ന്യൂഡല്‍ഹി: ഓഡിറ്റ് ഇല്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും 2019-20 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കാനുള്ള അവസാന തിയതി നീട്ടി. ജനുവരി 10 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. ഡിസംബർ 31 വരെയായിരുന്നു നേരത്തെ നൽകിയ സമയപരിധി. ഓഡിറ്റുള്ളവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമുള്ള തിയതിയും നീട്ടിയിട്ടുണ്ട്. ഇന്നലെ, രാത്രി എട്ടു മണി വരെ 13.6 ലക്ഷത്തിലധികം റിട്ടേണുകള്‍ സമര്‍പ്പിക്കപ്പെട്ടതായാണ് ആദായനികുതി വകുപ്പിന്റെ കണക്ക്.
ഇന്നലെ രാത്രി ഏഴു മുതല്‍ എട്ടുവരെയുള്ള ഒരു മണിക്കൂറില്‍ ഏകദേശം 1.5 ലക്ഷം റിട്ടേണുകളാണ് ലഭിച്ചത്. വൈകിട്ട് ആറു വരെ 12,16,631 റിട്ടേണുകളും തുടര്‍ന്നുള്ള ഒരു മണിക്കൂറില്‍ 1,50,366 റിട്ടേണുകകളും ഫയല്‍ ചെയ്തതായി ആദായനികുതി വകുപ്പ് ട്വിറ്റില്‍ കുറിച്ചു.
2019-20 സാമ്പത്തിക വര്‍ഷം ഡിസംബര്‍ 29 വരെ 4.54 കോടിയിലധികം റിട്ടേണുകള്‍ സമര്‍പ്പിക്കപ്പെട്ടതായാണ് ആദായനികുതി വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 4.51 കോടി റിട്ടേണുകള്‍ സമര്‍പ്പിക്കപ്പെട്ടു.
ജൂലൈ 31 ആയിരുന്നു റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആദായനികുതി വകുപ്പ് നേരത്തെ അനുവദിച്ചിരുന്ന കാലയളവ്. കോവിഡ് പശ്ചാത്തലത്തില്‍ സമയപരിധി ഒക്ടോബര്‍ 31 വരെയും തുടര്‍ന്ന് ഡിസംബര്‍ 31 വരെയും നീട്ടുകയായിരുന്നു. അന്തിമസമയം വരെ കാത്തിരിക്കാതെ നേരത്തെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആദായ നികുതി വകുപ്പ് നികുതിദായകരോട് ആവശ്യപ്പെട്ടിരുന്നു.
ഇ-വെരിഫിക്കേഷന്: ഇക്കാര്യം ശ്രദ്ധിക്കാം
ഫയല്‍ ചെയ്ത റിട്ടേണുകളുടെ ഇ-വെരിഫിക്കേഷനായി ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി സ്വീകരിക്കുന്നതില്‍ ഉപയോക്താക്കള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നത് ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
”ആദായനികുതി വകുപ്പിന്റെ ഉപദേശം: ”ഫയല്‍ ചെയ്ത റിട്ടേണുകളുടെ ഇ-വെരിഫിക്കേഷനായി ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി സ്വീകരിക്കുന്നതില്‍ ഉപയോക്താക്കള്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടു. ഈ പ്രശ്നം ബന്ധപ്പെട്ട അധികാരികളുടെ പരിഗണനയിലാണ്. നിശ്ചിത കാലാവധിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ടെങ്കിലും റിട്ടേണ്‍ സമര്‍പ്പിച്ച തിയതി മുതല്‍ 120 ദിവസത്തിനുള്ളില്‍, ഇ-വെരിഫിക്കേഷന് ആധാര്‍ ഒടിപി അല്ലെങ്കില്‍ മറ്റ് ഓപ്ഷനുകള്‍ ഉപയോഗിച്ച് ചെയ്യാം,” വിവിധ ട്വീറ്റുകളിലായി ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
തിയതി നീട്ടണമെന്ന് ആവശ്യം
ഡിസംബര്‍ 31നു മുന്‍പ് ധാരാളം നികുതിദായകര്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നുണ്ടെങ്കിലും തിയതി നീട്ടണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. കോവിഡ്-19നെത്തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ മൂലം ഉപജീവനമാര്‍ഗം ബാധിച്ച പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. അവരില്‍ പലരും റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയതി നീട്ടാനായി സോഷ്യല്‍ മീഡിയയില്‍ കാമ്പെയിൻ നടത്തുന്നുണ്ട്.
റിട്ടേണ്‍ സമര്‍പ്പിക്കുന്നത് വൈകിയാല്‍ പതിനായിരം രൂപയാണു പിഴ. വരുമാനം അഞ്ച് ക്ഷം രൂപയ്ക്കു താഴെയാണെങ്കില്‍ പിഴ ആയിരം രൂപ. അടയ്ക്കാനുള്ള നികുതിയ്ക്ക് രണ്ട് ശതമാനം പലിശ നല്‍കണം. ഓഡിറ്റ് റിപ്പോര്‍ട്ട് വൈകിയാലും പിഴ ഒടുക്കണം.