ന്യൂഡൽഹി: കോവിഡ് -19 മഹാമാരി തുടരുന്നതിനിടെ രാജ്യം 74-ാമത് സ്വാതന്ത്ര്യ ദിനത്തിലേക്ക് കടക്കുകയാണ്. വലിയ ആഘോഷങ്ങളില്ലാതെ നിയന്ത്രണങ്ങളോടെയാണ് രാജ്യത്ത് ഇത്തവണ സ്വാതന്ത്ര്യദിന ചടങ്ങുകൾ. ഡൽഹി ചെങ്കോട്ടയിൽ ഇത്തവണ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ അതിഥികളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്, ഒപ്പം സ്കൂൾ കുട്ടികളുടെ പങ്കാളിത്തവും ഒഴിവാക്കി. സുരക്ഷാ ചുമതലയുള്ള പൊലീസുകാർ പിപിഇ കിറ്റ് ധരിച്ചാണ് ചടങ്ങിലുണ്ടാവുക, നിശ്ചിത അകലത്തിൽ സ്ഥാപിച്ച കസേരകളിലായാവും കാണികൾക്കുള്ള ഇരിപ്പിടങ്ങൾ.

“ചെങ്കോട്ടയിൽ, പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ചടങ്ങിൽ പ്രതിവർഷം 900-1000 ക്ഷണിതാക്കളാണുണ്ടാവാറ്. എന്നാൽ ഇത്തവണ 250 ഓളം പേർ മാത്രമാണ് സന്നിഹിതരാവുക,” ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) യുടെ ഒരു ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ക്ഷണിതാക്കളുടെ അന്തിമ പട്ടിക പ്രതിരോധ മന്ത്രാലയം തയ്യാറാക്കും.

Read More: Independence Day 2020 Celebrations, Speech: കോവിഡിന്റെ പശ്ചാത്തലത്തിലൊരു സ്വാതന്ത്ര്യദിനാഘോഷം

രാജ്യത്ത് കോവിഡിനെതിരായ പ്രവർത്തനങ്ങളുടെ മുന്നണിയിൽ നിന്ന ഡോക്ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരെ ആദരിക്കുന്ന ചടങ്ങും ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്. ഉച്ചകഴിഞ്ഞ്, രാഷ്ട്രപതി ഭവൻ നടക്കുന്ന ചടങ്ങിലാണ് ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവരെ ആദരിക്കുക.

Uttar Pradesh State assembly building and Lok Bhawan illuminated ahead of independence day celebration in Lucknow on Thursday, August 13, 2020. (Express photo by Vishal Srivastav)

ചെങ്കോട്ടയിൽ ശനിയാഴ്ച രാവിലെ നടക്കുന്ന ചടങ്ങിൽ സായുധ സേനയും ദില്ലി പൊലീസും പ്രധാനമന്ത്രിക്ക് ഗാർഡ്ഓഫ് ഓണർ നൽകും. പതാക ഉയർത്തിയ ശേഷം, ഗൺ സല്യൂട്ടും തുടർന്ന് പ്രധാനമന്ത്രിയുടെ പ്രസംഗവും പൂർത്തിയായ ശേഷം ദേശീയ ഗാനം ആലപിക്കും. ചടങ്ങിന്റെ അവസാനം ദേശീയ പതാകയുടെ വർണങ്ങളിലുള്ള ബലൂണുകൾ ആകാശത്തേക്ക് പറത്തി വിടും.

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി വിവിധ തലങ്ങളിലായുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ചെങ്കോട്ടയ്ക്ക് ചുറ്റും സജ്ജമാക്കിയിരിക്കുന്നത്. എൻ‌എസ്‌ജി സ്‌നൈപ്പർമാർ, സ്വാറ്റ് കമാൻഡോകൾ എന്നിവരുൾപ്പെടെയുള്ള സുരക്ഷാ വലയം ചെങ്കോട്ടയ്ക്ക് ചുറ്റും സ്ഥാപിക്കും.

Read More: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കില്ല, ആരോഗ്യ പ്രവർത്തകരെ ക്ഷണിക്കും

സുരക്ഷയ്ക്കായി തലസ്ഥാനത്ത് മുന്നൂറിലധികം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവയുടെ ദൃശ്യങ്ങൾ മുഴുവൻ സമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. നാലായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ ചെങ്കോട്ടയിൽ വിന്യസിക്കും, അവർ സാമൂഹിക അകലം മാനദണ്ഡങ്ങൾ പാലിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

Full dress rehearsal at Government College of S A S Nagar, in Punjab, on Thursday, August 13, 2020. (Express photo by Jasbir Malhi)

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ചെങ്കോട്ടയിൽ പൊതുജനങ്ങൾക്കുള്ള പ്രവേശനം വിലക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി പ്രദേശത്തെ എട്ട് റോഡുകൾ നാളെ പുലർച്ചെ നാല് മുതൽ രാവിലെ പത്ത് വരെ അടയ്ക്കും.

ക്ഷണിക്കപ്പെട്ട അതിഥികളടക്കമുള്ളവർക്ക് കഴിഞ്ഞ രണ്ടാഴ്ചക്കിടെ കോവിഡ് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ അവർ ചടങ്ങിൽ പങ്കെടുക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എന്തെങ്കിലും കോവിഡ് രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ട, പരിശോധിക്കാതിരിക്കുകയോ പരിശോധനാ ഫലം ലഭിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ചടങ്ങിൽ പങ്കെടുക്കരുതെന്നാണ് ഡൽഹി പൊലീസ് നിർദേശിക്കുന്നത്. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങൾ പുറപ്പെടുവിച്ച, കോവിഡുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ആഘോഷ സമയത്ത് പാലിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു.

മുൻകരുതൽ നടപടിയായി 350 ഓളം പോലീസ് ഉദ്യോഗസ്ഥരെ കാവൽ നിർത്തിയിട്ടുണ്ട്. പാരാ ഗ്ലൈഡറുകൾ, പാരാ മോട്ടോറുകൾ, ഹാംഗ് ഗ്ലൈഡറുകൾ, യു‌എവികൾ, മൈക്രോ ലൈറ്റ് എയർക്രാഫ്റ്റ്, ഹോട്ട് എയർ ബലൂണുകൾ, ചെറിയ വലുപ്പത്തിൽ പ്രവർത്തിക്കുന്ന വിമാനം, ക്വാഡ്‌കോപ്റ്ററുകൾ, വിമാനത്തിൽ നിന്നുള്ള പാരാ ജമ്പിംഗ് തുടങ്ങിയയ്ക്ക് പ്രദേശത്തെ വ്യോമപരിധിയിൽ നിരോധനമുണ്ട്.

Full dress rehearsal at Government College of S A S Nagar, in Punjab, on Thursday, August 13, 2020. (Express photo by Jasbir Malhi)

എല്ലാ സംസ്ഥാന സർക്കാരുകളുടെയും കേന്ദ്രഭരണ ഭരണകൂടങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് സ്വാതന്ത്ര്യ ദിനാഘോഷം സംബന്ധിച്ച മാർഗ നിർദേശം ഇതിനകം കേന്ദ്രസർക്കാർ കൈമാറിയിട്ടുണ്ട്. എല്ലാ പരിപാടികളും ആൾക്കൂട്ടം ഒഴിവാക്കുന്ന തരത്തിൽ സംഘടിപ്പിക്കണമെന്നും സാങ്കേതികവിദ്യ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

Read More: ജാലിയൻവാലാബാഗ് സ്മാരകത്തിൽ പുതിയ പ്രതിമകൾ, സ്വാതന്ത്ര്യ സമര സ്മാരകം ഉടൻ തുറന്നുകൊടുക്കും

പരിപാടികൾ ഓൺലൈനിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനെ മന്ത്രാലയം പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, ശരിയായ ശുചിത്വം പാലിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, രാവിലെ ( 9 ന് ശേഷം) സംസ്ഥാന, കേന്ദ്രഭരണ തലസ്ഥാനങ്ങളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും. കോവിഡിനെതിരായ പോരാട്ടത്തിൽ പങ്കാളികളായവരെ ചടങ്ങിൽ ക്ഷണിക്കുന്നത് ഉചിതമായിരിക്കും എന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ല, സബ് ഡിവിഷൻ അല്ലെങ്കിൽ ബ്ലോക്ക് തലങ്ങളിലും തദ്ദേശ സ്ഥാപന ആസ്ഥാനങ്ങളിലും ചടങ്ങ് സംഘടിപ്പിക്കും. ജില്ലാതലത്തിൽ ദേശീയ പതാക ഒരു സംസ്ഥാന മന്ത്രിയോ ജില്ലാ മജിസ്‌ട്രേറ്റോ ആണ് ഉയർത്തേണ്ടത്.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ പോലീസിന്റെയും സൈനിക സംഘങ്ങളുടെയും അഭ്യാസ പ്രകടനം സംഘടിപ്പിക്കാം. ഇവ റെക്കോർഡുചെയ്‌ത് വലിയ സ്‌ക്രീനുകളിലൂടെയും ഡിജിറ്റൽ മാധ്യമങ്ങളിലും പൊതു ചടങ്ങുകളിലും സോഷ്യൽ മീഡിയയിലും പ്രദർശിപ്പിക്കാമെന്ന് ആർക്കിയോളജിക്കൽ സർവേ ഉപദേശകൻ പറഞ്ഞു. വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതും, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സ്കൂൾ-കോളേജ് തല സംവാദങ്ങളോ മത്സരങ്ങളോ നടത്തുന്നതും പോലുള്ള ചടങ്ങുകൾ നടത്താമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Read More: No schoolchildren, pruned guest list, cops in PPE: Why this Independence Day will be unlike any other

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook