ന്യൂഡല്‍ഹി: യഥാര്‍ത്ഥ സ്വതന്ത്ര്യത്തിനായി രാജ്യത്തോട് ഒരുമിച്ച് നില്‍ക്കാന്‍ ആഹ്വാനം ചെയ്ത് സോണിയ ഗാന്ധി. അനീതിയ്‌ക്കെതിരേയും അസഹിഷ്ണുതയ്‌ക്കെതിരേയും വിവേചനത്തിനെതിരേയും ശബ്ദമുയര്‍ത്തണമെന്ന് സോണിയ പറഞ്ഞു. സ്വാതന്ത്ര്യദിന സന്ദേശത്തിലായിരുന്നു സോണിയയുടെ ആഹ്വാനം.

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അസിഹ്ഷുണതയ്ക്കും അനീതിയ്ക്കും അന്ധ വിശ്വാസത്തിനും ഫനാറ്റിസത്തിനും സ്ഥാനമില്ലെന്നും എന്നാല്‍ ഇപ്പോഴും നിരവധി പൗരന്മാരാണ് നിത്യേനെ വിവേചനത്തെ നേരിടുന്നതെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയെ ഇന്ന് കാണുന്ന തരത്തിലേക്ക് ഉയര്‍ത്താന്‍ ഒരുപാട് ത്യാഗം സഹിച്ചവരുടെ സഹനത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും അതിനാല്‍ ഓരോ പൗരനും സ്വാതന്ത്ര്യത്തിന്റെ മൂല്യവും സാഹോദര്യവും സമാധാനവും സമത്വവും സംരക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും അവര്‍ പറഞ്ഞു.

സമത്വവും നീതിപൂര്‍ണവുമായ സമൂഹം പടുത്തുയര്‍ത്തുന്നതിന്റെ ഉത്തരവാദിത്തം യുവതയുടെ കരങ്ങളിലാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യ ഇന്ന് 73-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. വിപുലമായ പരിപാടികളോടെയാണ് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ഇന്ത്യന്‍ പതാക ഉയര്‍ത്തിയ ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

കര, വ്യോമ, നാവിക സേനകളുടെ ഏകോപനത്തിന് ഒരു തലവനെ പ്രത്യേകമായി നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സേന നവീകരണം അടക്കമുള്ള ചുമതലകളായിരിക്കും ഇദ്ദേഹം നിര്‍വഹിക്കുക എന്നും പ്രധാനമന്ത്രി പറഞ്ഞു. സൈനിക സംസ്‌കാരത്തില്‍ ജനങ്ങള്‍ അഭിമാനിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചീഫ് ഡിഫൻസ് സ്റ്റാഫ് എന്നായിരിക്കും പുതിയ പ്രതിരോധ മേധാവി അറിയപ്പെടുക.

സേനകള്‍ ഇന്ത്യയുടെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സേനകളെ കൂടുതല്‍ ശക്തമാക്കാനാണ് പുതിയ മേധാവിയെ നിയോഗിക്കുന്നതെന്നും അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു. ചെങ്കോട്ടയിലെ പ്രസംഗത്തിലാണ് നിര്‍ണായക തീരുമാനം അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook