ലക്‌നൗ: മേൽജാതിക്കാരിയായ സ്ത്രീയുടെ വീട്ടിലെ ബക്കറ്റ് അറിയാതെ തൊട്ടതിന് ഗർഭിണിയായ ദലിത് സ്ത്രീയെ ക്രൂരമായി മർദ്ദിച്ചു കൊന്നു. എട്ടു മാസം ഗർഭിണിയായിരുന്ന സാവിത്രി ദേവി എന്ന സ്ത്രീയാണ് മരിച്ചത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയില ഖത്തേൽപൂർ ഭൻസോലിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ഉന്നതജാതിക്കാരുടെ കുടുംബത്തില്‍നിന്ന് മാലിന്യം ശേഖരിക്കുന്നതായിരുന്നു സാവിത്രി ദേവിയുടെ ഉപജീവനമാര്‍ഗം. ഒക്ടോബര്‍ 15 ന് ഠാക്കൂര്‍ സമുദായത്തിൽപ്പെട്ട ഒരാളുടെ വീട്ടിൽനിന്നും മാലിന്യം ശേഖരിക്കുകയായിരുന്നു സാവിത്രി. ഇതിനിടയിൽ സാവിത്രിയുടെ സമീപത്തുകൂടി ഒരു റിക്ഷ പോയപ്പോൾ നില തെറ്റി സമീപത്തെ മറ്റൊരു ഉയർന്ന ജാതിക്കാരിയായ അഞ്ജുവിന്റെ വീട്ടിലെ ബക്കറ്റിൽ കൈ തൊട്ടു. ഇതാണ് മർദ്ദനത്തിന് കാരണമായത്.

സാവിത്രിയുടെ കൈ ബക്കറ്റിൽ സ്പർശിച്ചതുകണ്ട അഞ്ജു രോഷത്തോടെ അടുത്തേക്ക് എത്തുകയും സാവിത്രിയുടെ വയറ്റിൽ തുടരെതുടരെ ഇടിക്കുകയും തല ചുവരിൽ ഇടിക്കുകയും ചെയ്തതായി സംഭവത്തിന് ദൃക്സാക്ഷിയായ സാവിത്രിയുടെ അയൽവാസി കുസുമ ദേവി (46) പറഞ്ഞു. സാവിത്രി തന്റെ ബക്കറ്റിനെ അശുദ്ധമാക്കിയെന്ന് അഞ്ജു പറഞ്ഞുകൊണ്ടേയിരുന്നു. അഞ്ജുവിനു പിന്നാലെ അവരുടെ മകൻ രോഹിത്തും അമ്മയ്ക്ക് ഒപ്പം ചേരുകയും വടി ഉപയോഗിച്ച് സാവിത്രിയെ മർദ്ദിച്ചതായും കുസുമ പറഞ്ഞു.

സാവിത്രിയുടെ ഒൻപതു വയസ്സുളള മകൾ മനീഷയും സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്നു. അമ്മയെ മർദ്ദിക്കുന്നതു കണ്ടപ്പോൾ അവൾ എന്റെ അടുത്ത് ഓടി വന്നു സഹായം അഭ്യർഥിച്ചു. ഞാനും മറ്റു ചില സ്ത്രീകളും കൂടി അവിടെ ചെന്നു. അപ്പോഴും അമ്മയും മകനും ചേർന്ന് സാവിത്രിയെ മർദ്ദിക്കുന്നുണ്ടായിരുന്നു. കുറേ നേരത്തെ ശ്രമത്തിനുശേഷമാണ് അവരിൽനിന്നും സാവിത്രിയെ രക്ഷിച്ചതെന്നും കുസുമ പറഞ്ഞു.

ഉയർന്ന ജാതിക്കാരായ 5 പേരുടെ വീടുകളിൽ മാലിന്യം ശേഖരിക്കുന്നതിന് 100 രൂപയാണ് സാവിത്രിക്ക് ലഭിച്ചിരുന്നത്. അതിൽ അഞ്ജുവിന്റെ വീടില്ല.

മർദ്ദനമേറ്റതിനുപിന്നാലെ സാവിത്രിയ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയതായും എന്നാൽ അവർ അവളെ ചികിൽസിക്കാൻ തയാറായില്ലെന്നും ഭർത്താാവ് ദിലീപ് കുമാർ (30) പറഞ്ഞു. സാവിത്രിയുടെ ശരീരത്തിനു പുറമേ രക്തസ്രാവം ഒന്നും ഇല്ലായിരുന്നു. അതിനാൽ തന്നെ അവൾക്ക് ഒരു കുഴപ്പവുമില്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഞാൻ അവളെ തിരികെ വീട്ടിലേക്ക് കൊണ്ടു പോയി. വിശ്രമിക്കാൻ പറഞ്ഞു. പക്ഷേ അവൾ കടുത്ത തലവേദനയും വയറു വേദനയും അനുഭവപ്പെടുന്നതായി എന്നോട് നിരന്തരം പറഞ്ഞു. ഭാര്യയെ മർദ്ദിച്ചത് എന്തിനാണെന്ന് അഞ്ജുവിന്റെ വീട്ടിൽ ചെന്നു ചോദിച്ചപ്പോൾ അവർ ഭീഷണിപ്പെടുത്തി. തുടർന്നാണ് ഒക്ടോബർ 18 ന് പൊലീസ് പരാതി നൽകിയതെന്നും ദിലീപ് പറഞ്ഞു. പക്ഷേ പൊലീസ് കേസെടുക്കാൻ തയാറായില്ല. എനിക്കെന്റെ ഭാര്യയെയും മകനെയും നഷ്ടപ്പെട്ടു. എന്നിട്ടും ആരെയും അറസ്റ്റ് ചെയ്തില്ലെന്നും അയാൾ പറഞ്ഞു.

ദിലീപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സാവിത്രിയെ പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോൾ പരുക്കുകൾ ഒന്നും കണ്ടില്ല. അതിനാലാണ് കേസ് റജിസ്റ്റർ ചെയ്യാതിരുന്നതെന്ന് കോട്‍‌വാലി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ തപേശ്വർ സാഗർ പറഞ്ഞു. പിന്നീട് ഒക്ടോബർ 20 ന് ഗ്രാമത്തിൽ എത്തി സംഭവത്തിന് ദൃക്സാക്ഷിയായവരോട് ചോദിച്ചപ്പോഴാണ് സാവിത്രിയെ അഞ്ജുവും മകനും ചേർന്ന് മർദ്ദിച്ചുവെന്ന് ബോധ്യപ്പെട്ടത്. പിന്നീട് കേസ് റജിസ്റ്റർ ചെയ്തുവെന്നും അദ്ദഹം പറഞ്ഞു.

മർദ്ദനമേറ്റ് ആറു ദിവസത്തിനുശേഷം സാവിത്രിയുടെ നില ഗുരുതരമാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും സാവിത്രി മരിച്ചിരുന്നു. സാവിത്രിയുടെ ഉദരത്തിലുണ്ടായിരുന്ന ആണ്‍കുഞ്ഞും മരിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. സാവിത്രിക്ക് ആറു വയസ്സുകാരിയായ പ്രീതി എന്ന ഒരു മകൾ കൂടിയുണ്ട്. നിലവില്‍ അഞ്ജുവും മകനും ഒളിവിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ