പീക്കർ ഓം ബിർള കുറ്റപ്പെടുത്തി. സ്പീക്കറുടെ ചേംബറിലും ഭരണപക്ഷ ബെഞ്ചുകളിലും പ്രതിപക്ഷ അംഗങ്ങൾ അതിക്രമിച്ചു കയറാൻ ശ്രമിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നമുൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ ഉന്നയിക്കുന്നത് തടയാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ജയറാം രമേശ് പറഞ്ഞു.
മുൻ കരസേനാ മേധാവി എം.എം. നരവണെയുടെ ആത്മകഥയിലെ ഭാഗങ്ങൾ ഉദ്ധരിക്കാൻ മല്ലികാർജുൻ ഖാർഗെയെ അനുവദിക്കാതിരുന്നതാണ് രാജ്യസഭയിലെ വാക്കൗട്ടിന് കാരണമായത്. 2020-ലെ ഇന്ത്യ-ചൈന സംഘർഷത്തെക്കുറിച്ചുള്ള ഭാഗങ്ങൾ പരാമർശിക്കുന്നത് ഭരണപക്ഷം തടഞ്ഞു.
ഖാർഗെ ഉപയോഗിച്ച 'ലിഞ്ചിംഗ്' (ആൾക്കൂട്ടക്കൊല) എന്ന വാക്കിനെതിരെ ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി. കോൺഗ്രസ് ഭരണകാലത്തെ സംഭവങ്ങൾ ഓർമ്മിപ്പിച്ച മന്ത്രി, ആ വാക്ക് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
Also Read: ജമ്മുവിൽ 20 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ: ജെയ്‌ഷെ കമാൻഡർ ഉൾപ്പെടെ രണ്ട് പാക് ഭീകരരെ വധിച്ചു
അമേരിക്കയുമായുള്ള വ്യാപാര കരാറുകളിൽ ഇന്ത്യ വിട്ടുവീഴ്ച ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസ് എംപി ഇമ്രാൻ മസൂദിന്റെ നേതൃത്വത്തിൽ പാർലമെന്റിന് പുറത്തും പ്രതിഷേധം നടന്നു. സഭയിലെ ബഹളങ്ങൾക്കിടയിൽ മറ്റ് നടപടികൾ പൂർത്തിയാക്കി ലോക്‌സഭ പിരിയുകയായിരുന്നു.
Read More: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്രം; യുമ്നം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us