ന്യൂഡല്‍ഹി: ബിജെപിയുമായി താന്‍ ബന്ധപ്പെട്ടു എന്ന ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയം വിടുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്. തമിഴ്നാട്ടില്‍ സഖ്യം രൂപീകരിക്കാന്‍ സ്റ്റാലിന് തങ്ങളുമായി ബന്ധപ്പെട്ടിരുന്നു എന്ന ബിജെപി സംസ്ഥാന അധ്യക്ഷ തമിഴസൈ സൗന്ദരരാജന്റെ ആരോപണത്തെ സ്റ്റാലിന് നിഷേധിച്ചു. ആരോപണം തെളിയിക്കുകയാണെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് പറഞ്ഞ സ്റ്റാലിന് ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്തു.
“സഖ്യം രൂപീകരിക്കാന്‍ ബിജെപിയുമായി ബന്ധപ്പെട്ടു എന്ന് തമിഴസൈ സൗന്ദരരാജനും മോദിക്കും തെളിയിക്കാന്‍ സാധിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും. എന്നാല്‍, ആരോപണം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തമിഴസൈയും മോദിയും രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണോ” – സ്റ്റാലിന് ചോദിച്ചു.
Read More: മഴ പെയ്യുമ്പോഴൊക്കെ റഡാറില്‍ നിന്ന് വിമാനങ്ങള്‍ അപ്രത്യക്ഷമാകാറുണ്ടോ?; മോദിയെ പരിഹസിച്ച് രാഹുൽ
തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഹകരിക്കാന്‍ ഡിഎംകെ ബന്ധപ്പെട്ടിരുന്നു എന്ന് നേരത്തെ തമിഴസൈ അവകാശപ്പെട്ടിരുന്നു. ഇതിനു മറുപടിയുമായാണ് സ്റ്റാലിന് രംഗത്തെത്തിയത്. ടിആര്‍എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവു ചെന്നൈയിലെത്തി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണവുമായി ബിജെപി രംഗത്തെത്തിയത്.
ഒരു വശത്ത് സ്റ്റാലിന് കോണ്‍ഗ്രസുമായി ബന്ധം പുലര്ത്തു എന്നും മറുവശത്ത് മോദിയുമായി ബന്ധപ്പെടുന്നു എന്നുമാണ് തമിഴസൈ ആരോപിച്ചത്. ഡിഎംകെയുടെ നിറം മാറിയെന്ന കാര്യം എല്ലാവര്ക്കും അറിയാമെന്നും തമിഴസൈ പറഞ്ഞു. ഒരേ സമയം മൂന്ന് വഞ്ചിയിലും കാലിടാന്‍ ഡിഎംകെക്ക് മാത്രമേ സാധിക്കൂ എന്നും തമിഴസൈ ആരോപിച്ചു.
Read More Lok Sabha Election 2019 News
ബിജെപിയുടെ ആരോപണങ്ങളെ തമിഴ്നാട്ടിലെ ഡിഎംകെ സഖ്യത്തിലുള്ള കോണ്‍ഗ്രസും തള്ളി കളഞ്ഞു. നിരാശ കാരണമാണ് ബിജെപി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഭയം കാരണമാണ് ബിജെപി ഇങ്ങനെയെല്ലാം പറയുന്നത് എന്നും തമിഴ്നാട്ടിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ്.അഴഗിരി പറഞ്ഞു.