ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ജയലളിതയുടെ ചെന്നെയിലെ വസതിയായ പോയസ് ഗാര്‍ഡനിലായിരുന്നു വന്‍ പൊലീസ് സന്നാഹത്തോടെ റെയ്ഡ് നടത്തിയത്. ജയ ടിവിയും വി.കെ.ശശികലയുടെ കുടുംബാംഗങ്ങളുടെ വീടും അനുബന്ധ സ്ഥലങ്ങളും റെയ്ഡ് ചെയ്തതിന് പിന്നാലെയാണ് പോയസ് ഗാര്‍ഡനിലും റെയ്ഡ് നടന്നത്.

ശശികല ഉപയോഗിച്ചിരുന്ന രണ്ട് മുറികളും ഇവരുടെ പേഴ്സണല്‍ സെക്രട്ടറി എസ്.പൂങ്കുണ്ട്രാന്റെ മുറിയും മാത്രമാണ് അധികൃതര്‍ പരിശോധന നടത്തിയത്. ജയലളിതയുടെ മരണശേഷം ശശികലയെ ജയിലിലേക്ക് അയക്കുന്നതിന് തൊട്ടുമുമ്പ് വരെ ഇവര്‍ കഴിഞ്ഞത് ഇവിടെയായിരുന്നു.

ജയയുടെ വസതിയില്‍ റെയ്ഡു നടക്കുന്നതറിഞ്ഞ് അണ്ണാ ഡിഎംകെ ദിനകരപക്ഷം പ്രവര്‍ത്തകര്‍ കൂട്ടമായെത്തിയത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. ഒരു കുടുംബത്തെ മാത്രം ലക്ഷ്യം വച്ചുള്ള നടപടിയാണെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇതിനു പിന്നിലെന്നും ദിനകരപക്ഷം ആരോപിച്ചു. ശശികലയുടെ ബന്ധുക്കളുടെ ഒട്ടേറെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.

ശശികല പക്ഷത്തെ ലക്ഷ്യമിട്ടുള്ള ആദായനികുതി റെയ്ഡ് കൊച്ചിയിലും നടന്നിരുന്നു. ശശികലയുടെ ബന്ധുവായ ടി.ടി.വി.ദിനകരനുമായി അടുപ്പമുള്ള സുകേശ് ചന്ദ്രശേഖറിന്‍റെയും അദ്ദേഹത്തിന്‍റെ സുഹൃത്തുകളുടെയും ഫ്ലാറ്റുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.

കൊച്ചിയിൽനിന്നു ആദായനികുതി വകുപ്പ് ആറ് ആഡംബര വാഹനങ്ങളാണ് പിടിച്ചെടുത്തത്. 15 കോടിയുടെ കാറുകളാണ് പിടിച്ചെടുത്തത്. ഈ കാറുകൾ ബെംഗളൂരുവിൽ എത്തിച്ചു. ദിനകരനുവേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പണമെത്തിക്കാനെന്ന പേരിൽ ഡൽഹിയിൽ എത്തിയ സുകേശിനെ നേരത്തെ അറസ്റ്റു ചെയതിരുന്നു.

ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ 188 കേന്ദ്രങ്ങളിലായിരുന്നു ആദായനികുതി വകുപ്പ് ആദ്യം പരിശോധനകൾ നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളിൽ വൻതോതിൽ പണവും സ്വർണവും ഒട്ടേറെ രേഖകളും പിടിച്ചെടുത്തിരുന്നു. ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ നി​​​ന്നു ല​​​​ഭി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ