ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറുവശത്ത് നിന്നും ഒട്ടും സന്തോഷമില്ലാതെ ദില്‍ഷാദ് ഖാന്‍ നര്‍വിയുടെ ശബ്ദം “അതേ അതേ, ഞാനാണ് നര്‍വി തന്നെയാണ് സംസാരിക്കുന്നത്. എന്റെ പശുവിനെ വാങ്ങാന്‍ നിങ്ങള്‍ക്ക് താത്പര്യമുണ്ടോ ?”

വാരാണസിയിലെ സുന്ദര്‍പൂരില്‍ നിന്നാണ് നര്‍വി സംസാരിക്കുന്നത്. ഒരാഴ്ച്ച മുന്നേയാണ്‌ തന്റെ പശുക്കിടാവിനെ വില്‍ക്കാനുണ്ട് എന്നും പറഞ്ഞുകൊണ്ട് നര്‍വി ഒഎല്‍എക്സില്‍ (OLX) പരസ്യം നല്‍കിയത്. പിറന്നുവീണ മുതല്‍ കിടാവ് നര്‍വിയുടെ കൂടെയാണ്. പക്ഷെ ഒഴിവാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ കാരണം നര്‍വി അതിനെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
olx

വസ്തുക്കള്‍ വാങ്ങുവാനും വില്‍ക്കുവാനുമുള്ള ഇ കൊമേഴ്സ്‌ പ്ലാറ്റ്ഫോമായ ഒ എല്‍ എക്സില്‍
മാര്‍ച്ച് 2017നു മുന്നേ പശുവിനെ വില്‍ക്കാനുണ്ട് എന്ന പേരില്‍ വളരെക്കുറച്ച് പരസ്യങ്ങളെ വന്നിരുന്നുള്ളൂ. എന്നാല്‍ മാര്‍ച്ചിനു ശേഷം ഇത്തരത്തിലുള്ള പരസ്യങ്ങളുടെ ആധിക്യമാണ് കണ്ടു വരുന്നത്. ദാദ്രി, വാരാണസി, ബിജ്ഞോര്‍, ബുലന്ദ്ഷഹര്‍ തുടങ്ങി ഉത്തര്‍പ്രദേശിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ വരുന്നുണ്ട്.
ഓണ്‍ലൈന്‍ പശുവിപണനത്തില്‍ പെട്ടെന്ന് സംഭവിച്ച ഈ ആധിക്യത്തിനു രണ്ടു കാരണമാണ് കാണാന്‍ സാധിക്കുന്നത്. ഒന്ന് സംസ്ഥാനത്ത് മാറിവന്ന രാഷ്ട്രീയ സാഹചര്യമാണ്. തിരഞ്ഞെടുപ്പിന് ശേഷം ഗോരഖ്പൂരിലെ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി ആരോഹണം ചെയ്തു എന്നതാണ് ഈയൊരു സാഹചര്യത്തിലേക്ക് വഴി തെളിച്ച ഒരു പ്രധാന കാരണം. മുഖ്യമന്ത്രിയായതില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിയമവിരുദ്ധ അറവു ശാലകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും ഉത്തര്‍ പ്രദേശിലെ മാംസ വ്യവസായ യൂണിറ്റുകള്‍ക്ക് പരോക്ഷനിരോധനം ഏര്‍പ്പെടുത്തിയും മാംസവ്യവസായത്തെ പ്രതികൂല സാഹചര്യങ്ങളിലേക്ക് തള്ളിവിട്ടിരിക്കുകയാണ് യോഗി. ഇതിനുപുറമേ ഉത്തരേന്ത്യയില്‍ വ്യാപിക്കുന്ന സ്വയംപ്രഖ്യാപിത ഗോരക്ഷാ സംഘങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയും ചെറുതല്ല. പശുക്കള്‍ക്ക് ‘ഭീഷണി’ ആവുന്നു എന്നപേരില്‍ ഏതു നിമിഷവും ആരും ആക്രമിക്കപ്പെടാം എന്ന സ്ഥിതിയാണ് ഇന്ന് ഉത്തര്‍ പ്രദേശില്‍ ഉള്ളത്.

രാഷ്ട്രീയ മഹിളാ പോളി ടെക്നിക്കില്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന നര്‍വി വളരെ ശ്രദ്ധേയോടെയാണ് വാക്കുകള്‍ ഉപയോഗിക്കുന്നത്. ആദ്യമാദ്യം നര്‍വി പറഞ്ഞത് പശുവിനെ വില്‍ക്കുക എന്ന തീരുമാനം തിരച്ചും വ്യക്തിപരമാണ് എന്നായിരുന്നു. “പശുവിനെ വളര്‍ത്തുന്നതില്‍ ഞാന്‍ പല പ്രശ്‌നങ്ങളും  നേരിടുന്നുണ്ട്. എന്‍റെ കുടുംബത്തിലെ എല്ലാവരും അതിനെ വില്‍ക്കണം എന്ന് അഭിപ്രായപ്പെടുന്നു.” നര്‍വി പറഞ്ഞു. കുറച്ചുകൂടെ ചോദിച്ചപ്പോള്‍ തെല്ലു സംശയത്തോടെ അദ്ദേഹം പറഞ്ഞു “അധികകാലം ഈ പശുക്കിടാവിനെ നിലനിര്‍ത്താന്‍ സാധിക്കും എന്ന്  എനിക്ക് തോന്നുന്നില്ല. ഇവിടെ ധാരാളം പ്രശ്നങ്ങളുണ്ട്. അതിനെ കൂടെ വളർത്തുന്നതിൽ എനിക്ക് വല്ലാത്ത അസാധാരണത്വം അനുഭവപ്പെടുന്നു.”

എന്തിരുന്നാലും, ഒ എല്‍ എക്സിലെ പരസ്യത്തിനു ശേഷവും നര്‍വിക്ക് തത്പരകക്ഷികളായ ഒരാളെപ്പോലും ലഭിക്കുകയുണ്ടായില്ല.

ഉത്തര്‍പ്രദേശില്‍ സാമ്പ്രദായികമായ കാലിവിപണനം നാടകീയമായി തകര്‍ന്നടിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. കാലികളെ വിപണിയില്‍ നിന്നും വാങ്ങുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിരിക്കുന്നു എന്ന്  ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. “കഴിഞ്ഞയാഴ്ച്ചയും ഞാന്‍ ഒരു പശുവിനേയും കിടാവിനേയും വില്‍ക്കാന്‍ ചന്തയിലേക്ക് പോവുകയുണ്ടായി. എന്നാല്‍ വാങ്ങാന്‍ ആരുമില്ല എന്നതിനാല്‍ ഞാന്‍ തിരിച്ചു അവയെയും കൂട്ടി മടങ്ങേണ്ടിവന്നു. ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ നിയമവിരുദ്ധ അറവുശാലകള്‍ എന്ന പേരിലുളള നിരോധനം വന്നതോടെ  കാലികളെ വാങ്ങുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുസംഭവിച്ചിട്ടുണ്ട്. ” ഈ റിപ്പോര്‍ട്ടില്‍ കാലി വില്‍പനക്കാരനായ ഗോവിന്ദ് സിംഗ് പറയുന്നു. അതുകൊണ്ടുതന്നെ ‘ഇ-ഗോരക്ഷകര്‍’ ഇല്ലാത്തടുത്തോളം കാലം ഓണ്‍ലൈനില്‍ പശുവിനെ വില്‍ക്കുക എന്നത് കൂടുതല്‍ സുരക്ഷിതമായ മാര്‍ഗ്ഗമാണ്.

നര്‍വിയുടെ ഗ്രാമത്തില്‍ നിന്നും ഏതാനും കിലോമീറ്റര്‍ അകലെ വാരാണസിയിലെ ഹരി നാരായന്‍ ഗുപ്ത എന്ന അറുപതു വയസ്സുകാരന്‍ രണ്ടു ദിവസം മുന്നേയാണ്‌ തന്‍റെ പശുവിനേയും കിടാവിനേയും വില്‍ക്കാനുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഒ എല്‍ എക്സില്‍ പരസ്യം കൊടുക്കുന്നത്. “പരസ്യം പോസ്റ്റ്‌ ചെയ്തതിനു ശേഷം വാങ്ങാന്‍ താത്പര്യമുണ്ട് എന്നറിയിച്ചുകൊണ്ട് രണ്ടോ മൂന്നോ പേര്‍ എന്നെ ഫോണില്‍ ബന്ധപ്പെടുകയുണ്ടായി.” അദ്ദേഹം പറഞ്ഞു. “മുന്‍പ് ഓണ്‍ലൈനില്‍ എന്‍റെ കാര്‍ വില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചപ്പോഴും എനിക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. അതുകൊണ്ട് പശുവിനെ വില്‍ക്കുന്നതും ഓണ്‍ലൈനില്‍ നടക്കുമെന്ന് ഞാന്‍ കരുതുന്നു”

എന്തിരുന്നാലും, ഗുപ്ത തന്റെ സമുദായത്തില്‍ പെട്ടൊരാള്‍ക്ക് മാത്രമേ പശുവിനെ വില്‍ക്കുകയുള്ളൂ എന്ന് ഉറപ്പിച്ചു പറയുന്നു. “ഒരു മുസ്ലീമിനു പശുവിനെ വില്‍ക്കാന്‍ എനിക്ക് ഒരു താത്പര്യവുമില്ല. പശുവിനെകൊണ്ട് ആർക്കൊക്കെ എന്തൊക്കെ ഉദ്ദേശങ്ങള്‍ ഉണ്ട് എന്ന് എനിക്ക് നല്ലപോലെ അറിയാം. അവര്‍ക്ക് പശുവിന്‍റെ പാലാണോ വേണ്ടത് അതോ പശുവിനെ അറുക്കുകയാണോ വേണ്ടത് എന്ന്
എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഞാന്‍ പറയട്ടെ, പശുവിനെ അറുക്കാം എന്ന താത്പാര്യവും വെച്ച് ആരെങ്കിലും എന്റെയടുത്ത് പശുവിനെ വാങ്ങാന്‍ വരികയാണ് എങ്കില്‍ അവരുടെ തല ഞാന്‍ തല്ലി ഉടക്കും.” ഗുപ്ത അരിശത്തോടെ ഭീഷണിമുഴക്കുന്നു . “ഒരു ഹിന്ദുവിനു മാത്രമേ ഞാന്‍ എന്‍റെ പശുവിനെ വില്‍ക്കുകയുള്ളൂ.” അയാള്‍ പറഞ്ഞു.

ബിജ്നോറിലെ മറ്റൊരു വില്‍പനക്കാരനായ സുശീല്‍ കുമാര്‍ ശര്‍മ ഈയടുത്താണ് ഓണ്‍ലൈന്‍ വില്‍പനയെക്കുറിച്ച് അറിയുന്നത്. ആദ്യമായിട്ടാണ് അദ്ദേഹം പശുവിനെ ഓണ്‍ലൈനിൽ വില്‍ക്കാന്‍ ശ്രമിക്കുന്നതും. “എന്റെ ധാരാളം സുഹൃത്തുകള്‍ പശുവിനെ ഓണ്‍ലൈനില്‍ വിറ്റിറ്റുണ്ട്. അവരില്‍ നിന്നാണ് എനിക്ക് ഈ ആശയം കിട്ടുന്നത്. ഇത് പരീക്ഷിക്കാന്‍ പറ്റിയൊരു ആശയമാണ് എന്ന്  എനിക്ക് തോന്നി.” ഒഎല്‍എക്സില്‍ പരസ്യം പ്രസിദ്ധീകരിച്ചതു മുതല്‍ സുശീല്‍ കുമാറിനെ തേടി റൂര്‍ക്കിയില്‍ നിന്നും ഹരിദ്വാരില്‍ നിന്നും ബിജ്നോറില്‍ നിന്നു തന്നെയും ഫോണ്‍ കോളുകള്‍ പതിവായിരിക്കുകയാണ്.

olx
ആല്‍വാറിലെ ക്ഷീരകര്‍ഷനായ പെഹ്ലു ഖാന്‍ പശുക്കളെ വാങ്ങി സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടയില്‍ ഗോരക്ഷകരുടെ അക്രമത്തില്‍ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം പശുക്കളെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുക എന്നത് പലരേയും അലട്ടുന്ന വിഷയമായിരിക്കുകയാണ്.

എന്നിരുന്നാലും, അത്തരത്തില്‍ ഒരു വിഷയം ഉണ്ടാകില്ല എന്നാണ് ശര്‍മ അഭിപ്രായപ്പെടുന്നത്. റൂര്‍ക്കിയിൽ  നിന്നുമുള്ള ഒരാള്‍ തന്‍റെ പശുവിനെ വാങ്ങാന്‍ ആഗ്രഹിക്കുകയാണ് എങ്കില്‍ എന്ത് എന്ന് ചോദിച്ചപ്പോള്‍. “നിങ്ങള്‍ പശുവിനെ വാങ്ങിയത് അറവുശാലകള്‍ക്ക് കൊടുക്കാനാണ് എങ്കില്‍ മാത്രമേ ഗോരക്ഷകര്‍ നിങ്ങളെ ആക്രമിക്കുകയുള്ളൂ. അതാണ്‌ ആല്‍വാറിലും സംഭവിച്ചത്. അവര്‍ പശുവിനെ അറുക്കാനായി കൊണ്ടുപോവുകയായിരുന്നു.” നിസ്സാരമല്ലാത്ത തെറ്റിദ്ധാരണകള്‍ വെച്ചു പുലര്‍ത്തികൊണ്ട് ശര്‍മ പറഞ്ഞു. “പാലിനുവേണ്ടി പശുവിനെ എടുക്കുന്ന ഒരാളെയും ആരും പിടിച്ചുവെക്കില്ല. എന്‍റെയടുത്തു നിന്നും പശുവിനെ വാങ്ങുന്നയാള്‍ക്ക്, പാല്‍ചുരത്തുന്ന പശുവിനെ എന്‍റെ സമ്മതത്തോടെയാണ് നല്‍കിയിരിക്കുന്നത് എന്ന് പറയുന്ന രേഖകളും ഞാന്‍ നല്‍കും.” ശര്‍മ പറയുന്നു. ഒ എല്‍ എക്സില്‍ പരസ്യം ചെയ്ത മുതല്‍ പശുവിനെ വാങ്ങാന്‍ താത്പര്യമുണ്ട് എന്ന് പറഞ്ഞുകൊണ്ട് കുറഞ്ഞത് എട്ടു- ഒമ്പത് പേര്‍ ശര്‍മയെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.

READ MORE :ക്ഷീരകര്‍ഷകനെ കൊന്ന് പശുസംരക്ഷണത്തിന്റെ ഒരു രാജസ്ഥാൻ മാതൃക

രസകരമായ മറ്റൊരു വസ്തുത, ഒ എല്‍ എക്സിന്റെ ഒഫീഷ്യല്‍ പോളിസി കാലി വിപണനം അംഗീകരിക്കുന്നില്ല എന്നതാണ്. വെബ്സൈറ്റ് ഇങ്ങനെ പറയുന്നു “മൃഗങ്ങളുടെ കൂട്ടത്തില്‍ ഞങ്ങള്‍ അനുവദിക്കുന്നത് പട്ടി, പൂച്ച, മത്സ്യങ്ങള്‍, ബോവിനി, പന്നി, മുയല്‍ ഹാംസ്റ്റര്‍, ഗിന്നി പന്നി, ആട് എന്നിവയെ മാത്രമാണ്.”

മറ്റു ഈ കൊമേഴ്സ്‌ സൈറ്റായ ക്വിക്കറും (Quickr) മൃഗങ്ങളെ വില്‍ക്കുന്നത് അനുവദിക്കുന്നുണ്ട്. എന്നാല്‍ ക്വിക്കറിന്‍റെ പോളിസികള്‍ ഇതിലും കര്‍ശനമാണ്. പട്ടിയുടേയും പൂച്ചയുടേയും വില്പനയെ മാത്രമാണ് ക്വിക്കാര്‍ അനുവദിക്കുന്നത്. അതും ‘അത്യപൂര്‍വ്വങ്ങളല്ല’ എന്ന ഉറപ്പോടെ. നര്‍വി ഗുപ്ത, ശര്‍മ എന്നിവരെപോലെ പലരും ഇപ്പോള്‍ കാലിവിപണനത്തെ ഓണ്‍ലൈനിലേക്ക് മാറ്റിയിരിക്കുകയാണ്. എന്തിരുന്നാലും, ഇവര്‍ക്കാര്‍ക്കും തന്നെ ഇതുവരെ തങ്ങളുടെ പശുക്കളെ വില്‍ക്കാന്‍ സാധിച്ചിട്ടില്ല.

 

READ ABOUT : ബിജെപിയും മാംസവും; തീന്‍മേശയിലെ രാഷ്ട്രീയം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook