ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ ആര്‍എസ്എസ് മുന്‍ പ്രചാരകന് ത്രിവേന്ദ്ര സിംഗ് റാവത്ത് അടുത്ത മുഖ്യമന്ത്രിയാകും. ഇന്ന് പാര്‍ട്ടി എം.എല്‍.എമാരുടെ ചേര്‍ന്ന് റാവത്തിനെ പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കുമെന്നാണ് വിവരം. ഇന്നലെയാണ് റാവത്തിനെ പരിഗണിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനമെടുത്തത്. നാളെ വൈകുന്നേരം സത്യപ്രതിജ്ഞ നടക്കും.
ഡോയിവാലയില്‍ നിന്നുള്ള എംഎല്‍എയാണ് ത്രിവേന്ദ്ര സിംഗ് റാവത്ത്. ആര്‍എസ്എസ് പാരമ്പര്യവും, ദിര്‍ഘകാലം മന്ത്രിയായിരുന്നതിന്റെ പരിചയവുമാണ് റാവത്തിന് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴിതെളിച്ചത്. അമിത് ഷായുടെ വിശ്വസ്തനായാണ് 56കാരനായ റാവത്ത് അറിയപ്പെടുന്നത്.
ആര്.എസ്.എസിന്റെ സംസ്ഥാന നേതൃത്വത്തില്‍ പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള റാവത്ത് 1993 മുതല്‍ 2002 വരെ സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. 2002-ല്‍ ആദ്യം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റാവത്ത് ഇത് മൂന്നാം വട്ടമാണ് വിജയിക്കുന്നത്. 2007-2012ല്‍ കൃഷിവകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 57 സീറ്റുകള്‍ നേടിയാണ് അധികാരം ഉറപ്പിച്ചത്. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് 11 സീറ്റിലേയ്ക്ക് ഒതുക്കപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്ത് രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെടുകയും ചെയ്തിരുന്നു.