Independence Day: ന്യൂഡൽഹി: രാജ്യം 72-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി കഴിഞ്ഞു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാകയുയർത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
സ്വാതന്ത്ര്യദിനാഘോഷങ്ങൾ എവിടെ എങ്ങനെ കാണാം
ഡൽഹിയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ വീക്ഷിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 6.35 മുതൽ ദൂരദർശനിൽ തത്സമയസംപ്രേക്ഷണം ഉണ്ടായിരിക്കും. ദൂരദർശന്റെ യൂട്യൂബ് ചാനലിലൂടെയും സ്വാതന്ത്ര്യദിനാഘോഷങ്ങൾ തത്സമയം കാണാനാകും. 2013 മുതലാണ് ദേശിയ ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ സംപ്രേക്ഷണം ചെയ്യാൻ ദൂരദർശനും യൂട്യൂബും ധാരണയിലെത്തിയത്. എന്നാൽ ഇതാദ്യമായാണ് സ്വാതന്ത്ര്യദിനാഘോഷങ്ങൾ യൂട്യൂബിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചാം സ്വാതന്ത്ര്യദിന പ്രസംഗത്തിനാവും നാളെ ചെങ്കോട്ട വേദിയാകുക. അടുത്ത വർഷം ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രിയായുള്ള മോദിയുടെ അവസാന സ്വാതന്ത്ര്യദിന പ്രസംഗത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യ. എല്ലാ വർഷത്തെയും പോലെ ഇത്തവണയും പ്രഭാഷണത്തിനുള്ള വിഷയങ്ങൾ നിർദ്ദേശിക്കാൻ മോദി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.