72 Independence Day: ന്യൂഡൽഹി:സ്വതന്ത്ര ഇന്ത്യയ്ക്ക് ഇന്ന് 72 വയസ്സ്. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും 1947 ഓഗസ്റ്റ് 15 നാണ് ഇന്ത്യ സ്വതന്ത്രമായത്. ‘ലോകം ഉറങ്ങുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണര്‍ന്നിരിക്കുന്നു’ എന്നാണ് അര്‍ദ്ധരാത്രിയില്‍ ലഭിച്ച സ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത്.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി, രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രധാനമന്ത്രിയായ ശേഷം ഇത് അഞ്ചാം തവണയാണ് ചെങ്കോട്ടയിൽ നിന്നും മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ പോകുന്നത്.
അതിനു ശേഷം പ്രധാനമന്ത്രി പൊലീസ്, സൈനിക വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡും റെഡ്ഫോർട്ടിൽ നടക്കും.
ഡൽഹിയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ വീക്ഷിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 6.35 മുതൽ ദൂരദർശനിൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. ദൂരദർശന്റെ യൂട്യൂബ് ചാനലിലൂടെയും സ്വാതന്ത്ര്യദിനാഘോഷങ്ങൾ തത്സമയം കാണാനാകും. 2013 മുതലാണ് ദേശിയ ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ സംപ്രേക്ഷണം ചെയ്യാൻ ദൂരദർശനും യൂട്യൂബും ധാരണയിലെത്തിയത്. എന്നാൽ ഇതാദ്യമായാണ് സ്വാതന്ത്ര്യദിനാഘോഷങ്ങൾ യൂട്യൂബിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.
സംസ്ഥാനങ്ങളും സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കും. രാവിലെ 8.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തുന്നതോടെ കേരളത്തിൽ സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് തുടക്കമാകും. വിവിധ സേനാവിഭാഗങ്ങളുടെയും അശ്വാരൂഡ, എൻസിസി, സ്കൗട്ട്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും.