ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ബന്ധുക്കളുടേയും വിശ്വസ്തരുടേയും സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ 281 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണത്തിന്റെ കൈമാറ്റം കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ്. ‘ഡല്‍ഹിയിലെ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ ആസ്ഥാനത്തേക്ക് 20 കോടി രൂപ കൈമാറ്റം ചെയ്തതായി കാണപ്പെട്ടു’ എന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
തിങ്കളാഴ്ച രാത്രിയാണ് പണം ശേഖരിക്കാനായി സംഘടിത ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആദായനികുതി വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചത്.
Read More: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ സഹായികളുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്
നാല് സംസ്ഥാനങ്ങളിലെ 52 കേന്ദ്രങ്ങളിലായിരുന്നു ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. 300 ആദായനികുതി ഉദ്യോഗസ്ഥരാണു റെയ്ഡില്‍ പങ്കെടുത്തത്. 14.6 കോടി രൂപ, 252 കുപ്പി മദ്യം, ആയുധങ്ങള്‍, കടുവയുടെ തോല്‍ എന്നിവ റെയ്ഡില്‍ പിടിച്ചെടുത്തതായി പത്രക്കുറിപ്പില്‍ പറയുന്നു.
അതേസമയം, തിങ്കളാഴ്ച രാത്രി ആദായനികുതി വകുപ്പ് റെയ്ഡില്‍ കണ്ടെത്തിയ പണത്തിന്റെ കണക്ക് പുറത്തുവിടും മുമ്പ്, തിങ്കളാഴ്ച രാവിലെ തന്നെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയ 281 കോടി രൂപയുടെ കണക്ക് ട്വീറ്റ് ചെയ്തു. ‘മധ്യപ്രദേശില്‍ ട്രാന്‍സ്ഫര്‍ എക്‌സ്പ്രസ് പാളം തെറ്റി. ആളപായമില്ല, എന്നാല്‍ ഏകദേശം 281 കോടി രൂപയുടെ നഷ്ടമുണ്ട്,’ എന്നായിരുന്നു ട്വീറ്റ്.
ഇതിനെ ചോദ്യം ചെയ്തു കോണ്‍ഗ്രസ് രംഗത്തെത്തി. ആദായനികുതി വകുപ്പ് പുറത്തുവിടാന്‍ പോകുന്ന കണക്ക് എങ്ങനെയാണു ബിജെപി നേതാവിനു ലഭിച്ചതെന്ന് കമല്‍നാഥിന്റെ മീഡിയ കോഓർഡിനേറ്റര്‍ നരേന്ദര്‍ സലുജ ചോദിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.