Independence Day 2020: ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടം ലോകമാതൃകയാണെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആത്മവിശ്വാസത്തിന്റെ കരുത്തോടെ കോവിഡ്- 19 നെതിരായ പോരാട്ടത്തില്‍ നാം മറ്റു രാജ്യങ്ങള്‍ക്കു പിന്തുണയേകിയെന്നും 74-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് നൽകിയ സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.

രാഷ്ട്രപിതാവ് മഹാഗാന്ധി ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമരസേനാനികളെയും രക്തസാക്ഷികളെയും അനുസ്മരിച്ചുകൊണ്ടായിരുന്നു രാഷ്ട്രപതി പ്രസംഗമാരംഭിച്ചത്. ഈ മഹാത്മാക്കളുടെ ത്യാഗങ്ങളാണ് ഒരു സ്വതന്ത്ര രാഷ്ട്രത്തില്‍ ജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കിയത്. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ വഴിവിളക്കായി മഹാത്മാഗാന്ധിയെ ലഭിച്ചതില്‍ നാം ഭാഗ്യവാന്മാരാണ്. രാഷ്ട്രീയ നേതാവെന്ന നിലയില്‍, മഹാത്മാവെന്ന നിലയില്‍, ഇന്ത്യയില്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമായിരുന്നു അദ്ദേഹമെന്നും രാഷ്ട്രപതി പറഞ്ഞു.

മഹാമാരി സൃഷ്ടിച്ച കടുത്ത വെല്ലുവിളി നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി, കൃത്യസമയത്ത് പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരുകളും സാഹചര്യങ്ങള്‍ക്കനുസൃതമായി നടപടികള്‍ സ്വീകരിച്ചു. ജനങ്ങളും പൂര്‍ണമനസോടെ പിന്തുണയേകി. നമ്മുടെ സമര്‍പ്പിത പരിശ്രമത്തിലൂടെ, മഹാമാരിയുടെ വ്യാപ്തി കുറയ്ക്കാനും ധാരാളം ജീവന്‍ രക്ഷിക്കാനും നമുക്കു കഴിഞ്ഞു.

കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ അക്ഷീണം പ്രയത്‌നിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരോട് രാജ്യം കടപ്പെട്ടിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അവരില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. അവര്‍ നമ്മുടെ ദേശീയ നായകരാണ്.

ദുരന്തനിവാരണ സംഘങ്ങളിലെ അംഗങ്ങള്‍, പൊലീസ്, ശുചീകരണത്തൊഴിലാളികള്‍, വിതരണ ജീവനക്കാര്‍, ഗതാഗത-റെയില്‍വേ- വ്യോമയാന ജീവനക്കാര്‍, സേവനദാതാക്കള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സാമൂഹ്യസേവന സംഘടനകള്‍ തുടങ്ങിയവരും ഉദാരമനസ്‌കരായ പൗരന്മാരും ധൈര്യത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും പ്രചോദനാത്മകമായ കഥകള്‍ രചിക്കുകയാണ്.

മഹാവ്യാധി ഏറ്റവും കൂടുതല്‍ ബാധിച്ചതു ദരിദ്രരെയും ദിവസ വേതനക്കാരെയുമാണ്. അവരെ പിന്തുണയ്ക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ആവശ്യക്കാര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിനാല്‍ ഒരു കുടുംബവും വിശന്നു കഴിയേണ്ടിവരുന്ന സാഹചര്യമില്ല.

കോവിഡ്- 19 നെതിരായ പോരാട്ടത്തില്‍ ജീവനും ഉപജീവനവും പ്രധാനപ്പെട്ടതാണ്. എല്ലാവരുടെയും, വിശേഷിച്ച് കര്‍ഷകരുടെയും ചെറുകിട സംരംഭകരുടെയും നേട്ടത്തിനായി സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പരിഷ്‌കാരങ്ങള്‍ക്കുള്ള അവസരമായി നാം ഇപ്പോഴത്തെ പ്രതിസന്ധിയെ കണ്ടു. കര്‍ഷകര്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്നതിനായി അവശ്യ വസ്തു നിയമം ഭേദഗതി ചെയ്തു. ഇതു കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനു സഹായകമാകും.

‘വന്ദേ ഭാരത് ദൗത്യം’ വഴി 10 ലക്ഷത്തിലേറെ ഇന്ത്യക്കാരെ സര്‍ക്കാര്‍ തിരികെ എത്തിച്ചു. ആളുകളുടെ സഞ്ചാരവും ഒപ്പം ചരക്കുനീക്കവും സാധ്യമാക്കുതിനായി ഇന്ത്യന്‍ റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.

നമ്മുടെ അതിര്‍ത്തികള്‍ പ്രതിരോധിക്കുതിനായി ഗാല്‍വന്‍ താഴ്വരയില്‍ ജീവന്‍ ത്യജിച്ച ധീര യോദ്ധാക്കളെ രാജ്യമൊന്നാകെ അഭിവാദ്യം ചെയ്യുന്നു. സമാധാനത്തില്‍ വിശ്വസിക്കുമ്പോഴും കടന്നുകയറ്റം നടത്താനുള്ള ഏതു ശ്രമത്തിനും ശക്തമായ തിരിച്ചടി നല്‍കാന്‍ നാം പ്രാപ്തരാണെന്നാണ് അവരുടെ പോര്‍വീര്യം തെളിയിച്ചിരിക്കുന്നത്.

അയോധ്യയിലെ രാമക്ഷേത്രം നിർമാണം രാജ്യത്തിന്‌ അഭിമാന നിമിഷമാണ്. ദേശീയ വിദ്യാഭ്യാസ നയം 2020ത്തിലെ ‘‘ഉൾക്കൊള്ളൽ ’, ‘നൂതനത്വം’, ‘സ്ഥാപനവത്കരണം  എന്നീ ആശയങ്ങള്‍ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തും.

 

ചില കഠിനമായ പാഠങ്ങളാണ് ഈ വര്‍ഷം നാം പഠിച്ചത്. പ്രകൃതിയുടെ അധിപരാണ് മനുഷ്യരെന്ന തെറ്റായ ചിന്ത അദൃശ്യ വൈറസ് തകര്‍ത്തുകളഞ്ഞു.  ഇരുത്തിയൊന്നാം നൂറ്റാണ്ടിനെ ഭാവിതലമുറ സ്മരിക്കേണ്ടത് വ്യത്യാസങ്ങള്‍ മറന്ന്, ഭൂമിയെ സംരക്ഷിക്കാനായി മനുഷ്യകുലം ഒരുമിച്ച ഒരു നൂറ്റാണ്ട് എന്ന പേരില്‍ ആയിരിക്കണം.

സാമ്പത്തിക രംഗത്തെ നയിക്കാന്‍, നമ്മുടെ രാജ്യത്തെ നിരവധി പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് സാങ്കേതികവിദ്യ ശക്തിപകര്‍ന്നു. അങ്ങനെ പ്രകൃതിയുമായി സന്തുലനം പാലിച്ചുകൊണ്ട് ശാസ്ത്രസാങ്കേതികവിദ്യയുടെ ഉപയോഗപ്പെടുത്തുന്നത് നമ്മുടെ നിലനില്‍പ്പിനെയും വളര്‍ച്ചയും ഗുണകരമായ ബാധിക്കുമെന്ന് നാം തിരിച്ചറിഞ്ഞു.

Read in IE: President Kovind address to nation on I-Day eve: ‘Bravery of soldiers in Galwan Valley showed India is capable of giving befitting response’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook