ലക്നൗ: ഉത്തര്‍പ്രദേശില്‍ വോട്ടുചെയ്യാൻ എത്തുന്ന ബുർഖ ധരിച്ച സ്ത്രീകളെ പരിശോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. തെരഞ്ഞെടുപ്പിന്റെ ആറ്, എട്ട് ഘട്ടങ്ങളില്‍ പരിശോധനയ്ക്കായി വനിതാ പൊലീസുകാരെ വിന്യസിക്കണമെന്നാണ് ബിജപിയുടെ ആവശ്യം.

പരിശോധന നടത്തിയില്ലെങ്കില്‍ കള്ളവോട്ടിന് സാധ്യതയുണ്ടെന്നാണ് ബിജപി വാദം. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ജെപിഎസ് റാത്തോര്‍ ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും, മുഖ്യ ഇലക്ടറല്‍ ഓഫീസര്‍ക്കും കത്ത് അയച്ചിട്ടുണ്ട്. പ്രശ്നസാധ്യതയുള്ള ബൂത്തുകളിൽ പ്രത്യേക സേനയെ വിന്യസിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്.

പോളിംഗ് ബൂത്തിന് സമീപം വനിതാ പൊലീസുകാരെ വിന്യസിക്കാത്തത് കാരണം പരിശോധനയും നടക്കാറില്ലെന്ന് റാത്തോര്‍ ആരോപിച്ചു. ബൂത്തില്‍ ചുമതലയുള്ള ഓഫീസര്‍ക്ക് ബുര്‍ഖ ധരിച്ചെത്തിയ ആരേയെങ്കിലും സംശയം തോന്നിയാലും പരിശോധനയ്ക്ക് മുതിരാറില്ലെന്ന് റാത്തോര്‍ പറയുന്നു. വനിതാ പൊലീസുകാര്‍ ഇല്ലാത്തത് കൊണ്ടാണ് ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

എന്നാൽ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം കഴിഞ്ഞപ്പോൾ പരാജയം നേരിടുമെന്ന് തിരിച്ചറിഞ്ഞ നിരാശയാണ് ബിജെപി കാണിക്കുന്നതെന്ന് ശിവസേന പരിഹസിച്ചു. മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ