Filing your income tax returns at the last minute? Keep these 6 things in mind: ഇത്തവണത്തെ ആദായ നികുതി റിട്ടേൺ പിഴ നൽകാതെ ഫയൽ ചെയ്യുന്നതിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഓഗസ്റ്റ് 31 ആണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി.
നിങ്ങൾ ഇതുവരെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെങ്കിൽ എത്രയും വേഗം സമർപ്പിക്കുക. അവസാന നിമിഷത്തിൽ ധൃതി പിടിച്ച് അബദ്ധങ്ങൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. ആദായ നികുതി റിട്ടേൺ തെറ്റ് കൂടാതെ ഫയൽ ചെയ്യാൻ താഴെ പറയുന്ന കാര്യങ്ങൾ നിങ്ങളെ സഹായിക്കും
Read More: Income Tax Slabs and Rates 2019-20: ആദായനികുതി ഇളവ്: അറിയേണ്ടതെല്ലാം
1. ഫോം പൂരിപ്പിക്കുന്നതിനു മുൻപായി എല്ലാ രേഖകളും സമീപത്ത് എടുത്തു വയ്ക്കുക
എല്ലാ രേഖകളും എടുത്തു വയ്ക്കാതെ ഫോം പൂരിപ്പിക്കുന്നത് തെറ്റുണ്ടാകാൻ ഇടയാക്കും. അതിനാൽ തന്നെ ഫോം പൂരിപ്പിക്കുന്നതിനു മുൻപായി ഫോം 16, ഫോം 26 എഎസ്, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ തുടങ്ങി എല്ലാ രേഖകളും സമീപത്തായി എടുത്തു വയ്ക്കുക.
2. ശരിയായ ഐടിആർ ഫോം തിരഞ്ഞെടുക്കുക
നികുതി ദായകരിലെ വിവിധ വിഭാഗങ്ങൾക്ക് ഐടിആർ ഫോമുകൾ വ്യത്യസ്തമാണ്. ഐടി വകുപ്പ് 2019-20 വർഷത്തേക്കുള്ള പുതിയ ഫോമുകൾ പുറത്തിറക്കിയിട്ടുണ്ട്. അതിനാൽ നിങ്ങൾ തിരഞ്ഞെടുത് തങ്ങൾക്ക് ബാധകമായ ഐടിആർ ഫോം ആണെന്ന് ഉറപ്പാക്കുക. അവസാന നിമിഷം ധൃതി പിടിച്ച് തെറ്റായ ഫോം തിരഞ്ഞെടുക്കുന്നത് സർവസാധാരണമാണ്. ഇത്തരം തെറ്റുകൾ 139(5) വകുപ്പ് പ്രകാരം തിരുത്തി പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യാം. പുതുക്കിയ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അസസ്മെന്റ് കഴിയുന്നതു വരെയോ അല്ലെങ്കില്‍ 2020 മാര്‍ച്ച് 31 വരെയോ സമയമുണ്ട്. ഈ സമയപരിധിക്കുളളിൽ ശരിയായ ഫോം സമർപ്പിച്ചില്ലെങ്കിൽ അസാധുവാക്കുകയോ, നിങ്ങൾ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെന്ന് കരുതുകയോ ചെയ്യും.
3. എല്ലാ വരുമാനവും ഉൾപ്പെടുത്തണം
നികുതി ദായകന് പല മാർഗങ്ങളിലൂടെ വരുമാനം ലഭിക്കുന്നുണ്ടാകും. ഉദാഹരണത്തിന്, ജോലിയുളള ഒരാൾക്ക് ശമ്പളം കൂടാതെ ബാങ്ക് പലിശ, ലാഭവിഹിതം, മൂലധന നേട്ടങ്ങൾ, ഫ്രീലാൻസിങ് ബിസിനസിൽ നിന്നുള്ള വരുമാനം, വീട് വാടകയ്ക്ക് നൽകുന്നതിലൂടെയുള്ള വരുമാനവും ലഭിക്കും. അത്തരം വരുമാനങ്ങളെല്ലാം ഐടിആർ ഫോമിൽ വെളിപ്പെടുത്തണം.
നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നികുതി വിമുക്തമായിട്ടുള്ള വരുമാനത്തെ കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകണം. ഭാവിയിൽ ഐടി ഡിപ്പാർട്മെന്റിൽ നിന്നുള്ള ചോദ്യങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും.
4. ഫോം 16 ൽ ക്ലെയിം ഡിഡക്ഷൻസ് ഉൾപ്പെടുത്താതിരിക്കുക
ഒരു നികുതിദായകന് നികുതി ലഭിക്കുന്ന നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ തൊഴിലുടമയ്ക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത ചില കേസുകളുണ്ട്, അതിനാലാണ് ഫോം 16 ൽ അത് പ്രതിഫലിക്കാത്തത്. അതിനാൽ, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് നിങ്ങൾ ഫോം 16 മാത്രം ആശ്രയിക്കുകയാണെങ്കിൽ, ഐടിആറിൽ അത്തരം നിക്ഷേപങ്ങൾ ഉൾപ്പെടുത്തുന്നത് നിങ്ങൾ മറന്നേക്കാം. ആയതിനാൽ, നിങ്ങളുടെ ഫോം 16 ൽ റിപ്പോർട്ടു ചെയ്തിട്ടില്ലാത്ത അത്തരം കിഴിവുകളുടെ ഒരു ലിസ്റ്റ് സൂക്ഷിച്ചിട്ടുണ്ടെന്നും ഐടിആർ ഫയൽ ചെയ്യുമ്പോൾ അത് ക്ലെയിം ചെയ്യുന്നുവെന്നും ഉറപ്പാക്കുക.
5. ഫോം 26 എഎസ് കൃത്യമായി പരിശോധിക്കുക
ഐടിആറിൽ നിങ്ങൾ കാണിച്ച വരുമാനം ഫോം 26 എഎസുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, അത്തരം പൊരുത്തക്കേടുകൾക്ക് ഐടി വകുപ്പ് കാരണം തേടിയേക്കാനുളള സാധ്യതയുണ്ട്. അതിനാൽ, ഐടിആർ ഫയൽ ചെയ്യുന്നതിന് മുമ്പ് ശരിയായി പരിശോധിക്കുക.
സാധാരണയായി, നികുതിദായകർ മറ്റ് സ്രോതസുകളിൽ നിന്നുള്ള വരുമാനം ഐടിആറിൽ ഉൾപ്പെടുത്താൻ മറക്കുന്നതിലൂടെയാണ് ഇത് സംഭവിക്കുക. ചില സമയങ്ങളിൽ, ടിഡിഎസ് കുറച്ചാലും അത് ഐടിആറിൽ പ്രതിഫലിക്കാറില്ല. ഇത്തരം തെറ്റുകൾ സംഭവിക്കാതിരിക്കാൻ നേരത്തെ തന്നെ ഫോം 26 എഎസ് പരിശോധിക്കുക. നിങ്ങളുടെ ഫോം 26 എഎസിൽ ടിഡിഎസ് തുകയുടെ കാര്യത്തിൽ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ, നികുതി കുറച്ച കമ്പനിക്ക് ഉടൻ റിപ്പോർട്ട് ചെയ്യുകയും അത് ഉടൻ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുക.
6. ജിഎസ്ടി റിട്ടേൺ വിശദാംശങ്ങൾ തയ്യാറായി വയ്ക്കുക
നിങ്ങൾ ഒരു പ്രൊഫഷണൽ അല്ലെങ്കിൽ ചരക്ക് സേവന നികുതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ബിസിനസുകാരനാണെങ്കിൽ, ഐടിആർ ഫയൽ ചെയ്യുമ്പോൾ FY2018-19 ന്റെ ജിഎസ്ടി വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ എല്ലാ ബിസിനസുകളുടെയും ജിഎസ്ടി വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടിവരുമെന്നത് ശ്രദ്ധിക്കുക. ഐടിആർ ഫയൽ ചെയ്യുമ്പോൾ, ജിഎസ്ടിആറും നൽകേണ്ടിവരും. ഐടിആറും ജിഎസ്ടിആറും തമ്മിലുള്ള പൊരുത്തക്കേട് ഐടി വകുപ്പിൽ നിന്നുള്ള അന്വേഷണത്തിന് കാരണമാകും. അതിനാൽ, ഐടിആർ ഫയൽ ചെയ്യുമ്പോൾ നിങ്ങൾ ജിഎസ്ടി വിറ്റുവരവ് പ്രസ്താവന തയ്യാറാക്കി വയ്ക്കണം.
അവസാനമായി, ഐടിആർ സമർപ്പിക്കുന്നതിനുമുമ്പ്, തെറ്റ് ഒഴിവാക്കാൻ എല്ലാം ഒന്നുകൂടി വിശദമായി പരിശോധിക്കുക. നിങ്ങളുടെ ഫോൺ നമ്പർ, ഇ-മെയിൽ ഐഡി, വിലാസം അല്ലെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പോലും മാറ്റിയിട്ടുണ്ടെങ്കിൽ, ഐടിആർ ഫയൽ ചെയ്യുന്നതിന് മുമ്പ് അവ അപ്‌ഡേറ്റ് ചെയ്യുക; അല്ലാത്തപക്ഷം നിങ്ങൾക്ക് ഐടി ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾ (റീഫണ്ടുകൾ ഉണ്ടെങ്കിൽ) നഷ്‌ടപ്പെടാം.
നിങ്ങൾക്ക് ആദായ നികുതി ഫോം പൂരിപ്പിക്കാൻ കഴിയില്ലെന്ന് ഉറപ്പുണ്ടെങ്കിൽ, ഒരു നികുതി ഉപദേശകന്റെ സഹായം തേടുന്നതാണ് നല്ലത്. എത്രയും വേഗം റിട്ടേൺ ഫയൽ ചെയ്യുന്നതിനുളള നടപടികൾ തുടങ്ങാൻ ശ്രമിക്കുക, അങ്ങനെയെങ്കിൽ ഭേദഗതികൾ വരുത്താൻ നിങ്ങൾക്ക് ധാരാളം സമയം ലഭിക്കും.
Read Here: ആദായ നികുതി റിട്ടേണ്‍: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍