മുംബൈ: ബോളിവുഡ് സംവിധായകരായ അനുരാഗ് കശ്യപ്, വികാസ് ബഹൽ, നടി താപ്‍സി പന്നു എന്നിവരുടെ മുംബൈയിലെ വസതികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നികുതിവെട്ടിപ്പ് സംബന്ധിച്ചുള്ള ആരോപണങ്ങളിലാണ് നടപടി. മുംബൈയിലും പൂനെയിലുമുള്ള 20 കേന്ദ്രങ്ങളിലാണ് പരിശോധന.

ടാലന്റ് ഏജന്‍സി, അനുരാഗ് കശ്യപിന്റെ ഉടമസ്ഥതയിലുള്ള ഫാന്റം ഫിലിംസ്, നിര്‍മ്മാതാവ് മധു മണ്‍ടേനയുടെ ഓഫീസ് എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. പൗരത്വ നിയമഭേദഗതി, കർഷക പ്രക്ഷോഭം തുടങ്ങി നിരവധി വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളവരാണ് അനുരാഗ് കശ്യപും താപ്സി പന്നുവും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും പലതവണ അനുരാഗ് കശ്യപ് പേരെടുത്ത് വിമർശിച്ചിട്ടുണ്ട്. കര്‍ഷക സമരത്തെക്കുറിച്ചുള്ള പോhd താരം റിഹാനയുടെ ട്വീറ്റിനെ വിമര്‍ശിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറും അക്ഷയ് കുമാറും അടക്കമുള്ള സെലിബ്രിറ്റികള്‍ രംഗത്തെത്തിയപ്പോള്‍ ഈ വിമർശനത്തിനെതിരായുള്ള​ താപ്സിയുടെ ട്വീറ്റ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Read More: കർഷക സമരം: സച്ചിന് മറുപടിയുമായി താപ്സി പന്നു

“ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ വ്യാകുലപ്പെടുത്തുന്നുണ്ടെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ പരിഭ്രമപ്പെടുത്തുന്നുണ്ടെങ്കില്‍ ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലോരസപ്പെടുത്തുന്നെങ്കിൽ, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവർ എന്ത് പറയണമെന്ന് പഠിപ്പിക്കുന്ന പ്രൊപഗാണ്ട ടീച്ചറാകരുത്,” എന്നായിരുന്നു താപ്സിയുടെ ട്വീറ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook