ലക്നൗ: ഉത്തര്‍പ്രദേശില്‍ അലഞ്ഞ് തിരിയുന്ന പശുക്കളുടെ ശല്യം വര്‍ധിച്ചെന്ന കര്‍ഷകരുടെ പരാതിക്ക് പിന്നാലെ പശുക്കളെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പാര്‍പ്പിക്കുന്നു. സര്‍ക്കാര്‍ സ്കൂളുകളിലും ആശുപത്രി കെട്ടിടങ്ങളിലുമാണ് പശുക്കളെ താത്കാലികമായി പാര്‍പ്പിച്ചിട്ടുളളത്. അലഞ്ഞ് തിരിയുന്ന പശുക്കളെ ഉടന്‍ സംരക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ തന്നെ മുന്‍കൈ എടുത്ത് പശുക്കളെ സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് മാറ്റിയത്. സ്വകാര്യവ്യക്തികള്‍ കൈയടക്കി വെച്ചിരിക്കുന്ന കന്നുകാലി മേച്ചില്‍ പുറങ്ങള്‍ പിടിച്ചെടുക്കണമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം ഉത്തരവിട്ടു.

അലിഗഡ് ജില്ലയിലെ ഇഗ്ലാസിലും ഖൈറിലും ആണ് കൂടുതലായും പശുക്കളെ കെട്ടിടങ്ങളിലേക്ക് മാറ്റിയത്. അതേസമയം പല സ്കൂളുകളിലും പശുക്കള്‍ കയറിയത് കാരണം പൂട്ടിയിട്ടതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് ജില്ലാ അധികാരികള്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തി. എന്നാല്‍ പശുക്കളെ വീടുകളില്‍ പാര്‍പ്പിക്കാനുളള സൗകര്യമില്ലെന്നാണ് കര്‍ഷകര്‍ അറിയിച്ചത്. പശുക്കളുടെ കറവ വറ്റിയാല്‍ ഇവയെ ഉപേക്ഷിക്കുകയല്ലാതെ കര്‍ഷകര്‍ക്ക് മറ്റ് വഴികളില്ല. വരുമാനം ലഭിക്കാതെ പശുക്കളുടെ ആഹാരത്തിനും സംരക്ഷണത്തിനും എങ്ങനെ പണം ചെലവഴിക്കാനാവുമെന്നാണ് ഇവരുടെ ചോദ്യം.

അനധികൃതമായി പശുക്കളെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പാര്‍പ്പിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രഭൂഷണ്‍ പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും മജിസ്ട്രേറ്റ് മുന്നറിയിപ്പ് നല്‍കി. എല്ലാ പഞ്ചായത്തുകളിലും പൊതു കന്നുകാലി തൊഴുത്തുകള്‍ പണിയുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

പാല്‍ വറ്റിപ്പോകുന്ന പശുക്കളെ ഉപേക്ഷിക്കുന്ന കര്‍ഷകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തപ്പാലിലെ സര്‍ക്കാര്‍ കന്നുകാലി തൊഴുത്തിലേക്ക് പശുക്കളെ കൊണ്ടുവരികയായിരുന്ന വാഹനം ഗോരക്ഷാ പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. ഇവരുടെ ആക്രമത്തില്‍ ഒരു പശു ചത്തതായി റൂറല്‍ എസ്പി മോഹന്‍ലാല്‍ പട്ടിദാര്‍ പറഞ്ഞു. അലഞ്ഞ് തിരിയുന്ന പശുക്കളെ സംരക്ഷിക്കാനായാണ് കൊണ്ടുപോവുന്നതെന്ന് പറഞ്ഞെങ്കിലും യുവാക്കള്‍ വാഹനം അക്രമിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ