ചെന്നെെ: തമിഴ് നടൻ വിജയ്‌യോട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. ഇതുവരെയുള്ള പരിശോധനകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്ന് ആവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. നികുതി വെട്ടിപ്പു കേസുമായി ബന്ധപ്പെട്ട് വിജയ്‌യെ കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് ആദായ നികുതി വകുപ്പിന്റെ നിലപാട്.

എന്നാൽ, ചോദ്യം ചെയ്യലിനു ഹാജരാകാൻ തനിക്കു ചില ബുദ്ധിമുട്ടുകളുണ്ടെന്ന് വിജയ് ആദായ നികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകാൻ വിജയ് കൂടുതൽ സമയം ആവശ്യപ്പെട്ടു. ‘മാസ്റ്റർ’ സിനിമയുടെ ഷൂട്ടിങ് തിരക്കിലായതിനാൽ തനിക്കു ഇപ്പോൾ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നാണ് വിജയ് അറിയിച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ചെന്നൈ ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർക്ക് വിജയ് കത്ത് നൽകിയിട്ടുള്ളതായാണ് റിപ്പോർട്ട്.

Read Also: Kerala Christmas New Year Bumper Lottery 2020: ക്രിസ്മസ് പുതുവത്സര ബംപർ; വിജയികളെ അറിയാം

‘മാസ്റ്റര്‍’ ചിത്രീകരണത്തിനിടെയാണ് നായകന്‍ വിജയ്‌യെ ആദായ വകുപ്പ് ചോദ്യം ചെയ്യാനായി കൊണ്ട് പോയത്. ഇതേ തുടർന്ന് സിനിമയുടെ ഷൂട്ടിങ് നിർത്തിവച്ചിരുന്നു. നെയ്‌വേലിയില്‍ നിന്നും ചെന്നൈയിലേക്കാണ് വിജയ്‌യെ കൊണ്ട് പോയത്. തുടര്‍ന്ന് 35 മണിക്കൂറോളം അദ്ദേഹത്തിന്റെ ചോദ്യം ചെയ്യലും റെയ്ഡും നടന്നു. എന്നാല്‍, വിജയ്‌യുടെ പക്കല്‍ നിന്നും അനധികൃത പണം ഒന്നും കണ്ടെത്തിയില്ല.

ഇതിനോടൊപ്പം തന്നെ വിജയ്‌യുടെ ദീപാവലി റിലീസ് ആയ ‘ബിഗില്‍’ നിര്‍മ്മാതാക്കളുടെ വസതിയിയും അവരുടെ എജിഎസ് ഗ്രൂപ്പ് സ്ഥാപനങ്ങളും ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തു. തുടര്‍ന്ന് ഫിലിം ഫിനാന്‍സ്യര്‍ അന്‍പു ചെഴിയന്റെ സ്ഥാപനങ്ങളിലും തിരച്ചിൽ നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook