വാഷിങ്ടണ്‍: കണ്ടു നിന്നവരെ മുഴുവന്‍ കണ്ണീരിലാഴ്ത്തി മകന്‍റെ കൊലപാതകിയെ ആലിംഗനം ചെയ്ത് പൊറുത്തുകൊടുത്ത് ഒരു പിതാവ്.  അമേരിക്കയിലെ കെന്റൂസിയില്‍ ആണ് സംഭവം നടന്നത്.  സലാഹുദ്ദീന്‍ ജിത്‍മൗട് എന്ന 22കാരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 24കാരനായ ട്രേ റെല്‍ഫോഡിനെ കോടതി 31 വര്‍ഷം തടവിന് വിധിക്കുകയായിരുന്നു.

പിസ ഡെലിവറി ബോയ് ആയിരുന്ന സലാഹുദ്ദീന്‍ ലെക്സിങ്ടണില്‍ 2015 ഏപ്രില്‍ 19ന് പിസ കൊടുക്കാന്‍ വേണ്ടിയാണ് ഒരു അപ്പാര്‍ട്ട്മെന്റിലെത്തിയത്. എന്നാല്‍ സലീഹുദ്ദീനെ കൊളളയടിച്ച റെല്‍ഫോഡ് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

വ്യാഴാഴ്ച കോടതി വിധിക്ക് തൊട്ടുമുമ്പ് തന്‍റെ മകന്‍ വളരെ ദയാലുവും ഏറെ നാണംകുണുങ്ങിയും ആയിരുന്നെന്ന് പിതാവ് ഡോ. അബ്ദുള്‍ മുനിം സോംബത്ത് ജിത്‍മൗട് ഓര്‍ത്തെടുത്തു. കൊല്ലപ്പെട്ട രാത്രി ജോലി കഴിയാന്‍ അവസാനത്തെ ഒരു പിസ കൂടി ഡെലിവറി ചെയ്യാന്‍ പോകവെയാണ് മകന്‍ കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ സംസാരിച്ച് തീര്‍ക്കവേ അദ്ദേഹത്തിന്‍റെ വാക്കുകള്‍ കോടതിയില്‍ കൂടിയവരേയും ജഡ്ജിയേയും മറ്റും അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തി. മകനെ കൊലപ്പെടുത്തിയതില്‍ റെല്‍ഫോഡിനെ കുറ്റം പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത്തരമൊരു ക്രൂരത ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിച്ച ആ പിശാചിനോടാണ് എനിക്ക് ദേഷ്യം’ എന്നായിരുന്നു അദ്ദേഹം മകന്‍റെ കൊലപാതകിയോട് പറഞ്ഞത്.

‘പൊറുക്കലാണ് ഇസ്ലാമിലെ ഏറ്റവും വലിയ ദാനം’ എന്നത് കൊണ്ടാണ് മകന്‍റെ ഘാതകനോട് താന്‍ പൊറുക്കുന്നതെന്നും ഡോ. മുനീം കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ ഉളളവരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. കണ്ണീർ തുടച്ചുകൊണ്ട് ജഡ്ജി കോടതി താത്കാലികമായി പിരിഞ്ഞതായി അറിയിച്ചു. പിന്നീട് കോടതി പുനരാംരംഭിച്ചപ്പോള്‍ കുറ്റവാളിയുടെ മാതാവ് മകനെ കുറിച്ച് വിശദീകരിച്ചു.

‘നിങ്ങളുടെ സുന്ദരനായ മകന്‍റെ വിയോഗത്തിന് ഞാന്‍ കൂടി ഉത്തരവാദിയാണ്’ എന്നായിരുന്നു റെല്‍ഫോഡിന്‍റെ മാതാവിന്‍റെ വാക്കുകള്‍. തന്‍റെ മകനോട് പൊറുത്തുകൊടുത്ത ഡോക്ടറുടെ വാക്കുകള്‍ തന്നെ ഞെട്ടിച്ചുവെന്നും അവര്‍ വ്യക്തമാക്കി. പിന്നീട് റെല്‍ഫോഡും തന്‍റെ ചെയ്തിയില്‍ മാപ്പപേക്ഷിച്ചു. പിന്നീട് റെല്‍ഫോഡിന് കൈകൊടുത്ത ഡോക്ടര്‍ മുനീം അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ