തിരഞ്ഞെടുപ്പ് മുന്നോടിയായുള്ള ഡിജിറ്റൽ രംഗത്തെ പരിഷ്കാരങ്ങൾ തുടരുന്നു. കോൺഗ്രസുമായി ബന്ധമുണ്ടായിരുന്നതടക്കം നിരവധി പേജുകളാണ് ഫെയ്സ്ബുക്ക് പിൻവലിച്ചത്. ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള പേജുകളും ഗ്രൂപ്പുകളുമാണ് ഫെയ്സ്ബുക്ക് പിൻവലിച്ചത്. പേജുകളിൽ വന്ന പോസ്റ്റുകളല്ല, ഫെയ്സ്ബുക് നയങ്ങൾ മറികടക്കുകയും വിശ്വസനീയമല്ലാത്ത തരത്തിൽ ഇടപെടുകയും ചെയ്തതാണ് പിൻവലിക്കാൻ കാരണമെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കുന്നു.

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ ഐറ്റി സെല്ലുമായി ലിങ്ക് ചെയ്തിട്ടുള്ള പേജുകളും ഗ്രൂപ്പുകളും പിൻ വലിച്ചിട്ടുണ്ട്. കോൺഗ്രസ് ഐടി സെല്ലുമായി ബന്ധപ്പെട്ട 687 പേജുകളിൽ നിന്നുമായി ഏകദേശം 28 ലക്ഷത്തോളം രൂപയാണ് ഫെയ്സ്ബുക്കിൽ പരസ്യങ്ങൾക്കായി ചെലവാക്കിയിട്ടുള്ളത്. പാക്കിസ്ഥാനിലെ സൈന്യവുമായി ബന്ധമുള്ള മാധ്യമ ശൃംഖഖലയായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് പാക്കിസ്ഥാനിലെ തൊഴിലാളികളുമായി ലിങ്ക് ചെയ്തിരുന്ന അക്കൗണ്ടുകളും ഫെയ്സ്ബുക്ക് പിൻവലിച്ചിട്ടുണ്ട്.

ബിജെപിയുടെ മൊബൈൽ ആപ്പിനെ പിന്തുണയ്ക്കുന്ന ഒരു ഇന്ത്യൻ കമ്പനിയുടെ അക്കൗണ്ടും നീക്കം ചെയ്തിട്ടുണ്ട്.ഇന്ത്യൻ ഐടി മേഖലയിലെ കമ്പനിയുമായി ബന്ധപ്പെട്ട കമ്പനിയുടെ 15 പേജുകളും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു.

അതേസമയം ഔദ്യോഗിക പേജുകൾ നീക്കം ചെയ്തട്ടില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജുകളോ വോളന്റിയര്‍മാരെ അധികാരപ്പെടുത്തിയിട്ടുള്ള ഫെയ്‌സ്ബുക്ക് പേജുകളോ നീക്കം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ കോണ്‍ഗ്രസിന്റേത് എന്ന പേരില്‍ നീക്കം ചെയ്ത പേജുകളേയും അക്കൗണ്ടുകളേയും കുറിച്ചുള്ള വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് അധികൃതരില്‍ നിന്ന് ലഭിക്കാനായി കാത്തിരിക്കുകയാണ്- കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook