ന്യൂഡൽഹി: അപ്രതീക്ഷിത നീക്കത്തിലൂടെ ലാലു പ്രസാദ് യാദവിന്റെ മക്കൾക്കെതിരെ ആദായ നികുതി വകുപ്പ് നടപടി. ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, മകൾ മിസ ഭാരതി, മിസയുടെ ഭർത്താവ് ശൈലേഷ് കുമാർ എന്നിവരുടെ സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്.

ആയിരം കോടി രൂപ കണക്കാക്കിയ ബിനാമി ഭൂ ഇടപാടുകളും നികുതി വെട്ടിപ്പും സംബന്ധിച്ച കേസിൽ ഇവർക്കെതിരെ നേരത്തേ തന്നെ ആദായ നികുതി വകുപ്പ് വാറണ്ട് നൽകിയിരുന്നു. മൂവരും ബിനാമി പേരിൽ സ്വത്തുക്കൾ വാങ്ങിയതായാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.

രാജേഷ് കുമാർ എന്ന് പേരുള്ള ചാർട്ടേഡ് അക്കൗണ്ടന്റിന്റെ പേരിലാണ് മൂവരും സ്വത്തുക്കൾ വാങ്ങിയതെന്നാണ് സംശയം. ഇയാന്റ നേരത്തേ തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായിരുന്നു.

ജനതാദൾ യുണൈറ്റഡ് നേതാവ് ലാലു പ്രസാദ് യാദവിന്റെയും റാബ്രി ദേവിയുടെയും മകളാണ് മിസ ഭാരതി. പാടലീപുത്രയിൽ നിന്ന് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച മിസ പക്ഷെ രാഷ്ട്രീയ ജനതാദൾ വിമത സ്ഥാനാർത്ഥി രാം കൃപാൽ യാദവിനോട് പരാജയപ്പെട്ടിരുന്നു.

ലാലു പ്രസാദ് യാദവ് നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിൽ ലയിച്ചതോടെയാണ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ