ന്യൂഡൽഹി: ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ് കോര്‍പ്പറേഷന്‍ (ബിബിസി) യുടെ ഡൽഹിയിലെയും മുംബൈയിലെയും ഓഫീസിൽ ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ സംഘം ‘സര്‍വേ’ നടത്തുന്നു. ഒന്നിലധികം സ്ഥലങ്ങളിൽ ‘സർവേ’കൾ നടക്കുന്നുണ്ടെന്ന് ആദായനികുതി വകുപ്പ് വക്താവ് ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
നികുതി വെട്ടിപ്പ് അന്വേഷണത്തിന്‍റെ ഭാഗമാണ് ‘സർവേകൾ’ എന്നും കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പി ടി ഐയോട് പറഞ്ഞു.
അതേസമയം, നികുതി അധികൃതരുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നു ബിബിസി ന്യൂസ് പറഞ്ഞു. ”ആദായനികുതി അധികൃതര്‍ ന്യൂഡല്‍ഹിയിലെയും മുംബൈയിലെയും ബി ബി സി ഓഫീസുകളിലുണ്ട്. ഞങ്ങള്‍ പൂര്‍ണമായും സഹകരിക്കുന്നു. ഈ സാഹചര്യം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” ബ്രോഡ്കാസ്റ്റര്‍ ട്വിറ്ററില്‍ കുറിച്ചു.
2002 ലെ ഗുജറാത്ത് കലാപത്തോടുള്ള മോദിയുടെയും (അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന) സംസ്ഥാന സർക്കാരിന്റെയും പ്രതികരണത്തെ കേന്ദ്രീകരിച്ചുള്ള ‘ഇന്ത്യ – ദി മോദി ക്വസ്റ്റിന്‍’ എന്ന രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി ബിബിസി പുറത്തിറക്കി ആഴ്ചകൾക്കുശേഷമാണ് ആദായനികുതി വകുപ്പിന്റെ നടപടി.

ആദായനികുതി വകുപ്പിന്റെ നീക്കത്തെ കോണ്‍ഗ്രസ് നിശിതമായി വിമര്‍ശിച്ചു. ‘ഇവിടെ, ഞങ്ങള്‍ അദാനി വിഷയത്തില്‍ ജെ പി സി (ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി) ആവശ്യപ്പെടുന്നു. എന്നാല്‍ സര്‍ക്കാര്‍ ബി ബി സിക്കു പിന്നാലെയാണ്,” കമ്യൂണിക്കേഷന്‍സിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
എന്നാല്‍, ബി ബി സിയെ ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കോര്‍പ്പറേഷന്‍ എന്ന് ബിജെപി തിരിച്ചടിച്ചു. ”അതിന്റെ പ്രചാരണവും കോണ്‍ഗ്രസിന്റെ അജന്‍ഡയും ഒരുമിച്ചു പോകുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബി ബി സി നിരോധിച്ച കാര്യം കോണ്‍ഗ്രസ് ഓര്‍ക്കണം,” ബി ജെ പി പറഞ്ഞു.
ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയിൽ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ബിബിസിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാർഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
ബി ബി സി ഡോക്യുമെന്ററി പങ്കു വച്ച സോഷ്യല്‍ മീഡിയ ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്രം യൂട്യൂബിനോടും ട്വിറ്ററിനോടും ഉത്തരവിട്ടിരുന്നു. ‘അപകീർത്തിപ്പെടുത്തുന്ന വിവരണം മുന്നോട്ടുകൊണ്ടുപോകാൻ രൂപകൽപ്പന ചെയ്ത ഒരു പ്രചാരണ ഭാഗം’ (a propaganda piece designed to push a particular discredited narrative) എന്നാണു ഡോക്യുമെന്ററിയെ കേന്ദ്രം വിശേഷിപ്പിച്ചത്.
‘ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും തകിടം മറിക്കാൻ ലക്ഷ്യമിട്ടുള്ളതാണു ഡോക്യുമെന്ററിയെന്നും ഇന്ത്യയുടെ ‘വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം’ ‘രാജ്യത്തിനുള്ളിലെ പൊതു ക്രമം’ എന്നിവയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
‘ഉയർന്ന എഡിറ്റോറിയൽ മാനദണ്ഡങ്ങൾക്കനുസൃതമായി, കർശനമായി ഗവേഷണം നടത്തിയാണ്’ ഡോക്യുമെന്ററി നിര്‍മിച്ചതെന്നായിരുന്നു ബി ബി സി വക്താവ് പ്രതികരിച്ചത്.