ഭോപ്പാൽ: മധ്യപ്രദേശിലെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയത് ബിജെപി നേതൃത്വമാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അവകാശപ്പെടുന്നു എന്ന പേരിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

മാർച്ചിൽ നടന്ന മധ്യപ്രദേശ് സർക്കാരിന്റെ തകർച്ചയ്ക്ക് പങ്കുണ്ടെന്ന കോൺഗ്രസ് ആരോപണങ്ങളെ ബിജെപി ഇതുവരെയും ശക്തമായി നിഷേധിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട ശിവരാജ് സിങ് ചൗഹാനാണ് ആരോപണങ്ങൾ നിഷേധിച്ചതിൽ പ്രധാനി.

Read More: കോവിഡ്: ഡിഎംകെ എംഎൽഎ ജെ.അൻപഴകൻ അന്തരിച്ചു

മധ്യപ്രദേശിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തീരുമാനമെടുത്തത് ബിജെപിയുടെ കേന്ദ്രനേതൃത്വമാണെന്നും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എല്ലാം നശിക്കുമെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നതായാണ് റിപ്പോർട്ട്.

“പറയൂ, ജ്യോതിരാദിത്യ സിന്ധ്യയും തുളസി സിലാവത്തും ഇല്ലാതെ സർക്കാരിനെ സ്ഥാനഭ്രഷ്ടരാക്കാൻ കഴിയുമായിരുന്നോ? മറ്റ് മാർഗമില്ല.” കഴിഞ്ഞ ദിവസം ചൗഹാന്‍ ഇന്ദോറിലെ സന്‍വേര്‍ നിയമസഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെ വച്ച് പാര്‍ട്ടി നേതാക്കളുമായി സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം, അദ്ദേഹത്തിന്റെ വിശ്വസ്തരായ 22 എംഎൽഎമാർ കൂടി രാജിവച്ച് പുറത്തു പോകുകയും, ബിജെപിയിൽ ചേരുകയും ചെയ്തിരുന്നു. ഇതോടെയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിച്ചത്. പത്ത് ദിവസത്തിന് ശേഷം, മാർച്ച് 20 ന്, നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുൻപായി, കമൽ നാഥ് രാജിവയ്ക്കുകയായിരുന്നു.

സെപ്റ്റംബറിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 230 അംഗങ്ങളുള്ള മധ്യപ്രദേശ് നിയമസഭയിൽ നിലവിൽ 206 അംഗങ്ങളുണ്ട്, അതിൽ 107 പേർ ബിജെപിയിൽ നിന്നുള്ളവരാണ്. കോൺഗ്രസിൽ നിന്ന് 92 അംഗങ്ങളുണ്ട്. നാല് സ്വതന്ത്രരും ഒരു സമാജ്‌വാദി പാർട്ടി അംഗവും മൂന്ന് ബിഎസ്‌പി എം‌എൽ‌എമാരും ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook