ന്യൂയോർക്: എച്ച്1ബി വീസയുടെ ആനുകൂല്യത്തിൽ അമേരിക്കയിൽ തൊഴിൽ ചെയ്യുന്നവർക്ക് സന്തോഷവാർത്ത. ഇവരുടെ വേതനം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായാണ് തൊഴിൽ വകുപ്പ് സെക്രട്ടറി അലക്സാണ്ടർ അകോസ്റ്റ രംഗത്ത് വന്നത്. ഇന്ത്യൻ ഐടി കമ്പനികൾ വളരെയധികം ഉപയോഗിക്കുന്ന ഈ വിസയിൽ കുറഞ്ഞ വേതനം 80000 ഡോളറാക്കണമെന്നാണ് നിർദ്ദേശം വന്നിരിക്കുന്നത്.

നിലവിൽ 60000 ഡോളറാണ് മിനിമം വേതനം. എച്ച്1ബി വീസ അനുവദിക്കുന്നത് കുറയ്ക്കാനും ഈ സ്ഥാനത്ത് അമേരിക്കക്കാർക്ക് ജോലി നൽകാനും കമ്പനികളോട് ആവശ്യപ്പെടുമെന്നും അക്കോസ്റ്റ വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കൻ സെനറ്റിലെ തൊഴിൽ, ആരോഗ്യം, മാനുഷിക സേവനം, വിദ്യാഭ്യാസം, തുടങ്ങിയ ഉപസമിതികൾക്ക് മുൻപാകെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വേതനം വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടാൽ കമ്പനികൾ എച്ച്1ബി വിസ അനുവദിക്കുന്നത് കുറയ്ക്കുമെന്ന് ഇദ്ദേഹം സെനറ്റ് ഉപസമിതി യോഗത്തിൽ പറഞ്ഞു.

വിദേശികൾക്ക് പകരം അമേരിക്കക്കാരെ നിയമിക്കുന്നതിൽ കമ്പനികൾ ഉയർത്തുന്ന തടസ്സവാദങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സെനറ്റ് തന്നെ രംഗത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സെനറ്റംഗം റിച്ചാർഡ് ഡർബിന്റെ ചോദ്യത്തിനായിരുന്നു ഈ മറുപടി. ചിക്കാഗോയിലെ മരുന്നുകമ്പനി അവരുടെ 150 ഐടി ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തെക്കുറിച്ചാണ് ഡർബിൻ പരാമർശിച്ചത്. “ഇവരുടെ പരിചയ സമ്പത്ത് അടിസ്ഥാനമാക്കി ഒരു വർഷത്തേക്ക് ഒരു മാസത്തെ ശമ്പളം എന്ന കണക്കിൽ നഷ്ടപരിഹാരം നൽകി. പുറത്താക്കുന്നതിന്റെ കാരണം വെളിപ്പെടുത്തരുതെന്ന നിബന്ധനയിലായിരുന്നു പുറത്താക്കൽ. ഇതിന് പകരം ഇന്ത്യയിൽ നിന്നുള്ള ഐടി ജീവനക്കാരെ എച്ച്1ബി വീസ നൽകി വിളിക്കുകയായിരുന്നു ഇവർ” ഡർബിൻ പറഞ്ഞു.

അമേരിക്കയിലെ പാതിയിലധികം എച്ച്1ബി വീസകളും ഇന്ത്യയിൽ നിന്നുള്ള കമ്പനികൾ റിക്രൂട്ട് ചെയ്തവരാണെന്ന് ഡർബിൻ കുറ്റപ്പെടുത്തി. “അമേരിക്കക്കാരെ പരിശീലിപ്പിച്ച ശേഷം ജോലി ചെയ്യാൻ ഇന്ത്യൻ കമ്പനികളെ ചുമതലപ്പെടുത്തുകയാണ് അമേരിക്കൻ കമ്പനികൾ ചെയ്തത്” എന്നും ഡർബിൻ പറഞ്ഞു.

എച്ച്1ബി വീസ കാര്യത്തിലെ അമേരിക്കൻ നയം സംബന്ധിച്ച് നേരത്തേ കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി അമേരിക്കൻ വാണിജ്യകാര്യ വകുപ്പ് സെക്രട്ടറി വിൽബർ റോസുമായി ചർച്ച നടത്തിയിരുന്നു. എച്ച്1ബി വീസ വെട്ടിക്കുറയ്ക്കാനാണ് അമേരിക്കൻ ശ്രമം.

ഈ സാഹചര്യത്തിൽ ഉയർന്ന തൊഴിൽ വൈദഗ്ദ്ധ്യം ഉള്ള ഇന്ത്യാക്കാർ അമേരിക്കയുടെ വാണിജ്യ വികസനത്തിൽ വഹിക്കുന്ന പങ്ക് ചൂണ്ടിക്കാട്ടിയാണ് അമേിക്ക സന്ദർശിച്ച അരുൺ ജയ്റ്റ്ലി വിൽബർ റോസുമായി ചർച്ച നടത്തിയത്.

ഇന്ത്യയുടെയും അമേരിക്കയുടെയും സാമ്പത്തിക വളർച്ചയിൽ മികച്ച പങ്ക് വഹിക്കുന്ന ഇന്ത്യാക്കാരെയും അവരുടെ തൊഴിൽ ശേഷിയെയും കണ്ടില്ലെന്ന് നടിക്കരുതെന്ന് ജെയ്റ്റ്ലി ആവശ്യപ്പെട്ടു. “ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദം ശക്തമാക്കി മുന്നോട്ട് പോകാൻ ഈ നിലപാട് അത്യാവശ്യമാണെന്നും” അദ്ദേഹം പറഞ്ഞതായാണ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരം.

രാജ്യത്ത് ഇതുവരെ അനുവദിച്ച​ എച്ച്1ബി വീസ ഉടമകളുടെ വിവരങ്ങൾ പുനപരിശോധിക്കണമെന്ന് ഡൊണാൾഡ് ട്രംപ് നേരത്തേ ഉത്തരവിട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook