ഹൈദരാബാദ്: തെലങ്കാന സർക്കാരിന്റെ ബ്രാന്റ് അംബാസഡറായി നിയമിക്കപ്പെട്ടതിന് ലഭിച്ച ഒരു കോടി രൂപ പ്രതിഫലവുമായി ബന്ധപ്പെട്ട് പ്രമുഖ ടെന്നിസ് താരം സാനിയ മിർസയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്. ഈ തുകയ്‌ക്ക് നികുതി അടച്ചില്ലെന്ന് കാണിച്ചാണ് ഹൈദരാബാദിലെ പ്രിൻസിപ്പൽ കമ്മിഷണർ ഓഫ് സർവ്വീസ് ടാക്സ് സൂപ്രണ്ട് കെ.സുരേഷ്‌കുമാർ കത്തയച്ചത്.
രണ്ട് വർഷം മുൻപ് സംസ്ഥാനം രൂപീകൃതമായി ഉടനെ തന്നെ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു തെലങ്കാന സംസ്ഥാനത്തിന്റെ കായിക രംഗവുമായി ബന്ധപ്പെട്ട് ബ്രാന്റ് അംബാസഡറായി സാനിയയെ നിയമിച്ചിരുന്നു. ഒരു കോടി രൂപയുടെ പതിനഞ്ച് ശതമാനം സർവ്വീസ് ടാക്സും, അടയ്‌ക്കാതിരുന്നതിന് ഉള്ള പിഴയും അടക്കം 20 ലക്ഷം രൂപയാണ് സാനിയ അടക്കേണ്ടി വരിക. ഫെബ്രുവരി 16 ന് ഇത് സംബന്ധിച്ച വിശദീകരണം നൽകാനാണ് നോട്ടിസിൽ പറയുന്നത്.